Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'വലിയ തമാശ,...

'വലിയ തമാശ, രാഷ്ട്രീയമായി പക്വതയില്ലാത്തയാൾ'; ഇൻഡ്യാ സഖ്യത്തിലെ വിള്ളലിൽ രാഹുൽ ഗാന്ധിക്കെതിരെ ദ്വിമുഖ ആക്രമണവുമായി ഡി.എം.കെ

text_fields
bookmark_border
വലിയ തമാശ, രാഷ്ട്രീയമായി പക്വതയില്ലാത്തയാൾ; ഇൻഡ്യാ സഖ്യത്തിലെ വിള്ളലിൽ രാഹുൽ ഗാന്ധിക്കെതിരെ ദ്വിമുഖ ആക്രമണവുമായി ഡി.എം.കെ
cancel

ചെന്നൈ: ഇൻഡ്യാ സഖ്യത്തിന് വിഭിന്നമായി തമിഴ്നാട്ടിൽ വിജയ് സർക്കാരിൽ പങ്കാളിയായ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും നേരെ രൂക്ഷമായ ദ്വിമുഖ ആക്രമണം അഴിച്ചുവിട്ടു ഡി.എം.കെ. പാർട്ടിയുടെ ഐ.ടി വിഭാഗം രാഹുൽ ഗാന്ധിയെ 'ഒരു വലിയ തമാശ' എന്ന് പരിഹസിച്ചപ്പോൾ, ഔദ്യോഗിക മുഖപത്രമായ മുരശൊലി, അദ്ദേഹം പ്രതിപക്ഷ ഐക്യം ദുർബലപ്പെടുത്തുകയാണെന്ന് ആരോപിച്ചു. ഇൻഡ്യാ ബ്ലോക്കിലും തമിഴ്‌നാട്ടിലും കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയ നീക്കത്തെ ചോദ്യം ചെയ്യുകയും ചെയ്തു. 'കോൺഗ്രസ് രാഷ്ട്രീയ നിലനിൽപ്പിനായി പോരാടുമ്പോൾ ഞങ്ങൾ അവരെ ചുമലിലേറ്റി, തിളങ്ങുന്ന പുതിയ കളിപ്പാട്ടം കണ്ടയുടനെ അവർക്ക് മറ്റൊരു കപ്പലിലേക്ക് ചാടിക്കയറാൻ വേണ്ടി മാത്രം'- പാർട്ടി ഐ.ടി വിങ് സമൂഹ മാധ്യമത്തിലെ പോസ്റ്റിൽ കുറ്റപ്പെടുത്തി.

രാഹുൽ ഗാന്ധിയെ "ഒരു വലിയ തമാശ" എന്ന് വിളിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിച്ചത്. ഡി.എം.കെ മുഖപത്രമായ മുരശൊലിയിൽ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ ഇന്ത്യാ ബ്ലോക്ക് യോഗത്തിന് ശേഷം രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളെ എതിർക്കുകയും പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഭിന്നതയ്ക്ക് കാരണം അദ്ദേഹമാണെന്നും ആരോപിച്ചു. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമായി അഞ്ച് നിയമസഭാ സീറ്റുകൾ നേടിയ കോൺഗ്രസ്, പിന്നീട് സഖ്യം ഉപേക്ഷിച്ച് വിജയ് നയിക്കുന്ന ടി.വി.കെ സർക്കാരിൽ ഒരു സഖ്യ പങ്കാളിയായി ചേർന്നു. ഇതോടെ ദേശീയ തലത്തിലും ഡി.എം.കെയും കോൺഗ്രസും തമ്മിലുള്ള ബന്ധം വഷളാവുകയും ഡി.എം.കെ ഇന്ത്യാസഖ്യം വിടുകയും ചെയ്തു.

