ഗുജറാത്ത് തെരഞ്ഞെടുപ്പ്: സൂറത്തിൽ എട്ട് സീറ്റുകൾ വരെ നേടുമെന്ന് കെജ്രിവാൾ
text_fieldsഗാന്ധിനഗർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സൂറത്തിൽ ആംആദ്മി പാർട്ടി (എ.എ.പി) എട്ട് സീറ്റുകൾ വരെ നേടുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എ.എ.പിക്ക് ഗുജറാത്തിൽ 92 സീറ്റുകൾ ലഭിക്കുമെന്നും സർക്കാർ രൂപീകരിക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കി. സൂറത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സൂറത്തിൽ എ.എ.പി എട്ടു സീറ്റുകൾ വരെ നേടും. പാർട്ടി അധ്യക്ഷൻ 33കാരനായ ഗോപാൽ ഇറ്റാലിയ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. മുഖ്യമന്ത്രി സ്ഥാനാർഥി ഇസുദൻ ഗാധ്വി, അൽപേഷ് കത്തിരിയ എന്നിവരും വിജയിക്കും.' -കെജ്‌രിവാൾ പറഞ്ഞു.
ഗുജറാത്തിലെ സ്ത്രീകളോടും യുവാക്കളോടും എ.എ.പിക്ക് വോട്ട് ചെയ്യാൻ അഭ്യർഥിച്ച കെജ്രിവാൾ അധികാരത്തിലെത്തായാൽ സംസ്ഥാനത്തെ തൊഴിലില്ലായ്മയിൽ നിന്ന് മുക്തമാക്കുമെന്നും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും വാഗ്ദാനം ചെയ്തു. ബി.ജെ.പിയും എ.എ.പിയും തമ്മിൽ മത്സരമില്ലെന്നും ബി.ജെ.പിയെക്കാളും ബഹുദൂരം മുന്നിലാണ് എ.എ.പിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഡിസംബറിൽ രണ്ട് ഘട്ടങ്ങളായാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. 182 നിയമസഭാ സീറ്റുകളിലേക്കാണ് മത്സരം. ഒന്നാംഘട്ടം ഡിസംബർ ഒന്നിനും രണ്ടാഘട്ടം ഡിസംബർ അഞ്ചിനും നടക്കും. എട്ടിനാണ് ഫലം പ്രഖ്യാപനം.