കനറാ ബാങ്ക് ശാഖയിൽനിന്ന് 59 കിലോ സ്വർണം കവർന്നു
text_fieldsബംഗളൂരു: കനറാ ബാങ്ക് മംഗോളി ശാഖയിൽനിന്ന് 59 കിലോഗ്രാം സ്വർണം കവർന്നതായി പരാതി. വായ്പയെടുത്തവർ ഈടായി നിക്ഷേപിച്ച സ്വർണമാണിതെന്ന് വിജയപുര പൊലീസ് സൂപ്രണ്ട് ലക്ഷ്മൺ ബി. നിംബർഗി പറഞ്ഞു. എസ്.പി പറഞ്ഞത്: ‘‘കഴിഞ്ഞ മാസം 26നാണ് ബാങ്ക് ബ്രാഞ്ച് മാനേജർ പരാതി നൽകിയത്. മേയ് 23ന് വൈകീട്ട് ജീവനക്കാർ ബാങ്ക് പൂട്ടിയതായി പരാതിയിൽ പറഞ്ഞു.
24, 25 തീയതികളിൽ (നാലാമത്തെ ശനിയാഴ്ചയും ഞായറാഴ്ചയും) ബാങ്ക് അവധിയായിരുന്നു. 26ന് പ്യൂൺ ബാങ്ക് വൃത്തിയാക്കാൻ എത്തിയപ്പോൾ ഷട്ടർ പൂട്ടുകൾ മുറിച്ചനിലയിൽ കണ്ടു. ഉടൻ പൊലീസിൽ വിവരം അറിയിച്ചു. പരിശോധനയിൽ മോഷ്ടാക്കൾ ബാങ്കിൽ കയറി കൊള്ളയടിച്ചതായി കണ്ടെത്തി. കൊള്ളയടിച്ച മുതലുകൾ ബാങ്ക് ഉദ്യോഗസ്ഥർ വിലയിരുത്തി 59 കിലോഗ്രാം സ്വർണം എന്ന് കണക്കാക്കി.’’
കേസ് അന്വേഷണത്തിന് എട്ട് സംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ടെന്ന് എസ്.പി അറിയിച്ചു. മേയ് 24, 25 തീയതികളിലെ രാത്രിയിലാണ് മോഷണം നടന്നതെന്നാണ് പൊലീസ് നിഗമനം. അന്വേഷണം പുരോഗമിക്കുകയാണെന്ന് നിംബർഗി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

