എസ്.എസ്.എഫ് സംവിധാൻ യാത്രക്ക് ഉജ്ജ്വല സമാപനം
text_fieldsഎസ്.എസ്.എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച സംവിധാൻ റാലിയുടെ സമാപന ചടങ്ങിനെത്തിയ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ സ്വീകരിക്കുന്നു. കർണാടക സ്പീക്കർ യു.ടി. ഖാദർ സമീപം
ബംഗളൂരു: എസ്.എസ്.എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച സംവിധാൻ യാത്രക്ക് ബംഗളൂരുവിൽ ഉജ്ജ്വല സമാപനം. ‘നമ്മൾ ഇന്ത്യൻ ജനത’ തലക്കെട്ടിൽ രാജ്യത്തെ 22 സംസ്ഥാനങ്ങളിലൂടെ പര്യടനം നടത്തിയ യാത്രക്ക് ഞായറാഴ്ച ബംഗളൂരു പാലസ് മൈതാനിയിൽ പരിസമാപ്തിയായി.
എസ്.എസ്.എഫ് ഗോൾഡൻ ഫിഫ്റ്റിയോടനുബന്ധിച്ച് കർണാടക ഘടകം സംഘടിപ്പിച്ച സമ്മേളനവേദിയിൽ നടന്ന സമാപന സമ്മേളനം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് എല്ലാവർക്കും സമാന അവകാശങ്ങളാണുള്ളതെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. സഹവർത്തിത്വവും സഹിഷ്ണുതയുമാണ് ഭരണഘടനയുടെ മൂല ആശയം.
ഭരണഘടനയിൽ ചെറിയവരെന്നോ വലിയവരെന്നോ ഇല്ല. എല്ലാവരും ഒരമ്മയുടെ മക്കളെന്നപോലെ ഇന്ത്യയിൽ കഴിയേണ്ടവരാണ്. എല്ലാവരുടെയും സഹായത്താലാണ് കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽവന്നതെന്നും അതിന് കർണാടകയിലെ എല്ലാ മനുഷ്യരോടും നന്ദി പറയുന്നതായും സിദ്ധരാമയ്യ പറഞ്ഞു. എല്ലാവർക്കും കർണാടകയിൽ സമാധന പൂർണമായ ജീവിതം ഉറപ്പുവരുത്താൻ സർക്കാർ ബാധ്യസ്ഥമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം 13ന് ജമ്മു കഷ്മീരിലെ ശ്രീനഗറില്‍നിന്ന് പ്രയാണമാരംഭിച്ച് 22 സംസ്ഥാനങ്ങളില്‍ പര്യടനം നടത്തിയ ദേശീയ നേതാക്കളുടെ സംഘം ബെംഗളൂരുവില്‍ എത്തിയതോടെയാണ് യാത്ര പൂര്‍ണമായത്. ദേശീയ പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി, ജനറല്‍ സെക്രട്ടറി നൗഷാദ് ആലം മിസ്ബാഹി, സുഹൈറുദ്ദീന്‍ നൂറാനി വെസ്റ്റ് ബംഗാള്‍, സി.പി. ഉബൈദുല്ല സഖാഫി, ഫഖീഹുല്‍ ഖമര്‍ സഖാഫി ബിഹാര്‍, ഖാജാ സഫര്‍ മദനി ഡല്‍ഹി തുടങ്ങിയ ദേശീയ നേതാക്കളാണ് 31 ദിവസം നീണ്ട യാത്രക്ക് നേതൃത്വം നല്‍കിയത്.
ചടങ്ങിൽ കർണാടക സ്പീക്കർ യു.ടി. ഖാദർ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രി സമീർ അഹമ്മദ്ഖാൻ, ടി.എൻ. പ്രതാപൻ എം.പി, എൻ.എ. ഹാരിസ് എം.എൽ.എ, സലിം അഹമ്മദ് എം.എൽ.സി, തമിഴ്നാട് ന്യൂനപക്ഷ മന്ത്രി കെ.എസ്. മസ്താൻ, സുന്നി ജംഇയ്യത്തുൽ ഉലമ ദേശീയ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, ജെ.ഡി-എസ് കർണാടക പ്രസിഡന്റ് സി.എം. ഇബ്രാഹിം, കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുൽ ഖലീലുൽ ബുഖാരി, നസീർ അഹമ്മദ്, ഡോ. അബ്ദുൽ ഹക്കീം അസ്ഹരി, ഡോ. മുഹമ്മദ് ഫാസിൽ റസ്വി, ഹഫീൽ സഅദി, ഡി.പി. യൂസുഫ് സഖാഫി, അബ്ദുറഹ്മാൻ മദനി, സയ്യിദ് ഇസ്മായിൽ അൽഹാദി, പേരോട് അബ്ദുറഹ്മാൻ സഖാഫി, മുഹമ്മദ് റഖീബ്, സയ്യിദ് ഫസൽകോയമ്മ കൂര, കെ.എം. മുസ്തഫ നഈമി, അബ്ദുൽ ഹമീദ് മുസ്ലിയാർ, സയ്യിദ് മുഹമ്മദ് ജാമി അഷ്റഫ് അഷ്റഫി തുടങ്ങിയവർ സംബന്ധിച്ചു. എസ്.എസ്.എഫ് ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനം നവംബർ 24 മുതൽ 26 വരെ മുംബൈയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

