പ്രതിദിനം രണ്ടുപേർ ആക്രമിക്കപ്പെടുന്നു, പരാതി നൽകുന്നവർ പ്രതികളാകും; മോദി സർക്കാറിൽ ക്രിസ്തുമത വിഭാഗങ്ങൾക്കെതിരായ അക്രമ സംഭവങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കുനേരെ വർധിക്കുന്ന ആക്രമണങ്ങളിൽ ആശങ്കയുമായി മനുഷ്യാവകാശ സംഘടനകൾ. ക്രിസ്‍ത്യൻവിഭാഗങ്ങൾക്കെതിരെ 2024ൽ 834 അക്രമസംഭവങ്ങളാണ് നടന്നതെന്നും മുൻ വർഷത്തെ അപേക്ഷിച്ച് വലിയ വർധനവാണിതെന്നും യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം(യു.സി.എഫ്) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 2023ൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെ 734 അതിക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
റിപ്പോർട്ടിലെ കണക്കുകൾ ആശങ്കപ്പെടുത്തുന്നതാണെന്ന് യു.സി.എഫ് പ്രസ്താവനയിൽ അറിയിച്ചു. കണക്കുകളനുസരിച്ച് പ്രതിദിനം ക്രിസ്തുമത വിശ്വാസികളായ രണ്ടുപേർ അതിക്രമങ്ങൾക്കിരയാകുന്നു. മതത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അക്രമങ്ങൾ നടക്കുന്നതെന്നും യു.സി.എഫ് ചൂണ്ടിക്കാട്ടി.
പലരൂപത്തിലുമാണ് അക്രമങ്ങൾ നടക്കുന്നത്. ചർച്ചുകളെയും പ്രാർഥന യോഗങ്ങളിൽ പങ്കെടുക്കുന്നവരെയും അക്രമികൾ ലക്ഷ്യം വെക്കുന്നു. ചിലർക്കെതിരെ തെറ്റായ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസുകളെടുക്കുന്നു. ചിലയിടങ്ങളിൽ നിർബന്ധിതമായി മതപരിവർത്തനം പോലും നടത്താൻ ശ്രമിക്കുന്നു. ഇന്ത്യയിൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് അക്രമസംഭവങ്ങൾ കൂടുതലും.
ക്രിസ്തുമതവിഭാഗങ്ങൾക്കെതിരെ 2024ൽ ഏറ്റവും കൂടുതൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തത് ആദിത്യനാഥ് യോഗി ഭരിക്കുന്ന ഉത്തർ പ്രദേശിലാണ്, 209 കേസുകൾ. രണ്ടാംസ്ഥാനത്തുള്ള ഛത്തീസ്ഗഢിൽ 165 കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
റിപ്പോർട്ട് ചെയ്യുന്ന ഭൂരിഭാഗം കേസുകളിലും എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്യുന്നില്ലെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ചില സംഭവങ്ങളിൽ പൊലീസിൽ പരാതി നൽകിയിട്ടും രജിസ്റ്റർ ചെയ്യുന്നില്ല. അതേസമയം, സംഭവം ഗതിമാറ്റാൻ സാധ്യതയുണ്ടെന്ന് ഭയന്ന് പലരും പൊലീസിൽ പരാതി നൽകാൻ പോലും മടിക്കുന്ന സാഹചര്യവുമുണ്ട്. അക്രമകാരികൾ തന്നെ ഇരകൾക്കെതിരെ കേസ് നൽകിയ സംഭവങ്ങളുമുണ്ട്.
അങ്ങനെ വരുമ്പോൾ ഇരകൾ അകത്താകുകയും അക്രമികൾ സ്വൈരവിവാഹം നടത്തുകയും ചെയ്യുകയാണെന്ന് യു.സി.എഫ് ദേശീയ കൺവീനർ എ.സി. മൈക്കിൾ നേരത്തേ തന്നെ ദ വയ്റിനു നൽകിയ അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നു.
