ബംഗളൂരു: അഞ്ചുവർഷവും എച്ച്.ഡി. കുമാരസ്വാമി തന്നെയായിരിക്കും മുഖ്യമന്ത്രി എന്ന കാര്യത്തിൽ കോൺഗ്രസും ജെ.ഡി.എസും ചർച്ചചെയ്ത് അന്തിമ ധാരണയിലെത്തിയിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര. കുമാരസ്വാമി അഞ്ചുവർഷവും മുഖ്യമന്ത്രിയായിരിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഏതെല്ലാം വകുപ്പുകൾ കോൺഗ്രസിനും ജെ.ഡി.എസിനും ലഭിക്കുമെന്നത് സംബന്ധിച്ചും തീരുമാനത്തിലെത്തിയിട്ടില്ല. അഞ്ചുവർഷവും ജെ.ഡി.എസിന് മുഖ്യമന്ത്രിപദം നൽകാൻ കോൺഗ്രസ് സന്നദ്ധമാകുമോ എന്ന ചോദ്യത്തിന് എല്ലാവശങ്ങളും പരിശോധിച്ച ശേഷം അക്കാര്യം തീരുമാനിക്കുമെന്നും സൽഭരണമാണ് വലിയ ലക്ഷ്യമെന്നും പി.സി.സി അധ്യക്ഷൻ കൂടിയായ അദ്ദേഹം പറഞ്ഞു.
30 മാസം വീതം ഇരുപാർട്ടികളും മുഖ്യമന്ത്രിപദം വീതംവെക്കുമെന്ന രീതിയിൽ വാർത്ത പ്രചരിച്ചത് കുമാരസ്വാമി കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു. വകുപ്പുകളുടെ കാര്യത്തിലും ഉപമുഖ്യമന്ത്രിപദം കിട്ടിയതിലും പല കോൺഗ്രസ് നേതാക്കളും അതൃപ്തരാണല്ലോ എന്ന ചോദ്യത്തിന് തന്നോടോ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോടോ ഇക്കാര്യം ആരും പറഞ്ഞിട്ടില്ലെന്നും പരമേശ്വര പ്രതികരിച്ചു.