Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിലം തൊടാതെ ആ...

നിലം തൊടാതെ ആ വാഗ്ദാനങ്ങൾ; കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ആറ് കാർഷിക പദ്ധതികൾക്ക് കടലാസിൽ സുഖനിദ്ര

text_fields
bookmark_border
നിലം തൊടാതെ ആ വാഗ്ദാനങ്ങൾ; കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ആറ് കാർഷിക പദ്ധതികൾക്ക് കടലാസിൽ സുഖനിദ്ര
cancel

ന്യൂഡൽഹി: സാമ്പത്തിക വർഷത്തിൻറെ ആദ്യപകുതി അവസാനിക്കാനിരിക്കെ 2025-26 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ആറോളം കാർഷിക പദ്ധതികൾ ഇ​പ്പോഴും കടലാസിൽ തന്നെ. കൊട്ടിഘോഷിച്ച് അവതരിപ്പിച്ച പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന, ബീഹാറിലെ മഖാന ബോർഡ്, കാർഷിക മേഖലയിലെ നാല് സമർപ്പിത പരിപാടികൾ എന്നിവയടക്കം പദ്ധതികൾ ഇതിൽ പെടുന്നു.

ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വലിയ പ്രഖ്യാപനമായി പ്രചരിപ്പിച്ച മഖാന ബോർഡിൽ നടപടികൾ ഒന്നും ഇതുവരെ ആരംഭിക്കാൻ സർക്കാരിനായിട്ടില്ല. ഉടൻ ആരംഭിക്കുമെന്ന് മന്ത്രാലയം ആവർത്തിക്കുമ്പോളും എപ്പോഴെന്ന് വ്യക്തമായി മറുപടിയില്ല. 100 കോടി രൂപയുടെ ബജറ്റ് വിഹിതമുള്ള മഖാന ബോർഡിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ആവശ്യമില്ലാത്തതിനാൽ കൃഷി മന്ത്രാലയത്തിന്റെ സ്റ്റാൻഡിംഗ് ഫിനാൻസ് കമ്മിറ്റി (എസ്‌.എഫ്‌.സി) ഇതിനകം അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ, ഇതുവരെ പ്രവർത്തനക്ഷമമായില്ലെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

പയറുവർഗങ്ങളിൽ സ്വയംപര്യാപ്ത പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് തുർ, ഉറാദ്, മസൂർ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയിൽ കേന്ദ്രം അവതരിപ്പിച്ച ആത്മനിർഭർ ദൗത്യവും അനുമതി കാത്തുകിടപ്പാണ്. ചെലവ് ധനകാര്യ സമിതി (ഇ.എഫ്‌.സി) അംഗീകരിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര മന്ത്രിസഭ ഇതുവരെ അനുമതി നൽകിയിട്ടില്ല. മന്ത്രിസഭ അംഗീകരിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയതിനുശേഷമേ പദ്ധതി ആരംഭിക്കാനാകൂ.

പരുത്തി ഉൽപ്പാദനക്ഷമത പ്രോത്സാഹിപ്പിക്കുന്ന ദൗത്യം എപ്പോൾ ആരംഭിക്കുമെന്ന് ഒരുവ്യക്തതയുമില്ല. ബജറ്റിൽ കൊട്ടിഘോഷിച്ച് അവതരിപ്പിച്ച പച്ചക്കറികൾക്കും പഴങ്ങൾക്കും വേണ്ടിയുള്ള സമഗ്ര പരിപാടിക്കാകട്ടെ, ചെലവ് ധനകാര്യ സമിതിയുടെയും കേന്ദ്ര മന്ത്രിസഭയുടെയും അംഗീകാരം ഇതുവരെ കിട്ടിയിട്ടില്ല. കൃഷി മന്ത്രാലയത്തിൻറെ പദ്ധതി രേഖയിൽ നിതി ആയോഗ് അടക്കമുള്ളവർ പുനഃക്രമീകരണമാവശ്യപ്പെട്ടതോടെയാണ് നടപടികൾ മരവിച്ചത്.

