നാസിക്കിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ 600 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞ് ആറ് പേർക്ക് ദാരുണാന്ത്യം. കൽവൻ താലൂക്കിലെ സപ്തശ്രിങ് ഗർ ഗാട്ടിലാണ് അപകടമുണ്ടായത്. നാസിക് സ്വദേശികള്‍ സഞ്ചരിച്ച ഇന്നോവ കാർ ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ അപകടത്തിൽപെടുകയായിരുന്നു. മരിച്ച ആറ് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
നാസികിലെ സപ്തശൃംഗി മാതാ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു ഇവർ. ഏഴുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഒരാളെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കീർത്തി പട്ടേൽ (50), രസീല പട്ടേൽ (50), വിത്തൽ പട്ടേൽ (65), ലത പട്ടേൽ (60), വചൻ പട്ടേൽ (60), മണിബെൻ പട്ടേൽ (70) എന്നിവരാണ് മരിച്ചത്.
എംഎച്ച് 15 ബിഎൻ 555 നമ്പർ വാഹനത്തിലാണ് ഇവർ സഞ്ചരിച്ചത്. മലയുടെ മുകൾ ഭാഗത്ത് വച്ച് റോഡിൽനിന്ന് വാഹനം തെന്നിമാറി കൊക്കയിലേക്ക് പതിച്ചെന്നാണ് പ്രാഥമിക വിവരം. അപകടത്തിന്‍റെ യഥാർഥ കാരണം വ്യക്തമായിട്ടില്ല.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അങ്ങേയറ്റം ദാരുണമായ അപകടമെന്ന് പറഞ്ഞ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

