നായകൾ കൂട്ടത്തോടെ ആക്രമിച്ചു; ചികിത്സ കിട്ടാതെ കുഞ്ഞ് മരിച്ചു
text_fieldsതെലങ്കാന: തെരുവുനായകളുടെ ആക്രമണമേറ്റ് ആറുവയസ്സുകാരി കൊല്ലപ്പെട്ടു. മെട്ചൽ ജില്ലയിലെ പെൺകുട്ടി മരിക്കുന്നതിന് മുൻപ് ചികിത്സക്കായി അഞ്ച് ആശുപത്രികളിലാണ് കയറിയിറങ്ങിയത്.
വീടിന് പുറത്ത് വസ്ത്രം അലക്കിക്കൊണ്ടിരുന്ന കുട്ടിയെ ശനിയാഴ്ച രാവിലെ അഞ്ച് നായകൾ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മാതാപിതാക്കൾ ആദ്യം ആദിത്യ ആശുപത്രിയിലാണ് എത്തിച്ചത്. സ്വകാര്യ ആശുപത്രിയിലെ ബില്ലടക്കാൻ മാതാപിതാക്കൾ ഏറെ ബുദ്ധിമുട്ടിയിരുന്നു.
രണ്ട് മണിക്കൂറിന് ശേഷം കുട്ടിയെ അങ്കുറ ആശുപത്രിയിലെത്തിച്ചു. മൂന്ന് മണിക്കൂറുകൾക്ക് ശേഷം യശോദ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു അധികൃതരുടെ നിർദേശം. പിന്നീട് മാതാപിതാക്കൾ കുഞ്ഞിനെ സർക്കാർ ഉടമസ്ഥതയിലുള്ള ഫീവർ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നുമാണ് കൂടുതൽ സൗകര്യങ്ങളുള്ള നീലോഫർ ആശുപത്രിയിലേക്ക് റഫർ ചെയ്തത്. ഇവിടെ വെച്ച് വൈകീട്ടോടെ കുട്ടി മരിച്ചു.
നായകളുടെ ഭീഷണി നിയന്ത്രിക്കാത്തതിൽ കോർപറേഷൻ അധികൃതർ പുലർത്തുന്ന നിസംഗതക്കെതിരെ ബാലാവകാശ പ്രവർത്തകർ രംഗത്തെത്തി. ശവസംസ്ക്കാര ചടങ്ങുകൾക്ക് സാമ്പത്തിക സഹായം നൽകാൻ പോലും കോർപറേഷൻ തയാറായില്ലെന്നും ഇവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
