‘മരിച്ചാൽ ആരൊക്കെ വരുമെന്ന് കാണണം’; ജീവിച്ചിരിക്കെ സ്വന്തം സംസ്കാരച്ചടങ്ങ് സംഘടിപ്പിച്ച് 74കാരൻ
text_fieldsമോഹൻ ലാൽ
പട്ന: ബിഹാറിലെ ഗയയിൽ സ്വന്തം ശവസംസ്കാരച്ചടങ്ങ് സംഘടിപ്പിച്ച 74കാരൻ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. റിട്ടയേഡ് വ്യോമസേന ഉദ്യോഗസ്ഥനായ മോഹൻ ലാലാണ് സ്വന്തം ചിതയൊരുക്കി പ്രിയപ്പെട്ടവരുടെ വരവിനായി ‘കണ്ണടച്ച് കിടന്നത്’. മരണശേഷം അവസാനമായി ഒരുനോക്ക് കാണാൻ ആരെല്ലാമെത്തും എന്നറിയാനുള്ള കൗതുകത്തിലാണ് താൻ ഇക്കാര്യം ചെയ്തതെന്ന് അദ്ദേഹം പറയുന്നു. ഏതായാലും ഗയയിലും സമീപ പ്രദേശങ്ങളിലും മോഹൻ ലാലാണ് ഇപ്പോൾ സംസാര വിഷയം.
ഗയയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനാണ് മോഹൻ ലാൽ. ആളുകളുടെ മരണശേഷം ചുറ്റും കൂടുന്നവർ കരയുമെങ്കിലും ജീവിച്ചിരിക്കുമ്പോൾ എന്തായിരുന്നു അവരുടെ അവസ്ഥയെന്ന് ചോദിക്കാൻ ആരും വരാറില്ലെന്ന് അദ്ദേഹം പറയുന്നു. തന്‍റെ അന്ത്യയാത്രയെ അനുഗമിക്കാൻ ആരെല്ലാമെത്തുമെന്ന് കാണാനായാണ് ഇത്തരത്തിലൊരു ചടങ്ങ് സംഘടിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എത്തിയവരെയെല്ലാം സദ്യ നൽകിയ ശേഷമാണ് അദ്ദേഹം പറഞ്ഞയച്ചത്.
മരിച്ചുകഴിഞ്ഞ് കണ്ണീർ പൊഴിക്കുന്നതിനേക്കാൾ നല്ലത് ജീവിച്ചിരിക്കുമ്പോൾ ആദരവ് നൽകുന്നതാണെന്ന് ആളുകൾ മനസിലാക്കണമെന്ന് മോഹൻ ലാൽ പറയുന്നു. റിട്ടയേഡ് സൈനികൻ എന്നതിലുപരി, സാമൂഹ്യപ്രവർത്തകനെന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്. മഴക്കാലത്തെ മൃതദേഹ സംസ്കരണം എളുപ്പമാക്കാനായി സ്വന്തം ഗ്രാമത്തിൽ ആധുനിക ശ്മശാനവും മോഹൻ ലാൽ നിർമിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