കേസ് കൊടുത്താൽ അകത്താവുമെന്നും ജീവിതം കൂടുതൽ അപകടത്തിലാവുമെന്നും പറഞ്ഞ് പൊലീസ് പരാതി നൽകാൻ തയാറാവുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
അരികുവത്കരിക്കപ്പെട്ട സംഘങ്ങളാണ് ഇത്തരം അക്രമങ്ങൾക്കിരയാക്കപ്പെടുന്നതെന്നും യു.സി.എഫ് വിലയിരുത്തുന്നു. 2024 ഡിസംബറിൽ റിപ്പോർട്ട് ചെയ്ത ഇത്തരത്തിലുള്ള 73 കേസുകളിൽ 25 എണ്ണവും പട്ടിക വർഗ വിഭാഗങ്ങളാണ് പ്രതിസ്ഥാനത്തുള്ളത്. 14 എണ്ണത്തിൽ ദലിതരാണ്. ഒമ്പത് അക്രമസംഭവങ്ങളിൽ വനിതകളെയും പൊലീസ് ലക്ഷ്യമിട്ടിട്ടുണ്ട്.
ക്രിസ്തുമതം തെരഞ്ഞെടുത്ത പട്ടിക വർഗ വിഭാഗങ്ങൾക്കാണ് ഏറ്റവും കൂടുതൽ ഭീഷണിയുള്ളത്. ഇവരെ ഭീഷണിപ്പെടുത്തി ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിക്കുന്നു. ഇത്തരം കേസുകളിൽ ഇടപെടാൻ കോടതികൾ പോലും മടിക്കുന്ന സാഹചര്യവുമുണ്ട്.
തങ്ങളുടെ സമുദായങ്ങൾക്കെതിരെ വർധിക്കുന്ന അതിക്രമങ്ങൾക്കെതിരെ അടിയന്തരമായി ഇടപെട്ട് നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 2024 ഡിസംബർ 31ന് 30 ചർച്ച് ഗ്രൂപ്പുകളും 400 മുതിർന്ന ക്രിസ്ത്യൻ മതനേതാക്കളുമടങ്ങിയ സംഘം രാഷ്ട്രപതി ദ്രൗപതി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പരാതി നൽകിയിരുന്നു. എന്നാൽ ഒരുതരത്തിലുള്ള നടപടിയുമുണ്ടായില്ല. ഇത്തരത്തിലുള്ള അപേക്ഷകൾ അവഗണിച്ചുകൊണ്ടാണ് മോദി കഴിഞ്ഞ കുറച്ചു വർഷങ്ങളായി ക്രിസ്ത്യൻ വിഭാഗങ്ങളിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത് അവരുടെ പ്രീതി പിടിച്ചു പറ്റാൻ ശ്രമിക്കുന്നത്.
2024 ഡിസംബറിൽ മോദി കാത്തലിക് ബിഷപ്പ് കോൺഫറൻസ് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുത്തു. അവിടെ വെച്ച് ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്തു. എന്നാൽ അത് ഇന്ത്യയിലെ സംഭവങ്ങളെ കുറിച്ചാണെന്ന് ധരിക്കരുത്, ജർമനിയിലും ശ്രീലങ്കയിലും ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെ നടന്ന അക്രമങ്ങളെ കുറിച്ചായിരുന്നു. ജർമനിയിലെ ക്രിസ്മസ് മാർക്കറ്റ് ആക്രമണവും 2019ൽ ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന അക്രമവുമാണ് മോദി പ്രസംഗത്തിൽ പരാമർശിച്ചത്. മോദിയുടെ ഇരട്ടത്താപ്പാണിതെന്നു മാധ്യമപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ ജോൺ ദയാൽ ചൂണ്ടിക്കാട്ടി. മോദിയുടെ ഈ നിലപാടിനെ പ്രതിപക്ഷവും ചോദ്യം ചെയ്യുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

