ഡൽഹിയിൽ എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തു; പ്രതി പിടിയിൽ
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പിഞ്ചുകുഞ്ഞിന് കൊടുംപീഡനം. എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മായിയുടെ 28കാരനായ മകൻ ബലാത്സംഗം ചെയ്തു. വടക്കുകിഴക്കേ ഡൽഹിയിലെ നേതാജി െപ്ലയ്സിൽ ഞായറാഴ്ചയായിരുന്നു മനഃസ്സാക്ഷിയെ ഞെട്ടിച്ച സംഭവം. ഗുരുതരാവസ്ഥയിൽ കണ്ട കുഞ്ഞിനെ മാതാപിതാക്കൾ ആശുപത്രിയിലെത്തിച്ചു. ശസ്ത്രക്രിയക്ക് വിധേയയായ കുഞ്ഞ് സുഖംപ്രാപിക്കുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
വീട്ടുവേല ചെയ്യുന്ന മാതാവ് കുഞ്ഞിനെ അമ്മായിയെ ഏൽപിച്ച് ജോലിക്കു പോയതാണ്. അമ്മായി പുറത്തുപോയ സമയം ഇവരുടെ മകൻ ബലാത്സംഗം ചെയ്യുകയായിരുന്നു. രാത്രി 12.30ഒാടെ മടങ്ങിയെത്തിയ മാതാവ് കുഞ്ഞിെൻറ വസ്ത്രത്തിൽ രക്തപ്പാട് കണ്ടെത്തി. ഉടൻ ഭർത്താവിനെ വിവരമറിയിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റം സമ്മതിച്ച പ്രതി മദ്യലഹരിയിൽ ചെയ്തതാണെന്ന് ചോദ്യംചെയ്യലിൽ അറിയിച്ചു.
ഡൽഹി വനിത കമീഷൻ അധ്യക്ഷ സ്വാതി മാലിവാൽ കുഞ്ഞിനെ ആശുപത്രിയിൽ സന്ദർശിച്ചു. സംഭവത്തിൽ തീവ്രദുഃഖം പ്രകടിപ്പിച്ച അവർ, ഇത്, ഡൽഹി വനിത കമീഷനു മേലുള്ള ബലാൽക്കാരമായും വിശേഷിപ്പിച്ചു. ബലാത്സംഗക്കേസുകളിൽ പ്രതികളെ ആറുമാസത്തിനുള്ളിൽ ശിക്ഷിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും അവർ ട്വിറ്ററിൽ പരിതപിച്ചു.