ഉയർന്ന വിളവ് നൽകുന്ന വിത്തുകൾക്കായുള്ള ദേശീയ ദൗത്യത്തിനും ഇതുവരെ ആവശ്യമായ അംഗീകാരങ്ങൾ ലഭിച്ചിട്ടില്ല. കൃഷി മന്ത്രാലയത്തിന് കീഴിലുള്ള കാർഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പ് (ഡി.എ.ആർ.ഇ) ദൗത്യത്തിന് ചെലവ് ധനകാര്യ സമിതിയുടെ അംഗീകാരം തേടി പദ്ധതി രേഖകൾ സമർപ്പിച്ചതായാണ് വിവരം.

പ്രത്യേക വിഹിതം വകയിരുത്തിയിട്ടില്ലെങ്കിലും, 11 മന്ത്രാലയങ്ങളുടെ 36 പദ്ധതികൾ സംയോജിപ്പിച്ച് ആറ് വർഷത്തേക്ക് 24,000 കോടി രൂപ ചെലവിൽ 100 കാർഷിക ജില്ലകളുടെ വികസനം ലക്ഷ്യമിടുന്നതാണ് പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന. കഴിഞ്ഞ ജൂലൈ 16 ന് കേന്ദ്ര മന്ത്രിസഭ, 2025-26 സാമ്പത്തിക വർഷം മുതൽ ആറ് വർഷത്തേക്ക് പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്ക്ക് അംഗീകാരം നൽകിയിരുന്നു. നിതി ആയോഗിന്റെ ആസ്പിരേഷണൽ ഡിസ്ട്രിക്റ്റ് പ്രോഗ്രാമിന്റെ മാതൃകയിൽ, 1.7 കോടി കർഷകർക്ക് നേരിട്ട് പ്രയോജനം നൽകാൻ ലക്ഷ്യമിട്ട് പിന്നാക്കം നിൽക്കുന്ന 100 കാർഷിക ജില്ലകളെ ഉൾപ്പെടുത്തി പദ്ധതി നടപ്പിലാക്കുമെന്ന് സർക്കാർ വ്യക്തമാക്കിരുന്നു. എന്നാൽ, പദ്ധതിയുടെ മാർഗ്ഗനിർദ്ദേശങ്ങളോ ജില്ലകളുടെ പട്ടിക പോലുമോ ഇതുവരെ പുറത്തിറക്കാൻ കൃഷി മന്ത്രാലയത്തിനായിട്ടില്ല.

അതേസമയം, പയർവർഗ്ഗങ്ങൾക്കായുള്ള ദൗത്യത്തിന് 1,000 കോടി രൂപയും, പച്ചക്കറികൾക്കും പഴങ്ങൾക്കും വേണ്ടിയുള്ള ദൗത്യത്തിന് 500 കോടി രൂപയും, മഖാന ബോർഡിന് 100 കോടി രൂപയും, ഹൈബ്രിഡ് വിത്തുകൾക്കായുള്ള ദേശീയ ദൗത്യത്തിന് 100 കോടി രൂപയും, പരുത്തി സാങ്കേതിക ദൗത്യത്തിന് 500 കോടി രൂപയും അനുവദിച്ചതായി രേഖകൾ വ്യക്തമാക്കുന്നു.

പദ്ധതികൾക്ക് അംഗീകാരം ഇഴയുന്നതും വൈകി ആരംഭിക്കുന്നതും ഉദ്ദേശലക്ഷ്യത്തെ തന്നെ ദുർബലപ്പെടുത്തുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നടപ്പുസാമ്പത്തിക വർഷത്തിൽ, പദ്ധതികൾ യാഥാർഥ്യമായാൽ തന്നെ, വിഹിതം പൂർണമായി ഉപയോഗിക്കാനുമാവില്ല. കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്‌സിന്റെ (സി.ജി.എ) പോർട്ടലിൽ ലഭ്യമായ പ്രതിമാസ ചെലവ് ഡാറ്റ പ്രകാരം, ഈ സാമ്പത്തിക വർഷം ജൂലൈ അവസാനം വരെ കൃഷി മന്ത്രാലയം വാർഷിക ബജറ്റ് വിഹിതമായ 1,37,756.55 കോടിയുടെ 27 ശതമാനമാണ് ( 36,955.75 കോടി) ചെലവഴിച്ചിട്ടുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agri NewsIndiaUnion Budget 2025
News Summary - 6 agri schemes announced in Budget yet to hit ground
Next Story