കോൺഗ്രസ് വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ഡി.എം.കെ അടുത്തിടെ ഇൻഡ്യാ ബ്ലോക്ക് യോഗം ബഹിഷ്കരിക്കുകയും ചെയ്തു. എന്നാൽ സഖ്യ ചട്ടക്കൂടിനുള്ളിൽ മറ്റ് പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന വിഷയങ്ങളെ പിന്തുണക്കുന്നത് തുടരുമെന്ന് അവർ വ്യക്തമാക്കി. രാഹുൽ ഗാന്ധി പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് പ്രസംഗിക്കുകയും അതിനെ ദുർബലപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് ആരോപണം. "രാഹുൽ ഗാന്ധി ഐക്യത്തെക്കുറിച്ച് പ്രസംഗിക്കുന്നു. എന്നാൽ വിവിധ സംസ്ഥാനങ്ങളിൽ ആ ഐക്യത്തെ ദുർബലപ്പെടുത്തിയതാരാണ്?" എഡിറ്റോറിയൽ ചോദിക്കുന്നു. രാഹുൽ ഗാന്ധിക്കെതിരെ കേരളത്തിലെ ഇടതുപക്ഷ പാർട്ടികൾ ഉന്നയിച്ച വിമർശനങ്ങൾക്ക് എഡിറ്റോറിയൽ കാര്യമായ ഇടം നൽകി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ രാഹുൽ ഗാന്ധി കേരള മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് ബി.ജെ.പിയുമായി രഹസ്യ ധാരണയുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. ഇക്കാരണങ്ങളാലാണ്, ബി.ജെ.പിയെ നേരിടുന്നതിനുപകരം സഖ്യകക്ഷികളെ ലക്ഷ്യംവെക്കുന്നതിലാണോ കോൺഗ്രസിന് കൂടുതൽ താൽപ്പര്യമെന്ന് ഇടതു നേതാക്കൾ ചോദിക്കുന്നെന്നും മുരശൊലി ചൂണ്ടിക്കാട്ടി.

വിവിധ സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ വെല്ലുവിളിക്കാൻ കഴിവുള്ള ഇൻഡ്യാ ബ്ലോക്ക് ഘടകകക്ഷികളുടെ താൽപ്പര്യങ്ങൾക്ക് എതിരായി രാഹുൽ ഗാന്ധിയും കോൺഗ്രസും പ്രവർത്തിച്ചിട്ടുണ്ട്. സഖ്യകക്ഷികളുടെ സർക്കാരുകൾ രൂപീകരണ സാധ്യതകളെ ദുർബലപ്പെടുത്തുന്ന കോൺഗ്രസിന് ഇപ്പോൾ പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് എങ്ങനെ സംസാരിക്കാൻ കഴിയുമെന്നും എഡിറ്റോറിയൽ ചോദിച്ചു.

ഇടതുപക്ഷ പാർട്ടികൾ, സമാജ്‌വാദി പാർട്ടി എന്നിവരുൾപ്പെടെ നിരവധി ഘടകകക്ഷികൾ കോൺഗ്രസിനെ വിമർശിച്ചതിനെയും രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ സമീപനം ഇൻഡ്യാ സഖ്യത്തിനുള്ളിൽ ഭിന്നതയുണ്ടാക്കിയതായും എഡിറ്റോറിയൽ വാദിച്ചു. സഖ്യ ബാനറിൽ മത്സരിച്ച് സീറ്റുകൾ നേടിയിട്ടും കോൺഗ്രസ് ഡി.എം.കെയെ വഞ്ചിച്ചുവെന്ന് മുരശൊലി ആരോപിച്ചു. സഖ്യകക്ഷികൾക്ക് രാഹുൽ ഗാന്ധി അടുത്തിടെ നൽകിയ ഉറപ്പുകളെയും മുഖപത്രം പരിഹസിച്ചു.

രാഹുൽ ഗാന്ധിയുടെ "രാഷ്ട്രീയ പക്വതയില്ലായ്മ"യും സ്ഥിരതയില്ലായ്മയുമാണ് ഇൻഡ്യാ ബ്ലോക്കിനുള്ളിൽ വളർന്നുവരുന്ന സംഘർഷത്തിന് കാരണമെന്ന് മുരശൊലി വാദിച്ചു. പ്രതിപക്ഷ സഖ്യത്തിനുള്ളിൽ "അമൃതിന് പകരം വിഷം ചൊരിയുന്നതിന്" ആരാണ് ഉത്തരവാദിയെന്ന ചോദ്യത്തോടെയാണ് എഡിറ്റോറിയൽ അവസാനിച്ചത്. മുരശൊലി എഡിറ്റോറിയലിനെക്കുറിച്ച് കോൺഗ്രസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndiamkstalindmkRahul GandhiINDIA blockCongress
News Summary - "A Big Joke, Politically Immature": DMK's All-Out Attack On Rahul Gandhi
Next Story