ഗുജറാത്തിലെ മച്ചു നദിയിൽ തൂക്കുപാലം തകർന്നു വീണു; രക്ഷാപ്രവർത്തനം തുടരുകയാണ്
text_fieldsമോർബി: ഗുജറാത്തിലെ മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലം തകർന്നു വീണു. നിരവധി പേർക്ക് പരിക്കേറ്റു. ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. നദിയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
ഞായറാഴ്ച വൈകീട്ട് മോർബി ഏരിയയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതായി വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. അഞ്ച് ദിവസം മുമ്പാണ് നവീകരിച്ച തൂക്കുപാലത്തിൽ പ്രവേശനം അനുവദിച്ചത്.
തകർന്ന പാലത്തിൽ നിന്ന് നാന്നൂറോളം പേർ നദിയിൽ വീണതായാണ് റിപ്പോർട്ട്. അപകട സമയത്ത് നിരവധി സ്ത്രീകളും കുട്ടികളും തൂക്കുപാലത്തിൽ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു.
പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പുവരുത്താൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി ഭൂപേന്ദർ പട്ടേൽ അറിയിച്ചു. ദുരന്തത്തിൽ താൻ അതീവ ദുഃഖിതനാണ്. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ സംബന്ധിച്ച് ജില്ലാ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഒക്ടോബർ 14ന് കനത്ത മഴയിൽ തൂക്കുപാലം തകർന്നതിനെ തുടർന്ന് ദക്ഷിണ ഗോവയിലെ ദൂദ്സാഗർ വെള്ളച്ചാട്ടത്തിൽ നിന്ന് 40ലധികം വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തിയിരുന്നു. ഗോവ-കർണാടക അതിർത്തിയിൽ പെയ്യുന്ന മഴയാണ് വെള്ളച്ചാട്ടത്തിലെ ജലനിരപ്പ് ഉയരാൻ ഇടയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

