Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
സുദർശൻ ന്യൂസി​െൻറ യു.പി.എസ്​.സി ജിഹാദ്​: നടപടി ആവശ്യപ്പെട്ട് 91​​ മുൻ സിവിൽ സർവിസുകാരുടെ കത്ത്​
cancel
camera_alt

സുദർശൻ ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചവങ്കെ

Homechevron_rightNewschevron_rightIndiachevron_rightസുദർശൻ ന്യൂസി​െൻറ...

സുദർശൻ ന്യൂസി​െൻറ 'യു.പി.എസ്​.സി ജിഹാദ്​': നടപടി ആവശ്യപ്പെട്ട് 91​​ മുൻ സിവിൽ സർവിസുകാരുടെ കത്ത്​

text_fields
bookmark_border

ന്യൂഡൽഹി: ഉന്നത സർക്കാർ ജോലികളിൽ മുസ്​ലിംകളുടെ എണ്ണം കൂടുകയാണെന്ന്​ കാണിച്ച്​ 'ബിന്ദാസ്​​ ബോൽ​' എന്ന പരിപാടി സംപ്രേക്ഷണം ചെയ്യാനിരുന്ന സുദർശൻ ന്യൂസിനെതിരെ ശക്​തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് 91​​ മുൻ സിവിൽ സർവിസ്​ ഉദ്യോഗസ്​ഥർ കത്തയച്ചു. കേ​ന്ദ്ര ആഭ്യന്തര മന്ത്രി, ഇൻഫർമേഷൻ, ബ്രോഡ്​കാസ്​റ്റിങ്​ മന്ത്രി, ദേശീയ മനുഷ്യാവകാശ കമീഷൻ ചെയർമാൻ, ഡൽഹി മുഖ്യമന്ത്രി, ന്യൂസ്​ ബ്രോഡ്​കാസ്​റ്റിങ്​ സ്​റ്റാൻഡേർഡ്​സ്​ അതോറിറ്റി ചെയർമാൻ എന്നിവർക്കാണ്​ ഇവർ​ കത്തയച്ചത്​.

യു.പി.എസ്​.സി ജിഹാദ്​ എന്ന ഹാഷ്​ടാഗിൽ പരിപാടിയുടെ ​​പ്രമോ സുദർശൻ ന്യൂസ്​ എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചവങ്കെ കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. 'ഉന്നത സർക്കാർ ജോലികളിൽ മുസ്​ലിംകളുടെ എണ്ണം കൂടുന്നു. ഇത്രയും കഠിന പരീക്ഷകളിൽ ഉന്നത മാർക്ക് നേടി കൂടുതൽ മുസ്​ലിംകൾ ജയിക്കാനുള്ള രഹസ്യം എന്താണ്? ജാമിഅയിലെ ജിഹാദികൾ നമ്മുടെ ജില്ല അധികാരികളും വിവിധ മന്ത്രാലയങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരും ആയാലുള്ള അവസ്ഥ എന്താകും? രാജ്യത്തെ ഭരണസംവിധാനങ്ങൾ മുസ്​ലിംകൾ പിടിച്ചെടുക്കുന്നതിന്​ പിന്നിലെ രഹസ്യം വെളിപ്പെടുന്നു' തുടങ്ങിയ പരാമർശങ്ങളോടെയാണ്​ പരിപാടിയുടെ വിഡിയോ പങ്കുവെച്ചത്​.

ഇത്​ വിവാദമായതോടെ ഡൽഹി ​െ​ഹെകോടതി പരിപാടിയുടെ സംപ്രേക്ഷണം തടഞ്ഞിരുന്നു. ജാമിഅ വിദ്യാർഥികൾ സമർപ്പിച്ച ഹരജിയിൽ ജസ്​റ്റിസ്​ നവിൻ ചാവ്​ലയുടെ സിംഗിൾ ബെഞ്ചാണ്​ പരിപാടി സ്​റ്റേ ചെയ്​തത്​.

