യു.പി മെഡിക്കൽ ക്യാമ്പിൽ വിതരണം ചെയ്തത് കാലാവധി കഴിഞ്ഞ മരുന്നുകൾ; ഗർഭിണിയും കുഞ്ഞുങ്ങളുമടക്കം ആശുപത്രിയിൽ
text_fieldsrepresentational image
ലഖ്നോ: രണ്ട് ദിവസങ്ങൾക്ക് മുമ്പ് കുഞ്ഞിന് നഴ്സ് കാലാവധി കഴിഞ്ഞ ഗ്ലൂക്കോസ് നൽകിയതിന് പിന്നാലെ ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നിന്ന് പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വാർത്തകൾ. പ്രദേശത്ത് നടത്തിയ സർക്കാർ ക്യാമ്പിൽ വെച്ച് നിരവധി രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായാണ് റിപ്പോർട്ട്. കുഞ്ഞുകുട്ടികൾ അടക്കം ആറ് പേർക്കാണ് അസുഖം ബാധിച്ചത്. അജ്ഞാത രോഗം പടർന്ന് പിടിച്ച് നിരവധിയാളുകൾ മരിച്ചുവീണ സ്ഥലമാണ് ഫിറോസാബാദ്.
രോഗികളിൽ ഉൾപെട്ട ഗർഭിണിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാക്കി. സംഭവത്തിൽ ഫിറോസാബാദ് ജില്ല ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. ഡെങ്കിരോഗ ലക്ഷണങ്ങളുള്ളവർക്കായാണ് അംരി ഗ്രാമത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. കടുത്ത പനിയുള്ള 150 കുട്ടികൾ അടക്കം 200 പേർക്കാണ് ക്യാമ്പിൽ വെച്ച് മരുന്ന് നൽകിയത്.
മരുന്ന് കുടിച്ച ശേഷം മൂന്ന് കുട്ടികൾ ചർദിക്കാൻ തുടങ്ങി. ബാക്കിയുള്ളവർക്ക് അസുഖം ബാധിച്ചു. ഇതോടെ പ്രദേശവാസികളാണ് നടത്തിയ പരിശോധനയിലാണ് മരുന്നുകളുടെ കാലാവധി കഴിഞ്ഞതായി കണ്ടത്തി.
ഗർഭിണിക്ക് മരുന്ന് കുടിച്ചതോടെ വയറുവേദന അനുഭവപ്പെട്ടു. ഇതോടെയാണ് അവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയത്. തങ്ങൾ ഇക്കാര്യത്തിൽ ശ്രദ്ധിച്ചിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഷിക്കോഹാബാദ് എസ്.ഡി.എം ദേവേന്ദ്ര പാൽ സിങ് പറഞ്ഞു. വിവാദത്തെ തുടർന്ന് ഗ്രാമീണർക്ക് മരുന്നുകൾ മാറ്റിനൽകി.