ഒഴിവ് അറുപതിനായിരം; യു.പി പൊലീസ് കോൺസ്റ്റബിൾ പരീക്ഷ എഴുതിയത് 50 ലക്ഷം യുവാക്കൾ
text_fieldsലഖ്നോ: യു.പി പൊലീസിലെ 60,000 ഒഴിവുകളിലേക്ക് പരീക്ഷയെഴുതിയത് 50 ലക്ഷത്തിലേറെ ഉദ്യോഗാർഥികൾ. ശനി, ഞായർ ദിവസങ്ങളിലായാണ് നാല് ഷിഫ്റ്റുകളിൽ പരീക്ഷ നടത്തിയത്. യു.പിയിലെ 75 ജില്ലകളിൽ 2385 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. പരീക്ഷയെഴുതാനെത്തിയ യുവാക്കളെ കൊണ്ട് നിറഞ്ഞുകവിഞ്ഞ റെയിൽവേ സ്റ്റേഷനുകളുടെയും മറ്റും ചിത്രങ്ങൾ നിരവധി പേർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
ഒരു പോസ്റ്റിന് 83 അപേക്ഷകർ എന്ന നിലയിലാണ് അപേക്ഷ ലഭിച്ചത്. അപേക്ഷകരിൽ 35 ലക്ഷം പുരുഷന്മാരും 15 ലക്ഷം സ്ത്രീകളുമാണ്. യു.പിക്ക് പുറത്തുള്ള ആറ് ലക്ഷം അപേക്ഷകരുമുണ്ട്.
പരീക്ഷയെഴുതാനെത്തിയവരുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ബി.ജെ.പി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. യു.പിയിലെ മൂന്നിലൊന്ന് യുവാക്കളും തൊഴിൽരഹിതരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1.5 ലക്ഷം സർക്കാർ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ബിരുദാനന്തര ബിരുദധാരികളും പി.എച്ച്.ഡി നേടിയവരും തൊഴിലന്വേഷിച്ച് വരിനിൽക്കുകയാണ്. ഇരട്ട എഞ്ചിൻ സർക്കാർ തൊഴിൽ രഹിതർക്ക് ഇരട്ട പ്രഹരമാണ് നൽകുന്നതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
അതിനിടെ, കോൺസ്റ്റബിൾ റിക്രൂട്ട്മെന്‍റ് പരീക്ഷയിൽ ക്രമക്കേടുകൾ നടക്കുന്നതായും ആരോപണമുയർന്നു. നടി സണ്ണി ലിയോണിന്‍റെ പേരും ചിത്രവും അടങ്ങിയ പരീക്ഷ അഡ്മിറ്റ് കാർഡിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. കനൗജിലെ ടിര്‍വയിലുള്ള ശ്രീമതി സോനേശ്രീ മെമ്മോറിയല്‍ ഗേള്‍സ് കകോളേജാണ് പരീക്ഷാകേന്ദ്രമായി അഡ്മിറ്റ് കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഫെബ്രുവരി പതിനേഴിനാണ് പരീക്ഷ നടന്നത്.
കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ 120-ല്‍ അധികം പേരെ ഉത്തര്‍പ്രദേശിന്റെ വിവിധഭാഗങ്ങളില്‍നിന്ന് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ടുദിവസത്തിനിടെയാണ് അറസ്റ്റുകളുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

