ഗുവാഹത്തി: അസമിൽ പ്രളയത്തെ തുടർന്ന് ആറ് പേർ കൂടി മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 85 ആയി. സംസ്ഥാന സർക്കാർ തിങ്കളാഴ്ച അറിയിച്ചതാണിക്കാര്യം.
പ്രളയവുമായി ബന്ധപ്പെട്ട ദുരിതം 70 ലക്ഷത്തോളം ആളുകളെ ബാധിച്ചതായി അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. ‘‘ ഒരു ഭാഗത്ത് ജനങ്ങൾ കോവിഡ് 19 കാരണം ബുദ്ധിമുട്ടുകയാണ്. മറ്റൊരു ഭാഗത്ത് അസമിലെ പ്രളയം വെല്ലുവിളി ഉയർത്തുന്നു. ഞങ്ങളുടെ സംസ്ഥാനത്തെ ജനങ്ങൾ ഇപ്പോഴും പോരാട്ടം തുടരുകയാണ്. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ എല്ലാവിധ സഹായങ്ങളും ജനങ്ങൾക്ക് നൽകുന്നുണ്ട്’’ -മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
70 ലക്ഷത്തിൽപരം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. ജനങ്ങളേയും ഒപ്പം മൃഗങ്ങളേയും പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രഹ്മപുത്ര ഉൾപ്പെടെയുള്ള നദികൾ അപകടകരമാം വിധമാണ് ഒഴുകുന്നത്. കചാർ ജില്ലയിലൂടെ ഒഴുകുന്ന ബറാക് നദിയിലെ ജലത്തിൻെറ അളവും ഉയർന്നിട്ടുണ്ട്. ബ്രഹ്മപുത്ര കരകവിഞ്ഞൊഴുകിയത് മൂലം കാർഷിക വിളകൾ നശിക്കുകയും മണ്ണിടിച്ചിൽ ഉൾപ്പെടെ ഉണ്ടാവുകയും ചെയ്തിരുന്നു.