20 ദിവസത്തിനിടെ 64 മരണം; ആഗ്രയിലെ ഗ്രാമങ്ങളിൽ കോവിഡ് പിടിമുറുക്കുന്നു
text_fieldsന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം അതിതീവ്രമായി രാജ്യത്ത് തുടരവെ ആഗ്രയിലെ ഗ്രാമങ്ങളിലും രോഗബാധ പടരുന്നു. ആഗ്രയിലെ രണ്ട് ഗ്രാമങ്ങളിലായി 64 പേരാണ് കഴിഞ്ഞ 20 ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തതയും ജനങ്ങൾക്ക് കോവിഡിനെ കുറിച്ച് അവബോധമില്ലാത്തതും ഇവിടെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ആഗ്രയിൽ നിന്ന് 12 കിലോ മീറ്റർ അകലെയുള്ള ബാമരുളി കാത്ര ഗ്രാമത്തിൽ 50 പേരാണ് കോവിഡ് രോഗലക്ഷണങ്ങളോടെ മരിച്ചത്. പലർക്കും ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ആശുപത്രിക്കുള്ള യാത്ര മധ്യയേയാണ് പല ആളുകൾക്കും ജീവൻ നഷ്ടമായത്. കോവിഡ് ലക്ഷണങ്ങളോടെ കൂടുതൽ പേർ മരിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ഇവിടെ പരിശോധന നടത്തി. പക്ഷേ 46 പേർ മാത്രമാണ് പരിശോധനക്കെത്തിയത്. ഇതിൽ നാല് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഏകദേശം 40,000ത്തോളമാണ് ഗ്രാമത്തിലെ ജനസംഖ്യ. തെരഞ്ഞെടുപ്പിന് ശേഷമാണ് ഗ്രാമത്തിൽ കോവിഡ് വ്യാപനം തുടങ്ങിയതെന്നും റിപ്പോർട്ടുണ്ട്.
ആഗ്രയിൽ നിന്ന് 40 കിലോ മീറ്റർ അകലെയുള്ള എമാഡപൂർ ഗ്രാമത്തിലും സ്ഥിതി വിഭിന്നമല്ല. ഇവിടെ 14 പേരാണ് പനിയും കോവിഡിെൻറ മറ്റ് ലക്ഷണങ്ങളുമായി മരിച്ചത്. 100 പേരെ ടെസ്റ്റ് ചെയ്തതിൽ 27 പേർക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതൽ ആളുകൾ രോഗബാധിതരായതോടെ സമീപത്തെ സ്കൂൾ ഐസോലേഷൻ സെൻററാക്കി മാറ്റി. പക്ഷേ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇവിടെയില്ല. രോഗികൾക്ക് ശ്വാസതടസം അനുഭവപ്പെട്ടാൽ ഓക്സിജൻ നൽകുന്ന സംവിധാനവും ഒരുക്കിയിട്ടില്ല. അതേസമയം, ഗ്രാമത്തിലുള്ളവർ കോവിഡ് പരിശോധനക്ക് മുന്നോട്ട് വരാത്തത് വലിയ പ്രതിസന്ധിയാവുന്നുണ്ടെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

