ഇന്ദ്രാവതി ദേശീയോദ്യാനത്തിൽ ഏറ്റുമുട്ടൽ; ആറ് മാവോവാദികളെ വധിച്ചു
text_fieldsറായ്പുർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലെ ഇന്ദ്രാവതി ദേശീയോദ്യാനത്തിലുണ്ടായ ഏറ്റുമുട്ടലിൽ ആറു മാവോവാദികളെ സുരക്ഷാ സേന വധിച്ചു. മാവോവാദികളുടെ മൃതദേഹങ്ങളും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ടെന്ന് ബസ്തർ റേഞ്ച് ഐജി സുന്ദർരാജ് പി. പറഞ്ഞു. വടക്കൻ ബിജാപുരിലെ ഇന്ദ്രാവതി ദേശീയോദ്യാനം 2,799 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. ബസ്തർ മേഖലയിലെ മാവോവാദികളുടെ ശേഷിക്കുന്ന ഒളിത്താവളങ്ങളിൽ ഒന്നാണിത്.
ഈ വർഷം കുറഞ്ഞത് 50 മാവോയിസ്റ്റുകളെയെങ്കിലും ഇന്ദ്രാവതി ദേശീയോദ്യാനത്തിനുള്ളിൽ നടന്ന വിവിധ ഏറ്റുമുട്ടലുകളിലായി സുരക്ഷാ സേന വെടിവച്ചു കൊന്നിട്ടുണ്ട്. ഇന്നു കൊല്ലപ്പെട്ട ആറു മാവോയിസ്റ്റുകൾ ഉൾപ്പെടെയുള്ള കണക്കാണിത്. നാലു പതിറ്റാണ്ടുകളായി മാവോവാദികളുടെ സുരക്ഷിത താവളമായിരുന്നു അബുജ്മദുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശമായ ഇന്ദ്രാവതി ദേശീയോദ്യാനം.
ജൂലൈയിൽ, പൊലീസിന്റെ ചാരൻ എന്നു സംശയിച്ച് രണ്ടു കരാർ അധ്യാപകരെ ഇന്ദ്രാവതി ദേശീയോദ്യാനത്തിൽ വച്ച് മാവോവാദികൾ കൊലപ്പെടുത്തിയിരുന്നു. ആഗസ്റ്റിൽ നടന്ന ഒരു സ്ഫോടന ആക്രമണത്തിൽ 39 കാരനായ ജില്ല റിസർവ് ഗാർഡ് (ഡിആർജി) ജവാൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതേസമയം, ചൊവ്വാഴ്ച രാവിലെ പത്തോടെയായിരുന്നു ആക്രമണം ആരംഭിച്ചത്. പ്രദേശത്ത് മാവോവാദികളുടെ സാന്നിധ്യം ഉണ്ടെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ, ബിജാപുർ, ദന്തേവാഡ ജില്ലകളിലെ ഡിആർജി ടീമുകളും സ്പെഷൽ ടാസ്‌ക് ഫോഴ്‌സും സംയുക്തമായാണ് ഓപറേഷൻ നടത്തിയത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തു നിന്ന് യന്ത്രത്തോക്കുകൾ, സ്റ്റൺ ഗൺ, ത്രി നോട്ട് ത്രി റൈഫിൾ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തതായി ബിജാപുർ പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര യാദവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

