നഷ്ടമായത് ജീവിത സമ്പാദ്യമായ ഒരു കോടി രൂപ; 'ഡിജിറ്റൽ അറസ്റ്റി'ൽ വീണ് 90കാരൻ
text_fieldsഅഹമ്മദാബാദ്: രാജ്യത്ത് ഡിജിറ്റൽ അറസ്റ്റെന്ന പേരിൽ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം അനുദിനം വർധിക്കുകയാണ്. ഏറ്റവുമൊടുവിൽ ഗുജറാത്തിൽ നിന്നാണ് തട്ടിപ്പിന്‍റെ വാർത്തയെത്തിയത്. 90കാരനാണ് സൂറത്തിൽ തട്ടിപ്പിനിരയായത്. 15 ദിവസം ഇദ്ദേഹം ഡിജിറ്റൽ അറസ്റ്റിലാണെന്ന് വിശ്വസിപ്പിച്ച തട്ടിപ്പുകാർ ജീവിതസമ്പാദ്യമായ ഒരു കോടി രൂപയാണ് കൈക്കലാക്കിയത്. സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായിട്ടുണ്ട്.
സി.ബി.ഐ ഓഫിസറെന്ന വ്യാജേനയാണ് തട്ടിപ്പുകാർ 90കാരനെ വിഡിയോ കോൾ ചെയ്തത്. മുംബൈയിൽ നിന്ന് ചൈനയിലേക്ക് ഇദ്ദേഹത്തിന്‍റെ പേരിൽ 400 ഗ്രാം എം.ഡി.എം.എ അയച്ചത് സി.ബി.ഐ പിടികൂടിയെന്ന് ഇവർ പറഞ്ഞു. 90കാരന്‍റെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് പരിശോധിച്ചപ്പോൾ കള്ളപ്പണ ഇടപാടുകൾ നടന്നതായും കണ്ടെത്തിയെന്നും അദ്ദേഹത്തിനും കുടുംബാംഗങ്ങൾക്കുമെതിരെ കേസെടുക്കുമെന്നും ഭീഷണിപ്പെടുത്തി.
ഓൺലൈൻ വഴിയുള്ള ചോദ്യംചെയ്യലാണെന്ന് വിശ്വസിപ്പിച്ച് 90കാരനെ തട്ടിപ്പുകാർ 'ഡിജിറ്റൽ അറസ്റ്റി'ലാക്കി. 15 ദിവസമാണ് ഇങ്ങനെ ബുദ്ധിമുട്ടിച്ചത്. തുടർന്ന് അക്കൗണ്ട് വിശദാംശങ്ങൾ കൈക്കലാക്കി 1.15 കോടി രൂപ ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.
കുടുംബാംഗങ്ങൾ പിന്നീടാണ് ഈ സംഭവം അറിയുന്നത്. തുടർന്നാണ് വിവരം സൂറത്ത് സൈബർ സെല്ലിൽ അറിയിച്ചത്. തുടർന്നുള്ള അന്വേഷണത്തിൽ ചൈനീസ് ഗ്യാങ്ങുമായി ചേർന്നാണ് തട്ടിപ്പുകാർ ഇത്തരം പ്രവൃത്തികൾ നടത്തുന്നതെന്ന് കണ്ടെത്തി. അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മുഖ്യസൂത്രധാരനായ പാർഥ് ഗോപാനി എന്നയാൾ കംബോഡിയയിലിരുന്നാണ് ഇതിന് നേതൃത്വം നൽകുന്നതെന്ന് പൊലീസ് പറഞ്ഞു. രമേശ് സുരാന, ഉമേഷ് ജിൻജാല, നരേഷ് സുരാന, രാജേഷ് ദിയോറ, ഗൗരംഗ് രഖോലിയ എന്നിവരാണ് അറസ്റ്റിലായത്.
