ജ്യോതി മൽഹോത്രക്ക് പാകിസ്താനിൽ തോക്ക് ധാരികളുടെ സുരക്ഷ? സ്കോട്ടിഷ് യൂട്യൂബർ പകർത്തിയ ദൃശ്യങ്ങൾ ചർച്ചയാകുന്നു
text_fieldsന്യൂഡൽഹി: പാകിസ്താനുവേണ്ടി ചാരവൃത്തി ചെയ്തെന്ന കുറ്റംചുമത്തി അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര, ലാഹോറിലെ അനാർക്കലി ബസാറിൽ തോക്ക് ധാരികൾക്കൊപ്പം നടക്കുന്ന ദൃശ്യങ്ങൾ ചർച്ചയാകുന്നു. ജ്യോതി പാകിസ്താനിലെത്തി വിഡിയോ ഷൂട്ട് ചെയ്ത അതേസമയം അവിടെയുണ്ടായിരുന്ന സ്കോട്ടിഷ് യൂട്യൂബറായ കാലം മിൽ പകർത്തിയ വിഡിയോയിലാണ് എ.കെ-47 റൈഫിളുകളുമായി ആറുപേർ ജ്യോതിക്ക് ചുറ്റുമുള്ളതായി കാണിക്കുന്നത്. എന്തിനാണ് അവർക്ക് ഇത്തരമൊരു സുരക്ഷയുടെ ആവശ്യമെന്ന് മിൽ ആശ്ചര്യപ്പെടുന്നുണ്ട്.
കാലം അബ്രോഡ് എന്ന പേരിൽ യൂട്യൂബ് ചാനലുള്ള കാലം മിൽ, ഇക്കഴിഞ്ഞ മാർച്ചിലാണ് പാകിസ്താനിലെത്തിയത്. ചന്തയിലൂടെ നടക്കുന്നതിനിടെ പകർത്തിയ വിഡിയോയിൽ അവിചാരിതമായാണ് ജ്യോതി മൽഹോത്ര പെടുന്നത്. ‘നോ ഫിയർ’ എന്നെഴുതിയ ജാക്കറ്റ് ധരിച്ച ആറുപേരാണ് ജ്യോതിക്ക് സുരക്ഷയൊരുക്കിയിരുന്നത്. ഇരുവരും തമ്മിലുള്ള സംഭാഷണവും വിഡിയോയിൽ പതിഞ്ഞിട്ടുണ്ട്. ആദ്യമായാണോ പാകിസ്താൻ സന്ദർശിക്കുന്നതെന്നും എപ്പോഴെങ്കിലും ഇന്ത്യ സന്ദർശിച്ചിട്ടുണ്ടോ എന്നും ജ്യോതി മില്ലിനോട് ചോദിക്കുന്നുണ്ട്. പാകിസ്താന്‍റെ ആതിഥേയത്വം മനോഹരമാണെന്നും ജ്യോതി പറയുന്നു.
ജ്യോതി നടന്ന് അകന്നതിനു പിന്നാലെയാണ് എന്തിന് അവർക്ക് പ്രത്യേക സുരക്ഷ നൽന്നുവെന്ന ചോദ്യം മിൽ ഉയർത്തുന്നത്. തോക്ക് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും യൂട്യൂബർ പറയുന്നു. സഞ്ചാരികളെന്ന് തോന്നിപ്പിക്കുന്ന മറ്റുചിലരും ജ്യോതിക്കൊപ്പമുണ്ട്.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജ്യോതിക്ക് പാകിസ്താനിൽ ലഭിച്ചിരുന്ന സ്വീകരണം വീണ്ടും ചർച്ചയാകുകയാണ്. നയതന്ത്ര ഉദ്യോഗസ്ഥരും പാക് ഇന്റലിജൻസ് ഓഫീസർമാരുമായും ജ്യോതിക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ പാകിസ്താൻ ഇന്‍റലിജൻസിന് ചോർത്തി നൽകിയെന്നാണ് പൊലീസ് പറയുന്നത്. ഇതിന്‍റെ വിശദവിവരങ്ങൾ അന്വേഷിച്ച് വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