ചാനലിനെതിരെ ശക്​തമായ നടപടി വേണമെന്ന്​ മുൻ സിവിൽ സർവിസ്​ ഉദ്യോഗസ്​ഥർ കത്തിൽ ആവശ്യപ്പെട്ടു. തങ്ങൾ ഒരു രാഷ്​ട്രീയ പാർട്ടിയുടെയും ഭാഗമെല്ലെന്നും നിഷ്പക്ഷരും ഇന്ത്യൻ ഭരണഘടനയോട് പ്രതിബദ്ധതയുള്ള പൗരന്മാരാണെന്നും ഇവർ ചൂണ്ടിക്കാട്ടി. നാഷനൽ ക്രൈം റെക്കോർഡ്​സ്​ ബ്യൂറോ മുൻ ഡറക്​ടർ ജനറൽ ഷാഫി ആലം, മുൻ ഡയറക്​ടർ ജനറൽ ഓഫ്​ പൊലീസ്​ (ജയിൽ-പഞ്ചാബ്​) മോഹിന്ദ്രപാൽ ഔലാഖ്​, കാബിനറ്റ്​ സെക്രട്ടറിയേറ്റിലെ മുൻ സ്​പെഷൽ സെക്രട്ടറി വപ്പള ബാലചന്ദ്രൻ, മുൻ തെരഞ്ഞെടുപ്പ്​ കമീഷണർ എസ്​.വൈ. ഖുറൈഷി, പ്ലാനിങ്​ കമീഷൻ മുൻ സെക്രട്ടറി എൻ.സി. സാക്​സെന, യു.പി.എസ്​.സി മുൻ അംഗം പ്രവീൺ തൽഹ എന്നിവരടക്കമുള്ളവരാണ്​ കത്തിൽ ഒപ്പിട്ടിട്ടുള്ളത്​.

'സർവിസിൽ മുസ്‌ലിം ഉദ്യോഗസ്ഥർ നുഴഞ്ഞുകയറാൻ ഗൂഢാലോചന നടക്കുന്നുവെന്ന ആരോപണങ്ങളും യു.പി.‌എസ്‌.സി ജിഹാദ് അല്ലെങ്കിൽ സിവിൽ സർവിസസ് ജിഹാദ് തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുന്നതും തികച്ചും തെറ്റാണ്​. സാമുദായികവും നിരുത്തരവാദപരവുമായ ഇത്തരം പ്രസ്താവനകൾ വിദ്വേഷ പ്രസംഗത്തിന് തുല്യമാണ്. ഇത് ഒരു സമൂഹത്തെ മുഴുവൻ അപകീർത്തിപ്പെടുത്തുകയാണ്​​' -കത്തിൽ പറയുന്നു.

പരിപാടി സംപ്രേക്ഷണം ചെയ്​തിരുന്നുവെങ്കിൽ, യാതൊരു അടിസ്ഥാനവുമില്ലാതെ മുസ്‌ലിംകളോട് വിദ്വേഷം ജനിപ്പിക്കുമെന്നും കൊറോണ ജിഹാദ്​, ലൗ ജിഹാദ്​ പോലുള്ള ആരോപണങ്ങൾക്ക് കൂടുതൽ ഊർജം നൽകുമെന്നും ഇവർ കത്തിൽ ചൂണ്ടിക്കാട്ടി.

