പഹൽഗാമിലെ ആറ് ഭീകരർ ബി.ജെ.പിയിൽ ചേർന്നിട്ടുണ്ടാകാം, അതുകൊണ്ടാണ് അവരെ അറസ്റ്റ് ചെയ്യാത്തത് -സഞ്ജയ് റാവുത്ത്
text_fieldsമുംബൈ: പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ആറ് പ്രതികളെ ഇതുവരെ പിടികൂടാത്തതിൽ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന (യു.ബി.ടി) നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് റാവുത്ത്. ‘പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ആറ് ഭീകരരെ അറസ്റ്റ് ചെയ്യുന്നില്ല. ഭീകരർ ബി.ജെ.പിയിൽ ചേർന്നിട്ടുണ്ടാകാം. അതുകൊണ്ടാണ് അവരെ പിടികൂടാത്തത്. ഒരുപക്ഷേ, ഒരു ദിവസം ആ ആറുപേർ പാർട്ടിയിൽ ചേർന്നതായി ബി.ജെ.പി ഓഫിസിൽ നിന്ന് ഒരു പത്രക്കുറിപ്പ് നിങ്ങൾക്ക് ലഭിക്കും. അതിനാൽ, എല്ലാം മറക്കുക," റൗത്ത് പറഞ്ഞു.
ഏപ്രിൽ 22നാണ് പഹൽഗാമിൽ ഭീകരർ 26 സാധാരണക്കാരെ വെടിവെച്ച് കൊലപ്പെടുത്തിയത്. 40 ദിവസം പിന്നിട്ടിട്ടും ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല. ഈ കാലതാമസം ചോദ്യംചെയ്ത് മുംബൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സഞ്ജയ് റാവുത്ത്.
അതേസമയം, സഞ്ജയ് റാവുത്തിന്റേത് തികച്ചും പരിഹാസ്യമായ പ്രസ്താവനയാണെന്നും നമ്മുടെ സായുധ സേനയെ അപമാനിക്കുന്നതാണെന്നും ബി.ജെ.പി നേതാവ് രാം കദം ആരോപിച്ചു. ‘ശിവസേന-യു.ബി.ടി നേതാക്കളായ ഉദ്ധവ് താക്കറെക്കും സഞ്ജയ് റാവുത്തിനും ഭ്രാന്താണ്, അവരെ മാനസിക രോഗ ആശുപത്രിയിൽ പ്രവേശിപ്പിക്കണം’ -രാം കദം മാധ്യമങ്ങളോട് പറഞ്ഞു.
സഞ്ജയ് റാവുത്ത് എല്ലാ ദിവസവും ഇത്തരം പരിഹാസ്യമായ പ്രസ്താവനകൾ നടത്തുന്നയാളാണെന്ന് ശിവസേന (ഷിൻഡെ) വിഭാഗം നേതാവ് സഞ്ജയ് നിരുപം പ്രതികരിച്ചു. ‘ ശിവസേന (യുബിടി) വിഭാഗം ഏറെക്കാലമായി ബി.ജെ.പിയുമായി കൈകോർക്കാൻ ശ്രമം നടത്തുന്നുണ്ട്. പക്ഷേ, ബി.ജെ.പി അവർക്ക് പച്ചക്കൊടി കാണിക്കുന്നില്ല. നിരാശയിൽനിന്നാണ് അവരുടെ നേതാക്കൾ ഇത്തരം പ്രസ്താവന നടത്തുന്നത്’ -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

