Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഞ്ച് വർഷത്തിനിടെ 53 ഐ.ഐ.ടി വിദ്യാർഥി മരണങ്ങൾ; പകുതിയിലേറെയും എസ്‌.സി, എസ്‌.ടി, ഒ.ബി.സി വിഭാഗങ്ങളിൽ നിന്ന്

text_fields
bookmark_border
അഞ്ച് വർഷത്തിനിടെ 53 ഐ.ഐ.ടി വിദ്യാർഥി മരണങ്ങൾ; പകുതിയിലേറെയും എസ്‌.സി, എസ്‌.ടി, ഒ.ബി.സി വിഭാഗങ്ങളിൽ നിന്ന്
cancel

ന്യൂഡൽഹി: രാജ്യത്തെ ഐ.ഐ.ടികളിൽ 2020-21 മുതൽ 2024-25 വരെയുള്ള അഞ്ച് വർഷത്തിനിടെ 53 വിദ്യാർഥികൾ മരിച്ചതായി ഔദ്യോഗിക കണക്കുകൾ. ഇതിൽ 45 പേർ ആത്മഹത്യ ചെയ്യുകയും എട്ട് പേർ അസ്വാഭാവിക സാഹചര്യങ്ങളിൽ മരിക്കുകയും ചെയ്തു. മരണങ്ങളിൽ 54.7 ശതമാനവും പട്ടികജാതി (എസ്‌.സി), പട്ടികവർഗം (എസ്‌.ടി), മറ്റ് പിന്നാക്ക വിഭാഗം (ഒ.ബി.സി) വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികളാണെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് ലഭിച്ച വിവരങ്ങൾ വ്യക്തമാക്കുന്നത്.

ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്ത കണക്കുകൾ പ്രകാരം, ജനറൽ വിഭാഗത്തിൽപ്പെട്ട 23 വിദ്യാർഥികളാണ് അഞ്ച് വർഷത്തിനിടെ മരിച്ചത്. ഒ.ബി.സി വിഭാഗത്തിൽ 12, എസ്‌.സി വിഭാഗത്തിൽ 10, എസ്‌.ടി വിഭാഗത്തിൽ ഏഴ്, സാമ്പത്തികമായി പിന്നാക്ക വിഭാഗമായ ഇ.ഡബ്ല്യു.എസിൽ ഒരാൾ എന്നിങ്ങനെയാണ് മരണങ്ങൾ. എസ്‌.സി, എസ്‌.ടി, ഒ.ബി.സി വിഭാഗങ്ങളിലായി ആകെ 29 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇത് ആകെ മരണങ്ങളുടെ 54.7 ശതമാനമാണ്.

2023-24 മുതൽ മരണങ്ങൾ കുത്തനെ ഉയർന്നു

ഐ.ഐ.ടികളിലെ വിദ്യാർഥി മരണങ്ങളുടെ എണ്ണം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ വലിയ തോതിൽ ഉയർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. 2020-21ൽ അഞ്ച് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2021-22ലും 2022-23ലും ആറ് വീതം മരണങ്ങളുണ്ടായി. എന്നാൽ 2023-24ൽ ഇത് 17 ആയും 2024-25ൽ 19 ആയും ഉയർന്നു. ആകെ മരണങ്ങളിൽ 84.9 ശതമാനവും ആത്മഹത്യകളായിരുന്നു. 2024-25ൽ മാത്രം റിപ്പോർട്ട് ചെയ്ത 19 മരണങ്ങളിൽ ആറെണ്ണം അസ്വാഭാവിക മരണങ്ങളാണ്.

ഒ.ബി.സി വിഭാഗത്തിലെ 12 മരണങ്ങളും എസ്‌.ടി വിഭാഗത്തിലെ ഏഴ് മരണങ്ങളും ആത്മഹത്യകളായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എസ്‌.സി വിഭാഗത്തിലെ 10 മരണങ്ങളിൽ ഒമ്പതും ആത്മഹത്യകളായിരുന്നു. ജനറൽ വിഭാഗത്തിലെ 23 മരണങ്ങളിൽ ഏഴ് എണ്ണം അസ്വാഭാവിക മരണങ്ങളാണ്.

ഹൈദരാബാദ്, ഡൽഹി, ഖരക്പൂരിൽ കൂടുതൽ മരണങ്ങൾ

അഞ്ച് വർഷത്തിനിടെ ഖരക്പൂർ, ഡൽഹി, ഹൈദരാബാദ് ഐ.ഐ.ടികളിൽ ഏഴ് വീതം വിദ്യാർഥി മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഐ.ഐ.ടി കാൺപൂർ, ഐ.ഐ.ടി (ബിഎച്ച്‌യു) വാരണാസി എന്നിവിടങ്ങളിൽ ആറ് വീതവും ഐ.ഐ.ടി മദ്രാസിൽ അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഹൈദരാബാദിൽ മാത്രം ഏഴ് ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തു. ഖരഗ്പുർ, ഡൽഹി, കാൺപൂർ എന്നിവിടങ്ങളിൽ ആറ് വീതം ആത്മഹത്യകളുണ്ടായി.

2023 ജൂലൈയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പാർലമെന്റിൽ നൽകിയ വിവരമനുസരിച്ച്, 2018 മുതൽ 2023 വരെയുള്ള അഞ്ച് വർഷത്തിനിടെ ഐ.ഐ.ടികളിൽ 39 വിദ്യാർഥികൾ ആത്മഹത്യ ചെയ്തിരുന്നു.

അക്കാദമിക് സമ്മർദവും ഒറ്റപ്പെടലും

വിദ്യാർഥി ആത്മഹത്യകൾക്ക് അക്കാദമിക് സമ്മർദം, സാമൂഹിക ഒറ്റപ്പെടൽ, അധ്യാപകരുമായുള്ള പരിമിതമായ ഇടപെടൽ തുടങ്ങിയ ഘടകങ്ങൾ കാരണമാകാമെന്ന് അക്കാദമിക് വിദഗ്ധരും അധ്യാപകരും ചൂണ്ടിക്കാട്ടുന്നു.

ബിറ്റ്സ് പിലാനി വൈസ് ചാൻസലറും മുൻ ഐ.ഐ.ടി ഡൽഹി ഡയറക്ടറുമായ പ്രൊഫ. വി. രാംഗോപാൽ റാവു, വിദ്യാർഥികളുടെ ക്ഷേമം കാമ്പസ് ജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. അക്കാദമിക് സമ്മർദം, റീലേറ്റീവ് ഗ്രേഡിങ്, ഒറ്റപ്പെടൽ, അധ്യാപകരുമായുള്ള പരിമിതമായ ഇടപെടൽ, ജോലി സംബന്ധമായ ആശങ്കകൾ എന്നിവ വിദ്യാർഥികൾ നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 53 IIT student deaths in five years; over half from SC, ST, and OBC categories
Next Story