റെയ്ഗഡ്: ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച എലഫൻറ ഗുഹകളിൽ ആദ്യമായി വൈദ്യുതി എത്തി. സ്വാതന്ത്ര്യം ലഭിച്ച് 70 വർഷമായിട്ടും ഇവിടെ വൈദ്യുതി ഉണ്ടായിരുന്നില്ല. തുടർന്ന് 7.5 കിലോമീറ്റർ ദുരം കടലിനടിയിലൂടെ കേബിൾ വലിച്ചാണ് വൈദ്യുതി എത്തിച്ചത്.
മഹാരാഷ്ട്രയിലെ മുംബൈയിൽ നിന്ന് 10 കിലോമീറ്റർ അകലെ ഖരപുരി ദ്വീപിലാണ് ഗുഹ സ്ഥിതി ചെയ്യുന്നത്. 15 മാസം കൊണ്ടാണ് ദ്വീപ് വൈദ്യുതീകരിക്കുന്ന പദ്ധതി പൂർത്തിയാക്കിയത്. 25 കോടി രൂപയുടെതായിരുന്നു പദ്ധതി. കാലങ്ങളായി അസ്തമനത്തിനു ശേഷം ദ്വീപ് ഇരുട്ടിലാണ്. 1200ഒാളം പേരാണ് ഇൗ ചെറുദ്വീപിൽ താമസം. മത്സ്യ ബന്ധനവും മത്സ്യക്കൃഷിയുമായി ഉപജീവനം നയിക്കുന്നവരാണിവർ.
ഇന്ത്യയിൽ കടലിനടിയിലൂടെ വലിച്ച വൈദ്യുത കേബിളുകളിൽ ഏറ്റവും നീളം കൂടിയത് ഖരപുരി ദ്വീപിലേക്കുള്ളതാണ്. ദ്വീപിൽ വലുതും ചെറുതുമായ ഏഴ് ഗുഹാക്ഷേത്രങ്ങളുണ്ട്. ഹിന്ദു വിശ്വാസ പ്രകാരമുള്ള ശിവക്ഷേത്രമാണിവ. അഞ്ച്, ആറ് നൂറ്റാണ്ടുകളിെല കൊത്തു പണികളാണ് ഇൗ ഗുഹാക്ഷേത്രങ്ങളിലുള്ളത്. അതിനാൽ 1987ൽ യുനസ്കോ ഇൗ ഗുഹാക്ഷേത്രങ്ങളെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
ദിവസവും ആയിരക്കണക്കിന് വിനോദ സഞ്ചാരികളും ദ്വീപിലെത്താറുണ്ട്. കൊടും കാടിനാൽ ചുറ്റപ്പെട്ടതാണ് ദ്വീപ്. ഗേറ്റ് വേ ഒാഫ് ഇന്ത്യയിൽ നിന്നോ റെയ്ഗഡിൽ നിന്നോ ഒരു മണിക്കൂർ മോേട്ടാർ ബോട്ടിൽ യാത്ര ചെയ്താലാണ് ദ്വീപിലെത്തുക. കൊടും കാടായതിനാൽ തന്നെ വൈകീട്ട് മടങ്ങണമെന്ന് വിനോദ സഞ്ചാരികൾക്ക് നിർബന്ധ മുന്നറിയിപ്പും നൽകാറുണ്ട്.