പഴയ ട്രക്കുകളും ബസുകളും മാറ്റാൻ 5041 കോടി; ഡൽഹിയിൽ വായുമലിനീകരണം തടയാൻ കേന്ദ്രത്തിന്റെ വൻ ഇടപെടൽ
text_fieldsന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന അതിരൂക്ഷമായ വായുമലിനീകരണത്തിന് ശാശ്വത പരിഹാരം കാണാൻ വമ്പൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ഡൽഹി-എൻ.സി.ആർ മേഖലയിലെ കാലപ്പഴക്കം ചെന്ന ട്രക്കുകളും ബസുകളും പൂർണ്ണമായി ഒഴിവാക്കാൻ 5,041 കോടി രൂപയുടെ ബൃഹദ് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പഴയ മലിനീകരണ വാഹനങ്ങളിൽ നിന്ന് ബി.എസ് 6 , ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ വാഹന ഉടമകൾക്ക് വലിയ തോതിലുള്ള സാമ്പത്തിക സഹായം ഉറപ്പാക്കുന്നതാണ് പദ്ധതി. മേഖലയിൽ സർവീസ് നടത്തുന്ന 1.9 ലക്ഷത്തിലധികം ട്രക്കുകളെയും 16,000 ബസുകളെയും ലക്ഷ്യമിട്ടാണ് കേന്ദ്രത്തിന്റെ ഈ നിർണായക നീക്കം. പലിശ സബ്‌സിഡിയും ഫ്യുവൽ വൗച്ചറുമുൾപ്പെടെയുള്ള വൻ ഇളവുകളാണ് കേന്ദ്രം വാഗ്ദാനം ചെയ്യുന്നത്. ഡൽഹിയിലെ വിഷപ്പുകയ്ക്ക് പ്രധാന കാരണം കാലപ്പഴക്കം ചെന്ന ഡീസൽ വാഹനങ്ങളാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ ധനസഹായ പദ്ധതി പ്രഖ്യാപിച്ചത്. യോഗ്യരായ വാഹന ഉടമകൾക്ക് പുതിയ വാഹനം വാങ്ങുന്നതിന് പലിശ സബ്‌സിഡി ലഭിക്കും. പുതിയ വാഹനം വാങ്ങാൻ എടുക്കുന്ന വായ്പയ്ക്ക് അഞ്ച് വർഷത്തേക്ക് അഞ്ച് ശതമാനം പലിശ സബ്‌സിഡി കേന്ദ്ര സർക്കാർ നൽകും. പ്രതിമാസം 4,800 രൂപ വരെയുള്ള ഫ്യുവൽ വൗച്ചറുകൾ ഉടമകൾക്ക് സഹായമായി ലഭിക്കും. ഈ പദ്ധതി വഴി പുതിയ വാഹനം വാങ്ങുമ്പോൾ വാഹന നിർമാതാക്കൾ എക്സ്-ഷോറൂം വിലയിൽ നിന്ന് എട്ട് ശതമാനം പ്രത്യേക കിഴിവ് നൽകണം.
ഡൽഹി എൻ.സി.ആർ പരിധിയിൽ രജിസ്റ്റർ ചെയ്ത വാഹന ഉടമകൾക്ക് മാത്രമായിരിക്കും ഈ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാവുക. അംഗീകൃത സ്‌ക്രാപ്പിങ് കേന്ദ്രങ്ങൾ മുഖേന പഴയ വാഹനങ്ങൾ പൊളിച്ചു നീക്കിയാൽ മാത്രമേ സാമ്പത്തിക സഹായം അനുവദിക്കൂ.
അതേസമയം, ബി.എസ് 4 വിഭാഗത്തിൽപ്പെട്ട വാഹനങ്ങൾ നാഷണൽ ക്ലീൻ എയർ പ്രോഗ്രാം പരിധിയിൽ വരാത്ത മറ്റ് സംസ്ഥാനങ്ങളിലെ നഗരങ്ങളിലേക്ക് വിൽക്കാൻ ഉടമകൾക്ക് അനുമതി നൽകിയിട്ടുണ്ട്. പുതിയ വാഹനം വാങ്ങുന്നവർക്ക് ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് സർക്കാരുകൾ റോഡ് നികുതിയിലും രജിസ്‌ട്രേഷൻ ഫീസിലും വലിയ ഇളവുകൾ നൽകും.
നിലവിൽ ഓടുന്ന ബി.എസ് 1 മുതൽ ബി.എസ് 4 വരെയുള്ള പഴയ വാഹനങ്ങളാണ് ഡൽഹിയിലെ അന്തരീക്ഷത്തിലേക്ക് 67 ശതമാനം കാർബൺ മോണോക്സൈഡും തള്ളുന്നത്. പുതിയ ബി.എസ് 6 വാഹനങ്ങളെ അപേക്ഷിച്ച് 97 ശതമാനം അധികം മാരകമായ സൂക്ഷ്മ മലിനീകരണ കണികകളാണ് ഇവ പുറത്തുവിടുന്നത്. പുതിയ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ രണ്ട് ലക്ഷത്തോളം പഴയ വാഹനങ്ങൾ നിരത്തിൽ നിന്ന് മാറുമെന്നും തലസ്ഥാന നഗരിയിലെ വായുനിലവാരത്തിൽ നിർണായകമായ പുരോഗതി ഉണ്ടാകുമെന്നുമാണ് കേന്ദ്ര സർക്കാരിന്റെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

