ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 75, 809 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 42,80,423 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
രാജ്യത്ത് 24 മണിക്കൂറിൽ 1133 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 72,775 ആയി. ആരോഗ്യമന്ത്രാലയത്തിെൻറ റിപ്പോർട്ട് പ്രകാരം രാജ്യത്തെ മരണനിരക്ക് 1.70 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
രാജ്യത്ത് ഇതുവരെ 33,23,951 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 77.65 ശതമാനമായി ഉയർന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
8.83 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. നിലവിലുള്ള കോവിഡ് രോഗികളുടെ നിരക്ക് 20.65 ശതമാനമായി. ചികിത്സയിലുള്ളവരുടെ നാലിരട്ടിയിലധികം പേർ രോഗമുക്തി നേടിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,98,621 കോവിഡ് പരിശോധനകൾ നടത്തിയെന്ന് ഐ.സി.എം.ആർ അറിയിച്ചു. ഇതാദ്യമായാണ് ഒറ്റ ദിവസത്തിനുള്ളിൽ 10 ലക്ഷത്തോളം പരിശോധന നടത്തുന്നത്. ഇതുരെ അഞ്ചു കോടിയിലധികം കോവിഡ് പരിശോധനകളാണ് ഐ.സി.എം.ആർ നടത്തിയത്.