അസമിൽ രാജധാനി എക്സ്പ്രസ് തട്ടി ഏഴ് ആനകൾ ചെരിഞ്ഞു
text_fieldsഗുവാഹതി: അസമിലെ ഹോജായി ജില്ലയിൽ ആനക്കൂട്ടത്തിനിടയിലേക്ക് ട്രെയിൻ ഇടിച്ചു കയറി ഏഴ് ആനകൾ ചെരിഞ്ഞു. അപകടത്തിന് പിന്നാലെ ട്രെയിനിന്റെ അഞ്ച് കോച്ചുകൾ പാളം തെറ്റി. ശനിയാഴ്ച പുലർച്ചെ 2.17ഓടെ ആനക്കൂട്ടം റെയിൽപാളം മുറിച്ചു കടക്കുന്നതിനിടെയാണ് സായ് രംഗ് -ന്യൂഡൽഹി രാജ്ധാനി എക്സ്പ്രസ് ഇടിച്ചത്. ഒരാനക്ക് പരിക്കേറ്റു. മുഖ‍്യമന്ത്രി ഹിമന്ത ബിശ്വ ശർമ വനം വകുപ്പിനോട് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ‍്യപ്പെട്ടു. സംഭവത്തിന് പിന്നാലെ നിരവധി ട്രെയിനുകൾ റദ്ദാക്കി. ആനകളുടെ ശരീരഭാഗങ്ങൾ ട്രാക്കിൽ ചിതറിക്കിടക്കുകയാണ്.
അതേസമയം മൂടൽമഞ്ഞുമൂലം ആനക്കൂട്ടത്തെ കാണാന്‍ സാധിക്കാത്തതിനാലാവാം അപകടം നടന്നതെന്ന് നാഗോൺ ഡിവിഷനൽ ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ല. സംഭവം നടക്കുമ്പോൾ 600 യാത്രക്കാർ ട്രെയിനിലുണ്ടായിരുന്നു. അതിൽ 200 പേർ പാളം തെറ്റിയ കോച്ചുകളിലായിരുന്നു ഉണ്ടായിരുന്നത്. അവരെ മറ്റ് കോച്ചുകളിലേക്ക് മാറ്റി സുരക്ഷിതരാക്കിയാണ് ട്രെയിൻ യാത്ര തുടർന്നത്. ആനകൾ സഞ്ചരിക്കുന്ന പ്രത്യേക ഇടനാഴിയായി പ്രഖ്യാപിച്ചിട്ടില്ലാത്ത സ്ഥലത്താണ് അപകടമുണ്ടായത്. നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേയുടെ ലുംഡിംഗ് ഡിവിഷന് കീഴിലുള്ള ജമുനാമുഖ്-കാമ്പൂർ സെക്ഷനിലാണ് അപകടമുണ്ടായത്.
ട്രെയിനിടിച്ച് ആനകൾ ചെരിഞ്ഞ സംഭവത്തിൽ അസം മുഖ‍്യമന്ത്രി ഹിമന്ത ബിശ്വ ശർമ ദുഃഖം പ്രകടിപ്പിച്ചു. സംഭവത്തിൽ അന്വേഷണത്തിനും ഉത്തരവിട്ടു. രാജ്യത്തുടനീളം അഞ്ചുവർഷത്തിനിടെ ട്രെയിനിടിച്ച് മരിച്ചത് 70 ലേറെ ആനകളാണെന്നാണ് കഴിഞ്ഞ ആഗസ്റ്റിൽ പരിസ്ഥിതി മന്ത്രി കീർത്തി വർധൻ സിങ് പാർലമെന്റിൽ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

