Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ക്ലാസിൽ ഇരിക്കാൻ പോലും അനുവാദമില്ലേ? ദലിതനായി ജനിച്ചതാണോ ഞാൻ ചെയ്ത കുറ്റം'; എട്ടാം ക്ലാസുകാരന് അധ്യാപികയുടെ ജാതിവിവേചനം

text_fields
bookmark_border
ക്ലാസിൽ ഇരിക്കാൻ പോലും അനുവാദമില്ലേ? ദലിതനായി ജനിച്ചതാണോ ഞാൻ ചെയ്ത കുറ്റം; എട്ടാം ക്ലാസുകാരന് അധ്യാപികയുടെ ജാതിവിവേചനം
cancel

ലഖ്‌നോ: ഉത്തർപ്രദേശിലെ ലഖ്‌സിംപൂർ ഖേരി ജില്ലയിലെ സർക്കാർ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിക്ക് നേരെ ജാതിവിവേചനം. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വാത്മീകി സമുദായത്തിൽപ്പെട്ട കൃഷ്ണ എന്ന വിദ്യാർഥിയാണ് തനിക്ക് ക്ലാസിൽ ഇരിക്കാൻ അനുവാദമില്ലെന്നും അധ്യാപിക പഠിപ്പിക്കാൻ വിസമ്മതിച്ചെന്നും കാണിച്ച് രംഗത്തെത്തിയത്. നകാഹ ബ്ലോക്കിലെ ഗവൺമെന്റ് അപ്പർ പ്രൈമറി സ്കൂൾ പത്രാസിയിലെ അധ്യാപികയ്‌ക്കെതിരെയാണ് ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്.

ജാതിയുടെ പേരിൽ തന്നെ മാറ്റിനിർത്തുന്നുവെന്നും തന്റെ ക്ലാസിൽ വന്നാൽ സ്കൂളിൽ ജോലി ചെയ്യില്ലെന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും വിദ്യാർഥി ആരോപിക്കുന്നു. താൻ വാത്മീകി സമുദായത്തിൽ ജനിച്ചു എന്നതു മാത്രമാണ് താൻ ചെയ്ത കുറ്റമെന്നും, ഈ അവഗണന തന്റെ പഠനത്തെയും ആത്മവിശ്വാസത്തെയും സാരമായി ബാധിച്ചുവെന്നും കൃഷ്ണ വ്യക്തമാക്കി. സർക്കാർ വിദ്യാലയങ്ങളിൽ ഇപ്പോഴും ജാതിവിവേചനം നിലനിൽക്കുന്നു എന്നതിന്റെ ഉദാഹരണമായാണ് ഈ സംഭവം ചർച്ചയാകുന്നത്. കുട്ടിയുടെ വിദ്യാഭ്യാസ അവകാശത്തെയും തുല്യതയെയും ഹനിക്കുന്ന ഇത്തരം സംഭവങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ, ആരോപണങ്ങളെക്കുറിച്ചുള്ള അധ്യാപികയുടെ ഔദ്യോഗിക പ്രതികരണങ്ങളോ സ്ഥിരീകരണങ്ങളോ ഇതുവരെ പുറത്തുവന്നിട്ടില്ല.

ഈ സംഭവവുമായി ബന്ധപ്പെട്ട വീഡിയോ പങ്കുവെച്ചുകൊണ്ട് ഭാരതീയ ആദിവാസി പാർട്ടി രാജസ്ഥാൻ മീഡിയ ഇൻചാർജ് അശ്മിത് സോണി ഉത്തർപ്രദേശ് പൊലീസിനെ ടാഗ് ചെയ്ത് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. വിവേചനം ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജാതി അധിക്ഷേപത്തെ തുടർന്ന് കുട്ടിയെ ക്ലാസ് മുറിയിൽ നിന്ന് പുറത്താക്കിയെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വിഷയം ഗൗരവമായി പരിശോധിച്ച് കർശന നടപടിയെടുക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. നിലവിൽ ഈ സംഭവത്തിൽ ഔദ്യോഗികമായി എഫ്.ഐ.ആറോ വകുപ്പുതല അന്വേഷണ ഉത്തരവോ പുറത്തു വന്നിട്ടില്ല.

ഇന്ത്യൻ ഭരണഘടനയും വിദ്യാഭ്യാസ നിയമങ്ങളും അനുസരിച്ച് സ്കൂളുകളിലെ കുട്ടികൾക്ക് എതിരെയുള്ള ജാതിവിവേചനം കർശനമായി നിരോധിച്ചിട്ടുണ്ട്. 2009-ലെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശ നിയമപ്രകാരം (RTE Act) വിവേചനമില്ലാതെ വിദ്യാഭ്യാസം നേടാൻ എല്ലാ കുട്ടികൾക്കും അർഹതയുണ്ട്. ആരോപണങ്ങൾ സത്യമാണെന്ന് തെളിയുകയാണെങ്കിൽ, പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരമുള്ള (SC/ST Act) വകുപ്പുകൾ കൂടി ബാധകമായേക്കാം.

നടന്ന സംഭവങ്ങളുടെ യഥാർത്ഥ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ വിദ്യാഭ്യാസ വകുപ്പിന്റെയും പൊലീസിന്റെയും ഔദ്യോഗിക അന്വേഷണം അത്യന്താപേക്ഷിതമാണ്. അതേസമയം, സംഭവത്തിൽ അന്വേഷണം നടക്കുന്ന വേളയിൽ കുട്ടിയുടെ വിദ്യാഭ്യാസം ഒരു കാരണവശാലും തടസ്സപ്പെടരുതെന്നാണ് പ്രദേശവാസികളുടെയും ആക്ടിവിസ്റ്റുകളുടെയും പ്രധാന ആവശ്യം. കുട്ടിയുടെ മാനസികാവസ്ഥ കണക്കിലെടുത്ത് സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പാക്കാൻ അധികാരികൾ അടിയന്തരമായി ഇടപെടണമെന്നും ആവശ്യമുയരുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'ക്ലാസിൽ ഇരിക്കാൻ പോലും അനുവാദമില്ലേ? ദലിതനായി ജനിച്ചതാണോ ഞാൻ ചെയ്ത കുറ്റം'; എട്ടാം ക്ലാസുകാരന് അധ്യാപികയുടെ ജാതിവിവേചനം
Next Story