ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 70െൻറ നിറവിൽ. പിറന്നാളായ ഇന്നലെ കക്ഷിരാഷ്ട്രീയ ഭേദമന്യേ നിരവധിപേർ മോദിക്ക് ആശംസകൾ നേർന്നു. ബി.ജെ.പിയുടെ നേതൃത്വത്തിൽ മോദിയുടെ പിറന്നാൾ 'സേവ ദിവസ്' ആയി ആഘോഷിച്ചു. ഇതിെൻറ ഭാഗമായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പൊതുസേവന പരിപാടികൾ സംഘടിപ്പിച്ചു.
ഇന്ത്യയുടെ ജീവിതമൂല്യങ്ങളും ജനാധിപത്യ പാരമ്പര്യവും ഉയർത്തിപ്പിടിക്കുന്നതിൽ താങ്കൾ മാതൃകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് മോദിക്കയച്ച സന്ദേശത്തിൽ പറഞ്ഞു. രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാൻ അഹോരാത്രം യജ്ഞിച്ച വ്യക്തിയാണ് മോദിയെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു.
ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർക്ക് പുറമെ, റഷ്യൻ പ്രസിഡൻറ് വ്ലാദ്മിർ പുടിൻ ഉൾപ്പെടെ വിവിധ ലോകനേതാക്കളും മോദിക്ക് ആശംസ നേർന്നു. മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ സാമൂഹിക-സാമ്പത്തിക, ശാസ്ത്ര, സാങ്കേതിക വികസനത്തിൽ ജൈത്രയാത്ര തുടരുകയാണെന്ന് പുടിൻ അഭിപ്രായപ്പെട്ടു.