ന്യൂഡൽഹി: മേയ് വരെ 64 ലക്ഷംപേർക്ക് രാജ്യത്ത് കോവിഡ് ബാധിച്ചിരിക്കാമെന്ന് ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ). ഇത് രാജ്യത്തെ ജനസംഖ്യയുടെ 0.73 ശതമാനം മാത്രമാണെന്നും പറയുന്നു. ഐ.സി.എം.ആർ ആദ്യമായി നടത്തിയ സീറോ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
18നും 45നും ഇടയിൽ പ്രായമുള്ള 43.3 ശതമാനം പേരുടെയും 46നും 60 നും ഇടയിലെ 39.5 ശതമാനം പേരുടെയും ശരീരത്തിൽ ആൻറിബോഡി കണ്ടെത്തിയതായും സർവേയിൽ പറയുന്നു. രാജ്യത്തെ വിവിധ ജില്ലകളിൽ നിന്നായി തെരഞ്ഞെടുത്ത 28,000 സാമ്പിളുകളാണ് പരിശോധിച്ചത്.
മേയ് 11 മുതൽ ജൂൺ നാലുവരെയാണ് സർവേ സംഘടിപ്പിച്ചത്. 21 സംസ്ഥാനങ്ങളിലെ 70 ജില്ലകളിലാണ് സർവേ നടത്തിയത്. സർവേയിൽ പങ്കെടുത്തവരിൽ 51.5 ശതമാനം സ്ത്രീകളാണ്. മേയിലെ കണക്കുകൾ പ്രകാരം ഇന്ത്യ കോവിഡ് വ്യാപനത്തിൻെറ പ്രാരംഭ ഘട്ടത്തിലാണെന്നും കണക്കുകൾ പറയുന്നു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 96,551 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 45 ലക്ഷം കടന്നു. പുതുതായി 1209 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ 76721 പേർ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു. 9,43,480 പേരാണ് ചികിത്സയിലുള്ളത്.