'നിയമന പ്രക്രിയകൾ പക്ഷപാതപരമാണെന്ന് ആരോപിക്കുന്നത്​ യു.പി.‌എസ്‌.സിയുടെ യശ്ശസ്സിന്​ മങ്ങലേൽപ്പിക്കും. വിശ്വാസ്യതയിൽ മുമ്പന്തിയിലുള്ള ചുരുക്കം ചില സ്ഥാപനങ്ങളിൽ ഒന്നാണ് യു.പി.‌എസ്‌.സി. പരിപാടി​ സംപ്രേക്ഷണം​ ചെയ്​താൽ, വളരെയധികം ബഹുമാനിക്കപ്പെടുന്ന ഈ സ്ഥാപനത്തിനോടുള്ള ആളുകളുടെ വിശ്വാസം ഇല്ലാതാകും. സർക്കാർ ജോലികളിൽ, പ്രത്യേകിച്ചും ഐ‌.എ‌.എസ്, ഐ.പി.‌എസ് എന്നിവക്കായി അനുപാതം പരിഗണിക്കാതെ മുസ്‌ലിംകളെ തിരഞ്ഞെടുക്കുന്നുവെന്ന തെറ്റായ വിവരമാണ്​ ഈ പരിപാടിയിലൂടെ പ്രചരിപ്പിക്കാനിരുന്നത്​. ഇന്ത്യൻ എക്സ്പ്രസി​ൽ വന്ന പഠനത്തിലെ കണക്കനുസരിച്ച്​ രാജ്യത്തെ 8417 ഐ‌.എ‌.എസ്, ഐ.പി.‌എസ് ഉദ്യോഗസ്ഥരിൽ 3.46 ശതമാനം മാത്രമാണ്​ മുസ്​ലിംകളുള്ളത്.

കഴിഞ്ഞ 40 വർഷമായി മുസ്​ലിം ഉദ്യോഗസ്​ഥരുടെ എണ്ണം കൂടിയും കുറഞ്ഞുംകൊണ്ടിരിക്കുകയാണ്​. ഐ‌.എ‌.എസിൽ ഒരു മുസ്​ലിം പോലും തിരഞ്ഞെടുക്കപ്പെടാത്ത വർഷങ്ങളുണ്ടായിട്ടുണ്ട്​. ചാനൽ പരിപാടി കാരണം ജാതി, ഭാഷ തുടങ്ങിയ മാനദണ്ഡങ്ങളുപയോഗിച്ച്​ സിവിൽ സർവിസ് പരീക്ഷയുടെ വിജയനിരക്ക് അളക്കാൻ പലരെയും പ്രേരിപ്പിക്കും. ഇതുവഴി നഷ്​ടപ്പെടുന്നത്​ യു.പി.‌എസ്‌.സിയുടെ വിശ്വാസ്യതയാണ്​.

അടുത്തിടെ ഇന്ത്യയിലെ മികച്ച കേന്ദ്ര സർവകലാശാലയായി തെരഞ്ഞെടുക്കപ്പെട്ട ഡൽഹി ജാമിഅ മില്ലിയ്യയെയും അപകീർത്തിപ്പെടുത്താനാണ്​ ഷോ ലക്ഷ്യമിട്ടിരുന്നത്​. പിന്നാക്ക വിഭാഗക്കാർക്ക്​ ഇവിടെ സൗജന്യ പരിശീലനങ്ങൾ നൽകുന്നുണ്ട്​. ചാനൽ ഷോ വരുന്നതോടെ അ​തിനെയെല്ലാം നിരുത്സാഹപ്പെടുത്തും. സിവിൽ അഡ്മിനിസ്ട്രേഷനെ മതപരമായി വിഭജിക്കാനും ഭരണാധികാരികൾ നൽകുന്ന പരിഗണനയെ ദുർബലപ്പെടുത്താനും ഇടവരുത്തും.

മതത്തി​െൻറ അടിസ്ഥാനത്തിൽ അപകീർത്തിപ്പെടുത്താനും ശത്രുത വളർത്താനും ശ്രമിക്കുന്ന സുദർശൻ ന്യൂസിനെതിരെ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ വിശദ അന്വേഷണം വേണം'- കത്തിൽ ഇവർ ആവശ്യപ്പെട്ടു.

Show Full Article
TAGS:sudarshan news upsc jihad civil servents 
Web Title - 91 ex civil servents are against sudarshan news
Next Story