വിവാഹിതനുമായി ബന്ധം ആരോപിച്ച് വിധവയുടെ തല മുണ്ഡനം ചെയ്ത ആറുപേർ അറസ്റ്റിൽ
text_fieldsഅഹമ്മദാബാദ്: വിവാഹിതനുമായി ബന്ധം ആരോപിച്ച് 30 വയസ്സുകാരിയായ വിധവയുടെ തല മുണ്ഡനം ചെയ്തുവെന്ന പരാതിയില്‍ ആറുപേർ പിടിയിൽ. ഗുജറാത്തിലെ സബര്‍കന്ദ് ജില്ലയിലെ സഞ്ചേരി ഗ്രാമത്തിൽ നടന്ന സംഭവത്തിൽ നാല് പുരുഷന്മാരും രണ്ട് യുവതികളുമാണ് അറസ്റ്റിലായത്. വദൻസിങ് ചൗഹാന്, രാജുജി ചൗഹാന്, കലുസിങ് ചൗഹാന്, രാഗേഷ്സിങ് ചൗഹാന്, സുരേഖാ ചൗഹാന്, സോനാല്‍ ചൗഹാന് എന്നിവരെ അറസ്റ്റ് ചെയ്തതായി ഗംഭോയ് പൊലീസ് സ്റ്റേഷൻ സബ് ഇന്‍സ്പെക്ടര്‍ പി.പി. ജനി പറഞ്ഞു.
സഞ്ചേരി ഗ്രാമത്തില്‍ താമസിക്കുന്ന നാല് കുട്ടികളുള്ള അമ്മയായ യുവതിയെയാണ് ഇവർ ആക്രമിച്ചത്. ഇവരുടെ ഭര്‍ത്താവ് നേരത്തെ മരിച്ചതാണ്. വിവാഹിതനായ ഒരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പ്രതികള്‍ ഇവരെ ആക്രമിച്ചതെന്ന് ഇന്‍സ്പെക്ടര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികളില്‍ ഒരാളുടെ സഹോദരി ഭര്‍ത്താവിനെയും യുവതിയെയും ചേര്‍ത്ത് ബന്ധം ആരോപിച്ചാണ് ആക്രമിച്ചത്. ജൂലൈ 30ന് ബാങ്ക് ആവശ്യത്തിന് പോയ യുവതി തിരികെ അദ്ദേഹത്തിനൊപ്പം ബൈക്കിൽ മടങ്ങിയതാണ് പ്രശ്നത്തിന് ഇടയായത്. വഴിയില്‍ വെച്ച് പ്രതികള്‍ ഇത് കാണുകയും ബൈക്ക് നിര്‍ത്തി ആക്രമിക്കുകയുമായിരുന്നു. പിന്നീട് യുവതിയുടേയും യുവാവിന്റെയും തല മുണ്ഡനം ചെയ്ത് വിട്ടയക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