എന്താണ് ഡിജിറ്റൽ അറസ്റ്റ്
തട്ടിപ്പുസംഘങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന ഒരു കെണിയാണ് ഡിജിറ്റൽ അറസ്റ്റ്. വ്യക്തികളെ തട്ടിപ്പ് കേസിൽ അകപ്പെട്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗമായുള്ളതാണ് ഇത്. വീഡിയോ കോൾ വഴി അന്വേഷണ ഏജൻസിയിൽ നിന്നെന്ന വ്യാജേനയാണ് തട്ടിപ്പുകാർ വിളിക്കുക. നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള ശബ്ദവും ഇതിന് ഉപയോഗിക്കുന്നുണ്ട്. പിന്നീട് ആധാറും ഫോൺ നമ്പറും ഉപയോഗിച്ച് കള്ളപ്പണ ഇടപാട് നടന്നെന്നോ, അല്ലെങ്കിൽ ഇരയുടെ വിലാസത്തിലുള്ള പാഴ്സലിൽ മയക്കുമരുന്ന് പിടികൂടിയെന്നോ പറഞ്ഞ് ഭയപ്പെടുത്തും. വ്യക്തിയോട് വീഡിയോ കോളിൽ തുടരാൻ ആവശ്യപ്പെട്ട് മണിക്കൂറുകളോളം തടഞ്ഞുവെക്കും. ഇതാണ് ഡിജിറ്റൽ അറസ്റ്റ്. ഇങ്ങനെ വീഡിയോ കോളിൽ തുടരുമ്പോൾ മാനസിക സമ്മർദ്ദത്തിന് കീഴ്പ്പെടുന്ന വ്യക്തിയോട് കേസ് ഒഴിവാക്കി തരണമെങ്കിൽ പണം നൽകണമെന്ന് വളരെ സ്വാഭാവികമെന്നോണം സൂചിപ്പിക്കും. ചിലർ ഭയന്ന് പണം നൽകും. പണം ലഭിക്കുന്നത് കൂടുതൽ തട്ടിപ്പുകൾ നടത്താൻ ഇത്തം സംഘങ്ങൾക്ക് പ്രോത്സാഹനവുമാണ്.
നാർക്കോടിക്സ് ഉൽപ്പന്നങ്ങൾ അടങ്ങിയ പാർസൽ ലഭിച്ചു, വ്യാജ പാസ്പോർട്ട് ലഭിച്ചു തുടങ്ങി പല കഥകളും മെനഞ്ഞാണ് തട്ടിപ്പുകാർ ഓരോരുത്തരെയും വിളിക്കുന്നത്. എന്നാൽ ഈ ചതിക്കുഴികളെ എങ്ങനെയാണ് നേരിടേണ്ടത് എന്ന് ആദ്യമേ മനസിലാക്കി വെക്കുക. അപ്രതീക്ഷിതമായി രാജ്യത്തെ ഏതെങ്കിലും അന്വേഷണ ഏജൻസിയുടെ പേരിൽ ഫോൺ കോൾ ലഭിച്ചാൽ ജാഗ്രതയോടെ മാത്രം ഇടപെടുക. കേസെന്നും അറസ്റ്റെന്നും പറയുന്നത് കേട്ട് ആ സമയത്ത് യാതൊരു കാരണവശാലും ഭയപ്പെടരുത്. വിവേകത്തോടെ ചിന്തിച്ച് മാത്രം മറുപടി നൽകുക. വ്യക്തിവിവരങ്ങൾ ഒന്നും തന്നെ കൈമാറാതിരിക്കുക. പ്രത്യേകിച്ച് ആധാർ കാർഡ് നമ്പർ, പാൻ കാർഡ് പോലുള്ള വിവരങ്ങൾ. പണം യാതൊരു കാരണവശാലും നൽകരുത്. സംശയം തോന്നുന്ന ഇത്തരം കോളുകൾ അപ്പോൾ തന്നെ പൊലീസിനെയോ മറ്റ് ഏജൻസികളെയോ വിളിച്ച് അറിയിക്കുക. www.cybercrime.gov.in എന്ന വെബ്സൈറ്റിലും 1930 എന്ന നമ്പറിലും വിളിച്ച് ഏത് സമയത്തും വിവരങ്ങൾ കൈമാറാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.