ആം ആദ്മി പാർട്ടിയിൽ പൊട്ടിത്തെറി; രാജിവെച്ച എം.എൽ.എമാർ ബി.ജെ.പി നേതൃത്വവുമായി ചർച്ച തുടങ്ങി
text_fieldsന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ പൊട്ടിത്തെറി. നിയമസഭ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നിൽക്കെ സിറ്റിങ് എം.എൽ.എമാരുടെ കൂട്ടരാജിയിൽ ആം ആദ്മി പാർട്ടി ഉലയുകയാണ്. രാജി െവച്ച എം.എൽ.എമാർ ബി.ജെ.പി നേതൃത്വവുമായി ഇതിനകം ചർച്ച നടത്തി കഴിഞ്ഞു. സീറ്റ് നിഷേധിച്ച എട്ട് എം.എൽ.എമാരുടെ രാജി കെജ്‌രിവാളിനെയും കൂട്ടാളികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്.
സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ 20 സിറ്റിങ് എം.എൽ.എമാർക്ക് ആം ആദ്മി പാർട്ടി സീറ്റ് നിഷേധിച്ചിരുന്നു. അതുകൊണ്ട് തന്നെ കൂടുതൽ എം.എൽ.എമാർ പാർട്ടിക്കെതിരെ രംഗത്ത് വന്നേക്കുമെന്നാണ് വിവരം. അതേസമയം രാജി വച്ച എം.എൽ.എമാരുമായി ബി.ജെ.പി ചർച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ എം.എൽ.എമാരുടെ കൊഴിഞ്ഞുപോക്ക് തിരിച്ചടിയാകില്ല എന്നാണ് ആം ആദ്മി പാർട്ടി വാദം. സ്ഥാനമോഹികളാണ് പാർട്ടി വിട്ടതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.
നരേഷ് യാദവ് (മെഹ്‌റൗളി), രോഹിത് കുമാർ (ത്രിലോക്പുരി), രാജേഷ് ഋഷി (ജനക്‌പുരി), മദൻ ലാൽ (കസ്തൂർബാ നഗർ), പവൻ ശർമ (ആദർശ് നഗർ), ഭാവന ഗൗഡ് (പാലം), ഗിരീഷ് സോണി (മാദിപൂർ), ബി.എസ്. ജൂൺ (ബിജ്വാസൻ) എന്നിവരാണ് രാജിവെച്ച എം.എൽ.എമാർ. കെജ്രിവാളിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും പാർട്ടി അഴിമതിയുടെ ചതുപ്പിൽ കുടുങ്ങി കിടക്കുകയാണെന്നാണ് രാജിവെച്ച എം.എൽ.എമാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

