ലൗകിക ജീവിതം മടുത്തു; വജ്രവ്യാപാരിയുടെ ഒമ്പതു വയസുള്ള മകൾ സന്യാസം സ്വീകരിച്ചു
text_fieldsവഡോദര: ഗുജറാത്തിൽ വജ്രവ്യാപാരിയുടെ ഒമ്പതു വയസുള്ള മകൾ ലൗകിക ജീവിതം മടുത്ത് സന്യാസം സ്വീകരിച്ചു. ജെയിൻ മതാനുയായികളായ ധനേഷ് സംഘ്‌വിയുടെയും അമിയുടെയും രണ്ടുപെൺമക്കളിൽ മൂത്തയാളായ ദേവാൻഷിയാണ് സന്യാസിനിയായത്. ജെയിൻ സന്യാസ ആചാര്യൻ വിജയ് കിർതിയാഷ്സുരിയുടെയും നൂറോളം അനുയായികളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
‘ദിക്ഷ’ ചടങ്ങ് നടത്തിയതോടെ പിതാവും കുടുംബവും നൽകിയ എല്ലാ ആഡംബരങ്ങളും സുഖസൗകര്യങ്ങളും ദേവാൻഷി ഉപേക്ഷിക്കും.
വളരെ ചെറിയ പ്രായത്തിൽത്തന്നെ ആത്മീയജീവിതത്തിലേക്കുള്ള ചായ്‌വ് പ്രകടിപ്പിച്ചയാളാണ് ദേവാൻഷിയെന്ന് കുടുംബത്തെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സന്യാസ ജീവിതത്തിലേക്കു പ്രവേശിക്കുന്നതിനു വളരെ മുമ്പ് തന്നെ മറ്റു സന്യാസികൾക്കൊപ്പം 700 കിലോമീറ്റർ ദൂരം ദേവാൻഷി കാൽനടയായി യാത്രചെയ്തിട്ടുണ്ട്. മറ്റുപല കഴിവുകൾക്കുമൊപ്പം അഞ്ച് ഭാഷകളും ഈ ചെറുപ്രായത്തിൽത്തന്നെ ദേവാൻഷി വശത്താക്കിയിരുന്നു.
സംഘ്‍വി ആൻഡ് സൺസ് എന്ന വജ്രവ്യാപാര കടയുടെ ഉടമയാണ് പിതാവ് ധനേഷ് സംഘ്‌വി. മുപ്പത് വർഷമായി വജ്രവ്യാപാര രംഗത്തുണ്ട് ഇദ്ദേഹം. ഡയമണ്ട് പോളിഷിങ്ങും കയറ്റുമതിയുമാണ് പ്രധാന വ്യവസായം. ദേവാൻഷിക്ക് നാലുവയസ്സുകാരിയായ ഒരു അനുജത്തി കൂടിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

