Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകന് ഫ്ലാറ്റ് കൈമാറിയ 88 കാരൻ വൃദ്ധസദനത്തിൽ; ഫ്ലാറ്റ് തിരിച്ചുനൽകാൻ ഹൈകോടതി ഉത്തരവ്

text_fields
bookmark_border
ai generated image
cancel
camera_alt

എഐ നിർമ്മാണ ചിത്രം

ന്യു‍ഡൽഹി: 88 വയസ്സുള്ള പിതാവ് മകന് ഫ്ലാറ്റ് സമ്മാനമായി കൈമാറിയ ഗിഫ്റ്റ് ഡീഡ് ബോംബെ ഹൈകോടതി റദ്ദാക്കി. ഫ്ലാറ്റിൽ ജീവിതകാലം മുഴുവൻ താമസിക്കാൻ പിതാവിന് അനുവദിക്കണമെന്ന വ്യവസ്ഥ മകനും മരുമകളും പാലിക്കാത്തതായി കണ്ടെത്തിയതിനെ തുടർന്നാണ് നവംബർ 26-ലെ ഉത്തരവിലൂടെ കോടതി റദ്ദാക്കിയത്.

ഫ്ലാറ്റ് 15 ദിവസത്തിനകം പിതാവിന് തിരികെ കൈമാറാൻ ദമ്പതികളോട് കോടതി നിർദേശിച്ചു. നിർദേശം പാലിച്ചില്ലെങ്കിൽ പൊലീസിന്റെ സഹായത്തോടെ ഇവരെ ഫ്ലാറ്റിൽ നിന്ന് ഒഴിപ്പിക്കുമെന്നും വ്യക്തമാക്കി. 2007-ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലന, ക്ഷേമ നിയമപ്രകാരം മാതാപിതാക്കൾക്ക് ലഭിക്കേണ്ട അവകാശങ്ങളിൽ താമസിക്കാനുള്ള അവകാശവും ഉൾപ്പെടുന്നതായി കോടതി നിരീക്ഷിച്ചു.

കോടതി ഉത്തരവ് പ്രകാരം, ദേവ്ചന്ദ് കോർഷി ദേധിയയും ഭാര്യ മഞ്ജുള ദേധിയയും 1999-ൽ മുംബൈയിലെ മലാഡ് മേഖലയിൽ ഒരു ഫ്ലാറ്റ് വാങ്ങിയിരുന്നു. 2015 മാർച്ച് 12-ന് ഭാര്യ മരിച്ചതിന് പിന്നാലെ മൂത്ത മകൻ ഷിബൻ ദേവ്ചന്ദ് ദേധിയയും മരുമകൾ റിത ഷിബൻ ദേധിയയും തന്നെ ഇളയ മകനൊപ്പം താമസിക്കാൻ നിർബന്ധിച്ചെന്നാണ് പിതാവിന്റെ ആരോപണം.

ബിസിനസ് കാര്യങ്ങൾ കൈകാര്യം ചെയ്യാനാണെന്ന് പറഞ്ഞ് മകൻ പവർ ഓഫ് അറ്റോർണിയിൽ ഒപ്പിടുവിച്ചെന്നും, പിന്നീട് തന്റെ പൂർണ അറിവോ സമ്മതമോ ഇല്ലാതെ ഫ്ലാറ്റിന്റെ ഓഹരികൾ മകന്റെ പേരിലേക്ക് മാറ്റിയതായി കണ്ടെത്തിയെന്നും പിതാവ് ആരോപിച്ചു.

2018 ജൂൺ 4-ന് ഫ്ലാറ്റ് മകന് കൈമാറുന്നതിനായി പിതാവ് രജിസ്റ്റർ ചെയ്ത ഗിഫ്റ്റ് ഡീഡിൽ ഒപ്പുവെച്ചു.

മകനും ഭാര്യയും, പിതാവിന്റെ ദൈനംദിന ആവശ്യങ്ങൾ നോക്കിക്കൊള്ളാമെന്ന് ഉറപ്പുനൽകിയതിനെ തുടർന്നാണ് രേഖയിൽ ഒപ്പിടാൻ സമ്മർദം ചെലുത്തിയതെന്നാണ് പിതാവിന്റെ ആരോപണം. ഗിഫ്റ്റ് ഡീഡിൽ ഫ്ലാറ്റിൽ ജീവിതകാലം മുഴുവൻ താമസിക്കാനുള്ള അവകാശം പിതാവിന് അനുവദിച്ചിരുന്നു. മകന് കൈമാറുന്നത് വസ്തുവിന്റെ പ്രതീകാത്മക കൈവശാവകാശം മാത്രമാണെന്നും രേഖയിൽ വ്യക്തമാക്കിയിരുന്നു.

