88 കിലോ സ്വർണക്കട്ടി, 19 കിലോ ആഭരണങ്ങൾ, കോടികൾ വിലയുള്ള ആഡംബര വാച്ചുകൾ, 1.3 കോടി രൂപ! അടച്ചിട്ട ഫ്ലാറ്റിലെ ‘നിധിശേഖരം’ ഞെട്ടിക്കുന്നത്..
text_fieldsഅടച്ചിട്ട ഫ്ലാറ്റിൽനിന്ന് പിടിച്ചെടുത്ത സ്വർണം
അടച്ചിട്ട ഫ്ലാറ്റ് പരിശോധിക്കാനെത്തിയ അധികൃതരെ ഞെട്ടിക്കുന്ന വസ്തുവകകളായിരുന്നു അവിടെ ഉണ്ടായിരുന്നത്. കോടികൾ വിലയുള്ള സ്വർണവും ആഭരണങ്ങളും വാച്ചും പണവുമൊക്കെയായി വമ്പൻ ‘നിധിശേഖരം’. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) ഗുജറാത്തിലെ അഹ്മദാബാദിലെ ഫ്ലാറ്റിൽ നടത്തിയ റെയ്ഡിലാണ് കിലോക്കണക്കിന് സ്വർണം ഉൾപ്പെടെയുള്ളവ കണ്ടെടുത്തത്.
പാൽദി ഏരിയയിലെ റെസിഡൻഷ്യൻ ഫ്ലാറ്റിൽ ഡി.ആർ.ഐ സംഘവും ഗുജറാത്ത് ഭീകര വിരുദ്ധ സ്ക്വാഡിലെ (എ.ടി.എസ്) ഓഫിസർമാരും സംയുക്തമായി റെയ്ഡ് നടത്തിയത്. സ്വർണം ചെറിയ കട്ടികളായി സൂക്ഷിച്ച നിലയിലാണ് ഫ്ലാറ്റിൽനിന്ന് പിടിച്ചെടുത്തത്. ഇവ മൊത്തം തൂക്കിനോക്കിയപ്പോൾ 88 കിലോ ഭാരമുണ്ടായിരുന്നു. രത്നം പതിച്ച 19.66 കിലോ ആഭരണങ്ങളും പിടിച്ചെടുത്തു.
‘തിരച്ചിലിൽ ഏകദേശം 80 കോടി വിലമതിക്കുന്ന 87.92 കിലോഗ്രാം സ്വർണക്കട്ടികൾ കണ്ടെടുത്തു. ഈ സ്വർണ്ണക്കട്ടികളിൽ ഭൂരിഭാഗവും വിദേശ അടയാളങ്ങൾ ഉള്ളവയാണ്. ഇന്ത്യയിലേക്ക് ഇവ അനധികൃതമായി കടത്തിയതാണെന്ന് സൂചിപ്പിക്കുന്നതാണിത്. കൂടാതെ, അവർ കണ്ടെടുത്ത 19.66 കിലോഗ്രാം ആഭരണങ്ങളിൽ വജ്രങ്ങളും വിലയേറിയ മറ്റു കല്ലുകളും പതിച്ചിരുന്നു’ -ധനകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
വജ്രം പതിച്ചത് ഉൾപ്പെടെ ലക്ഷങ്ങൾ വിലയുള്ള 11 ആഡംബര വാച്ചുകളും പിടിച്ചെടുത്തു. ഫ്രാങ്ക് മുള്ളർ കമ്പനിയുടെ വാച്ചും ഇതിൽപെടും. ഒപ്പം, ജേക്കബ് ആൻഡ് കമ്പനിയുടെ ടൈംപീസും. പിടിച്ചെടുത്ത വസ്തുക്കളുടെ മതിപ്പുവില കണക്കാക്കുന്നതേയുള്ളൂവെന്ന് ഡി.ആർ.ഐ അധികൃതർ പറഞ്ഞു. ഈ ഫ്ലാറ്റിൽനിന്ന് 1.37കോടി രൂപയും കണ്ടെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

