തമിഴ്നാട്ടിലെ സീഫുഡ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച: ഏഴു മരണം, 60ലധികം പേർ ആശുപത്രിയിൽ
text_fieldsചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ പെരിയപാളയം സമീപമുള്ള മഞ്ഞങ്കരനൈയിലെ ഒരു സ്വകാര്യ സീഫുഡ് ചെമ്മീൻ സംസ്കരണ ഫാക്ടറിയിൽ അമോണിയ വാതക ചോർച്ചയെ തുടർന്ന് ഏഴുപേർ മരിച്ചു. 60ലധികം തൊഴിലാളികളെ ശ്വാസതടസം, കണ്ണെരിച്ചിൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവം.
സെന്റ് പീറ്റേഴ്‌സ് പോൾ സീഫുഡ് എക്‌സ്‌പോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡിലാണ് സംഭവം. വാതക ചോർച്ചയെ തുടർന്ന് അടിയന്തര സേവന വിഭാഗങ്ങളും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. തൊഴിലാളികൾ സമീപത്തെ ആശുപത്രികളിൽ ചികിത്സ തേടി.
അസം, ഒഡീഷ, ഝാർഖണ്ഡ് എന്നിവിടങ്ങളിൽനിന്നുള്ള സ്ത്രീകൾ ഉൾപ്പെടെ 120ഓളം തൊഴിലാളികൾ ഫാക്ടറി വളപ്പിൽ താമസിച്ചിരുന്നു. ഈ തൊഴിലാളികളാണ് അപകടത്തിന് ഇരയായത്. സീഫുഡ് പ്രോസസിങ് യൂണിറ്റിൽനിന്നാണ് അമോണിയ വാതകം ചോർന്നതെന്നാണ് പ്രാഥമിക വിവരം.
വാതക ചോർച്ചയെ തുടർന്ന് പലർക്കും ശ്വാസതടസമുണ്ടായി. ചിലർക്ക് വായിൽനിന്നും മൂക്കിൽനിന്നും രക്തസ്രാവമുണ്ടായി. തുടർന്ന് തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഒമ്പതുപേരെ ചെന്നൈയിലെ സ്റ്റാൻലി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പെരിയപാളയം പോലീസ് സ്റ്റേഷൻ, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, റവന്യൂ വകുപ്പ്, ആരോഗ്യ വകുപ്പ് തുടങ്ങിയവയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. ഫാക്ടറിയിലെ സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാൻ അധികൃതർ അന്വേഷണം ആരംഭിച്ചു. തമിഴ്നാട്ടിൽ സീഫുഡ് സംസ്കരണ യൂണിറ്റുകളിൽ അമോണിയ ചോർച്ചയുമായി ബന്ധപ്പെട്ട അപകടങ്ങൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സംഭവത്തെ അങ്ങേയറ്റം ദാരുണമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് വിശേഷിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. കൂടാതെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി വിജയ് മൂന്നംഗ സമിതി രൂപീകരിച്ചു. 24 മണിക്കൂറിനുള്ളിൽ ഇടക്കാല റിപ്പോർട്ടും മൂന്ന് ദിവസത്തിനുള്ളിൽ വിശദമായ റിപ്പോർട്ടും സമർപ്പിക്കാൻ പാനലിന് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

