മൂന്നു മാസം: മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്തത് 639 കർഷകർ
text_fieldsമുംബൈ: മൂന്നു മാസത്തിനിടെ സംസ്ഥാനത്ത് 639 കർഷകർ ആത്മഹത്യ ചെയ്തതായി മഹാരാഷ്ട്ര സർക്കാർ. നിയമസഭ കൗൺസിൽ പ്രതിപക്ഷ നേതാവ് ധനഞ്ജയ് മുണ്ടെയുടെ ചോദ്യത്തിന് മറുപടി പറയവെ റവന്യൂ മന്ത്രി ചന്ദ്രകാന്ത് പാട്ടീലാണ് സഭയിൽ ഇത് വെളിപ്പെടുത്തിയത്. മാർച്ച് ഒന്നിനും മേയ് 31നും ഇടയിലെ കണക്കാണിത്.
ആത്മഹത്യ ചെയ്തവരിൽ 188 പേർ നഷ്ടപരിഹാരത്തിന് അർഹരാണെന്ന് പറഞ്ഞ മന്ത്രി ഇവരിൽ 174 പേരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകിയതായി വ്യക്തമാക്കി. 122 പേർ നഷ്ടപരിഹാരത്തിന് അർഹരല്ലെന്നും 329 പേരുടെ ആത്മഹത്യ അന്വേഷിച്ചുവരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിളനാശം, ബാങ്ക് വായ്പ തുടങ്ങിയ കാരണങ്ങളാൽ ആത്മഹത്യ ചെയ്തെന്ന് ബോധ്യപ്പെട്ടവർക്കാണ് സർക്കാർ നഷ്ടപരിഹാരം നൽകുന്നത്.
കടം എഴുതിത്തള്ളൽ ഉൾപ്പെടെ കർഷകർക്കായി സർക്കാർ പ്രഖ്യാപിച്ച നയങ്ങളെല്ലാം പരാജയമാണ് എന്നതാണ് ആത്മഹത്യ കണക്കുകൾ തെളിയിക്കുന്നതെന്ന് ധനഞ്ജയ് മുണ്ടെ പറഞ്ഞു. കഴിഞ്ഞ നാലു വർഷത്തിനിടെ 13,000 കർഷകരാണ് ആത്മഹത്യ ചെയ്തതെന്ന് മുണ്ടെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
