ബാലവേലക്കെതിരെ കടുത്ത നടപടിയുമായി കർണാടക സർക്കാർ; 800 കുട്ടികളെ രക്ഷപ്പെടുത്തി, 16951 ഇടങ്ങളിൽ പരിശോധന
text_fieldsബംഗളൂരു: ബാലവേലക്കെതിരെ കർശന നടപടികളുമായി കർണാടക സർക്കാർ. സംസ്ഥാനത്ത് 16,951 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 800 കുട്ടികളെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കടകൾ, ഫാക്ടറികൾ, വർക് ഷോപ്പുകൾ, ഗാരേജുകൾ, നിർമാണ സ്ഥലങ്ങൾ, ഹോട്ടലുകൾ, പെട്രോൾ പമ്പുകൾ, മാളുകൾ തുടങ്ങിയ ഇടങ്ങളിലായിരുന്നു പരിശോധന.
ബംഗളൂരു നഗരത്തിലാണ് ഏറ്റവും കൂടുതൽ കുട്ടികളെ രക്ഷപ്പെടുത്തിയത്. 503 കുട്ടികളെയാണ് പൊലീസ് വിവിധ ഇടങ്ങളിൽനിന്ന് രക്ഷപ്പെടുത്തിയത്. വിജയപുരയിൽ 72, തുമകൂരുവിൽ 33, കൊപ്പളിൽ 27, കലബുറഗിയിൽ 22, ബെല്ലാരിയിൽ 15, മൈസൂരുവിൽനിന്ന് 13 കുട്ടികളെയും രക്ഷപ്പെടുത്തി.
ബംഗളൂരുവിൽ മാത്രം 5,897 സ്ഥലങ്ങളിൽ പ്രത്യേക പരിശോധനയും റെയ്ഡും നടത്തിയിരുന്നു. നഗരത്തിലെ 11 പൊലീസ് ഡിവിഷനുകളിലെ ഡെപ്യൂട്ടി പൊലീസ് കമീഷണർമാരുടെ നേതൃത്വത്തിലും സെൻട്രൽ ക്രൈം ബ്രാഞ്ചിലെ രണ്ട് ഡെപ്യൂട്ടി കമീഷണർമാരുടെ മേൽനോട്ടത്തിലുമായിരുന്നു നടപടി. തൊഴിൽവകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. കുട്ടികളെ ജോലിക്ക് നിയോഗിച്ച സ്ഥാപനങ്ങൾക്കെതിരെ 18 കേസുകൾ രജിസ്റ്റർ ചെയ്തു. ബാലവേല തുടരുന്ന സ്ഥാപനങ്ങളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുകയാണ് പരിശോധനയുടെ ലക്ഷ്യമെന്ന് പൊലീസ് വ്യക്തമാക്കി.
സെപ്റ്റംബർ എട്ടിന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ യശ്വന്ത്പുർ എ.പി.എം.സി (അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി) മാർക്കറ്റിൽ നടത്തിയ അപ്രതീക്ഷിത സന്ദർശനമാണ് സംസ്ഥാനതല നടപടിക്ക് പ്രധാന കാരണം. മാർക്കറ്റിൽ കുട്ടികൾ ജോലി ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബാലവേല ചെയ്യുന്ന കുട്ടികളെ കണ്ടെത്താനും കുട്ടികളെക്കൊണ്ട് ജോലി ചെയ്യിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന് യശ്വന്ത്പുർ എ.പി.എം.സി മാർക്കറ്റിൽ പൊലീസ് നടത്തിയ പരിശോധനയിൽ 19 കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. രക്ഷപ്പെടുത്തിയ കുട്ടികളിൽ മറ്റ് സംസ്ഥാനങ്ങളിലെ കുട്ടികളും ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