ഫ്ലാറ്റ് കൈമാറ്റത്തിന് പിന്നാലെ ദമ്പതികൾ തന്നെ ഉപദ്രവിക്കാൻ തുടങ്ങിയെന്നും പിതാവ് ആരോപിച്ചു. കോവിഡ് കാലത്ത് ഫ്ലാറ്റിൽ പ്രവേശിക്കാനും സ്വന്തം സാധനങ്ങളും രേഖകളും എടുക്കാനും ഇവർ അനുവദിച്ചില്ലെന്നാണ് ആരോപണം. തുടർന്ന് ഇളയ മകൻ തന്നെ കാൻഡിവലിയിലും മലാഡിലുമുള്ള അനുയോജ്യമല്ലാത്ത താമസസ്ഥലങ്ങളിലേക്ക് മാറ്റിയെന്നും പിന്നീട് ഗോരായിയിലെ വൃദ്ധസദനത്തിൽ എത്തിച്ചെന്നും പിതാവ് പരാതിപ്പെട്ടു.

2022 ജൂൺ 28-ന് ജീവനാംശം ആവശ്യപ്പെട്ടും ഗിഫ്റ്റ് ഡീഡ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടും അദ്ദേഹം നിയമനോട്ടീസ് അയച്ചു.

2023 മാർച്ച് 13-ന് പിതാവ് ബാന്ദ്രയിലെ മുതിർന്ന പൗരന്മാരുടെ ട്രൈബ്യൂണലിനെ സമീപിച്ചു. ഗിഫ്റ്റ് ഡീഡ് റദ്ദാക്കണമെന്നും ഫ്ലാറ്റിന്റെ കൈവശാവകാശം തിരികെ നൽകണമെന്നും ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. 2024 മാർച്ച് 14-ന് മകനും മരുമകളും പ്രതിമാസം 10,000 രൂപ ജീവനാംശം നൽകണമെന്നും പിതാവിന്റെ ഗോഡൗണിന്റെ കൈവശാവകാശം വിട്ടുനൽകണമെന്നും ട്രൈബ്യൂണൽ ഉത്തരവിട്ടു. എന്നാൽ ഗിഫ്റ്റ് ഡീഡ് റദ്ദാക്കണമെന്ന ആവശ്യം തള്ളി.

തുടർന്ന് പിതാവ് ഡെപ്യൂട്ടി കലക്ടർക്ക് മുമ്പാകെ ഉത്തരവിനെ ചോദ്യം ചെയ്ത് അപ്പീൽ നൽകിയെങ്കിലും 2024 ജൂലൈ 10-ന് അത് തള്ളുകയായിരുന്നു. പിന്നീട് ഇരുകക്ഷികളും ഹൈകോടതിയെ സമീപിച്ചു.

ഗിഫ്റ്റ് ഡീഡ് റദ്ദാക്കുന്നതിനെ മകനും മരുമകളും എതിർത്തു. ഫ്ലാറ്റ് വാങ്ങിയത് മകന്റെ പണം ഉപയോഗിച്ചാണെന്നും ഗിഫ്റ്റ് ഡീഡിൽ ജീവനാംശം നൽകണമെന്ന വ്യവസ്ഥയില്ലെന്നും അവർ വാദിച്ചു. പിതാവിന് തിരികെ വന്ന് തങ്ങളോടൊപ്പം താമസിക്കാമെന്നും ഇരുവരും അറിയിച്ചതായി കോടതിയിൽ വ്യക്തമാക്കി.

മുതിർന്ന പൗരന്മാരുടെ പരിപാലന, ക്ഷേമ നിയമത്തിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടിയ കോടതി, പിതാവിന്റെ ഹരജി അനുവദിച്ച് 2018 ജൂൺ 4-ലെ ഗിഫ്റ്റ് ഡീഡ് റദ്ദാക്കി. ഡീഡ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയ അപ്പീൽ അതോറിറ്റിയുടെ ഉത്തരവും കോടതി റദ്ദാക്കി. 15 ദിവസത്തിനകം ഫ്ലാറ്റ് പിതാവിന് കൈമാറണമെന്നും അല്ലാത്തപക്ഷം പൊലീസിന്റെ സഹായത്തോടെ ഒഴിപ്പിക്കുമെന്നും ഉത്തരവിട്ടു. മകൻ നൽകിയ മറ്റൊരു ഹരജിയും കോടതി തള്ളി. വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചില്ല.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - 88-Year-Old Father Sent to Old-Age Home; Bombay HC Orders Son to Return Flat
Next Story