കുരങ്ങുകളെ പിടികൂടിയാൽ 600 രൂപ പ്രതിഫലം: വന്യജീവി സംഘർഷം കുറക്കാൻ മഹാരാഷ്ട്രയുടെ വമ്പൻ പദ്ധതി
text_fieldsമുംബൈ: ജനവാസ മേഖലകളിലിറങ്ങി ശല്യമുണ്ടാക്കുന്ന കുരങ്ങുകളെ പിടികൂടുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. ഓരോ കുരങ്ങിനെയും സുരക്ഷിതമായി പിടികൂടി കാട്ടിൽ തുറന്നുവിടുന്നവർക്ക് 600 രൂപ വീതം നൽകാനാണ് വനംവകുപ്പിന്റെ തീരുമാനം. മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം കുറക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് ഈ പ്രഖ്യാപനമുള്ളത്.
പശ്ചിമ മഹാരാഷ്ട്ര, കൊങ്കൺ തുടങ്ങിയ മേഖലകളിൽ കുരങ്ങുകളുടെ ശല്യം മൂലം കൃഷിക്കും വീടുകൾക്കും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിക്കുന്നുണ്ട്. റീസസ് മക്കാക്കുകൾ , ഹനുമാൻ കുരങ്ങുകൾ എന്നിവയാണ് പ്രധാനമായും പ്രശ്നമുണ്ടാക്കുന്നത്. ഇവയെ പിടികൂടി കാട്ടിലേക്ക് മാറ്റുന്നതിലൂടെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
ഒരു തവണ പിടികൂടുന്ന ആദ്യത്തെ 10 കുരങ്ങുകൾക്ക് ഒന്നിന് 600 രൂപ വീതം ലഭിക്കും. പത്തിൽ കൂടുതൽ കുരങ്ങുകളെ പിടികൂടുകയാണെങ്കിൽ പിന്നീട് ഓരോന്നിനും 300 രൂപ വീതമാണ് നൽകുക. അഞ്ചോ അതിൽ താഴെയോ കുരങ്ങുകളെ പിടികൂടുന്ന ചെറിയ ദൗത്യങ്ങൾക്ക് 1,000 രൂപ സ്ഥിരമായ യാത്രാബത്തയായി അനുവദിക്കും.
പിടികൂടുന്ന കുരങ്ങുകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്ന് കുറഞ്ഞത് 10 കിലോമീറ്റർ ദൂരെയുള്ള ഉൾവനങ്ങളിൽ വേണം തുറന്നുവിടാൻ. അവ തിരികെ ജനവാസ മേഖലയിലേക്ക് വരുന്നത് തടയാനാണിത്. കുരങ്ങുകളെ പിടികൂടുമ്പോൾ അവക്ക് യാതൊരുവിധ പരിക്കുകളും ഏൽക്കാൻ പാടില്ല. വലകൾ, കൂടുകൾ തുടങ്ങിയ സുരക്ഷിതമായ മാർഗങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. കൂടാതെ, പിടികൂടുന്നതിന്റെയും വനത്തിൽ തുറന്നുവിടുന്നതിന്റെയും വീഡിയോ അല്ലെങ്കിൽ ഫോട്ടോ തെളിവുകൾ സമർപ്പിച്ചാൽ മാത്രമേ പ്രതിഫലം ലഭിക്കുകയുള്ളൂ. പരിശീലനം ലഭിച്ച വ്യക്തികൾക്കോ സ്വകാര്യ ഏജൻസികൾക്കോ മാത്രമേ ഇതിന് അനുവാദമുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

