സൂറത്തിൽ ബസുകൾ കൂട്ടിയിടിച്ച് ഏഴു പേർ മരിച്ചു; 40 പേർക്ക് പരിക്ക്
text_fieldsസൂറത്ത്: ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ ബർദോളിക്ക് സമീപം രണ്ടു ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴു പേർ മരിച്ചു. ഏകദേശം 40 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ചയാണ് സംഭവം. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (എം.എസ്.ആർ.ടി.സി) ബസുകളാണ് അപകടത്തിൽപ്പെട്ടത്. കൂട്ടിയിടിയെത്തുടർന്ന് ഒരു ബസിന് തീപിടിച്ചു. തീപിടിച്ച ബസിലുണ്ടായിരുന്നവരാണ് മരിച്ച ഏഴു പേരും.
മഹാരാഷ്ട്രയെയും ഗുജറാത്തിനെയും ബന്ധിപ്പിക്കുന്ന ദേശീയപാത 53ൽ ഉവ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നതെന്ന് അധികൃതർ അറിയിച്ചു. സൂറത്തിൽനിന്ന് ധൂലെയിലേക്ക് പോകുകയായിരുന്ന ബസും ചാലിസ്ഗാവിലെത്തി സൂറത്തിലേക്ക് വരികയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്.
ബർദോളിയിൽനിന്ന് വ്യാരായിലേക്കുള്ള പാതയിൽ മഹാരാഷ്ട്രയിലേക്ക് പോകുകയായിരുന്ന ബസ് ഒരു ട്രാക്ടറിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഡിവൈഡർ മറിക്കടന്ന് എതിർദിശയിൽ വന്ന ബസിലിടിച്ചു. തുടർന്ന് ബസ് മറിഞ്ഞ് റോഡിന് സമീപമുള്ള താഴ്ന്ന പ്രദേശത്തേക്ക് പതിക്കുകയും തീപിടിക്കുകയുമായിരുന്നുവെന്ന് സൂറത്ത് ജില്ല പൊലീസ് സൂപ്രണ്ട് രാജേഷ് ഗാഡിയ പറഞ്ഞു.
വിവരമറിഞ്ഞയുടൻ സൂറത്തിൽനിന്നും അയൽജില്ലയായ താപിയിൽനിന്നും പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ബസുകളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ രക്ഷപ്പെടുത്തി പരിക്കേറ്റവരെ ബർദോളി ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സർനായിക് മുംബൈയിൽ പ്രഖ്യാപിച്ചു. അതീവ ദുഃഖകരവും വേദനാജനകവുമായ സംഭവമാണിതെന്ന് അദ്ദേഹം പറഞ്ഞു.
അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട യാത്രക്കാർക്കും എം.എസ്.ആർ.ടി.സി ജീവനക്കാർക്കും ആദരാഞ്ജലികൾ അർപ്പിച്ച ചെയർമാൻ, അവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിച്ചു. മരിച്ചവരുടെ അവകാശികൾക്ക് 10 ലക്ഷം രൂപ വീതം സഹായം നൽകുമെന്ന് പ്രതാപ് സർനായിക് വ്യക്തമാക്കി. പരിക്കേറ്റവർക്ക് സൗജന്യവും മികച്ചതുമായ ചികിത്സ ലഭ്യമാക്കാൻ അധികൃതർക്ക് അദ്ദേഹം നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

