കർണാടകയിൽ കാറും ബസും കൂട്ടിയിടിച്ച് തീപിടിച്ചു; ഒരു കുടുംബത്തിലെ ഒമ്പതുപേർക്ക് ദാരുണാന്ത്യം
text_fieldsബംഗളൂരു: കർണാടകയിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ഒമ്പതുപേർക്ക് ദാരുണാന്ത്യം. കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.
മരിച്ചവരെല്ലാം ഒരു കുടുംബത്തിൽ നിന്നുള്ളവരാണെന്നാണ് പ്രാഥമിക വിവരം. യാദ്ഗിറിൽ നിന്ന് റായ്ച്ചൂരിലേക്ക് പോകുകയായിരുന്ന കാർ ബംഗളൂരുവിൽ നിന്ന് ഗുൽബർഗയിലേക്ക് വരികയായിരുന്ന ബസ്സുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിച്ചതിന് പിന്നാലെ കാർ പൂർണ്ണമായും അഗ്നിക്കിരയായി. രണ്ടുകുട്ടികൾ ഉൾപ്പെടെ നാലുപേർ സംഭവസ്ഥലത്തുതന്നെ വെന്തുമരിച്ചു. മറ്റുള്ളവർ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
കൃഷ്ണ നായക് (59), ഭാര്യ അനന്ത കല (45), ശരണപ്പ (36), ഭാര്യ നിസർഗ (30), അവരുടെ മക്കളായ സിദ്ധാർഥ് (മൂന്ന്), അദ്വിക് (അഞ്ച്), ശ്രീനിധി (ഒന്നര), ശശികല (30), മകൻ ചന്ദൻ (എട്ട്) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ശശികലയുടെ മറ്റൊരു മകൻ വിരാട് പരിക്കുകളോടെ രക്ഷപ്പെട്ടു. കുട്ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
കാറും ബസും പൂർണ്ണമായും കത്തിയമർന്ന നിലയിലാണ്. കാറിന്റെ ടയർ പൊട്ടിത്തെറിച്ച് നിയന്ത്രണം പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് സുർപൂർ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയാണ് തീയണച്ചത്. ബസ്സിലെ യാത്രക്കാർ സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

