ജഡ്ജി നിയമനത്തിൽ സുഖകരമല്ലാത്ത നിലപാട് എടുപ്പിക്കരുത്, നടപടി ആസ്വാദ്യകരമാവില്ല –കേന്ദ്രത്തോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ജഡ്ജി നിയമനത്തിൽ കേന്ദ്ര സർക്കാറിന് സുഖകരമല്ലാത്ത നിലപാട് തങ്ങളെക്കൊണ്ട് എടുപ്പിക്കരുതെന്ന് സുപ്രീംകോടതി വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകി. ഹൈകോടതി ജഡ്ജിമാരുടെ സ്ഥലം മാറ്റത്തിനുള്ള ശിപാർശകൾ ഇനിയും വെച്ചുതാമസിപ്പിച്ചാൽ തങ്ങൾ എടുക്കുന്ന നടപടി കേന്ദ്രത്തിന് ആസ്വാദ്യകരമാവില്ലെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ഓർമിപ്പിച്ചു. ജഡ്ജിമാരുടെ നിയമനത്തിലും സ്ഥലം മാറ്റത്തിലും തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാറിന് 10 ദിവസം അനുവദിച്ച് കേസ് 13ലേക്ക് മാറ്റി.
അഞ്ചു സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തിനുള്ള ശിപാർശ ഞായറാഴ്ചക്കകം ഉത്തരവായി ഇറങ്ങുമെന്നും രാഷ്ട്രപതിയുടെ മുന്നിലേക്ക് പോയിട്ടുണ്ടെന്നും കേന്ദ്ര സർക്കാറിനുവേണ്ടി അറ്റോണി ജനറൽ വെങ്കിട്ട രമണി അറിയിച്ചു. എന്നാൽ, ഹൈകോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിനുള്ള ഉത്തരവുമായി ബന്ധപ്പെട്ട വിഷയം അടുത്ത തവണ കേൾക്കാനായി മാറ്റിവെക്കണമെന്നായിരുന്നു എ.ജിയുടെ ആവശ്യം. ഇതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ സ്ഥലം മാറ്റ ശിപാർശകൾ നടപടി എടുക്കാതെ വെക്കുന്നത് ഏതാനും ജഡ്ജി നിയമനം വൈകിപ്പിക്കുന്നതിനേക്കൾ ഗൗരമേറിയ അതിക്രമമാണെന്ന് കേന്ദ്രത്തെ ഓർമിപ്പിച്ചു.
ഇനിയും സ്ഥലംമാറ്റ തീരുമാനം വൈകുന്നത് കോടതി നടപടിയിലാകും കലാശിക്കുകയെന്നും അത് കേന്ദ്രത്തിന് ആസ്വാദ്യകരമാവില്ലെന്നും ബെഞ്ച് ഓർമിപ്പിച്ചു. സ്ഥലം മാറ്റത്തിന് വളരെ മുമ്പ് ശിപാർശ ചെയ്യപ്പെട്ടവരിൽ ഒരു ജഡ്ജി ഈമാസം 19ന് വിരമിക്കുകയാണെന്ന് അറിയാമല്ലോ എന്ന് ബെഞ്ച് ചോദിച്ചു.
സ്ഥലം മാറ്റ ഉത്തരവ് നടപ്പാക്കാത്തത് തങ്ങളെ വല്ലാതെ പ്രശ്നത്തിലാക്കുന്നുണ്ട് എന്ന് ജസ്റ്റിസ് കൗൾ പറഞ്ഞു. ഒരു കോടതിയിൽ സേവനമനുഷ്ഠിക്കുന്ന ജഡ്ജിയെ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി കരുതുമ്പോൾ കേന്ദ്ര സർക്കാർ അത് നടപ്പാക്കാതിരിക്കുന്നത് മറ്റെന്തിനേക്കാളും ഗൗരവമേറിയ വിഷയമാണ്. പുതുതായി ജഡ്ജിയെ നിയമിക്കുന്ന കാര്യത്തിൽ കേന്ദ്രത്തിന് വല്ലതുമൊക്കെ പറയാനുണ്ടാകും. എന്നാൽ, സ്ഥലം മാറ്റത്തിലെന്താണ്? സ്ഥലംമാറ്റ കാര്യത്തിൽ മൂന്നാം കക്ഷിയെ കളിക്കാൻ അനുവദിക്കില്ലെന്ന് തങ്ങൾ നേരത്തേ പറഞ്ഞതാണ്. അതിനാൽ സുഖകരമല്ലാത്ത ഒരു നിലപാട് തങ്ങളെക്കൊണ്ട് എടുപ്പിക്കരുതെന്നും ജസ്റ്റിസ് കൗൾ കൂട്ടിച്ചേർത്തു.
തുടർന്ന് ബെഞ്ച് വെള്ളിയാഴ്ച ഇറക്കിയ ഉത്തരവിൽ ഇങ്ങനെ രേഖപ്പെടുത്തി: ഏറെക്കാലമായി സർക്കാറിന് മുന്നിൽ കെട്ടിക്കിടക്കുന്ന ഒരു കോടതിയിൽനിന്ന് മറ്റൊരു കോടതിയിലേക്കുള്ള ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിൽ മറ്റൊരു ചോദ്യമുദിക്കുന്നില്ലെന്ന് അവസാന വാദം കേൾക്കലിൽ എ.ജിയോട് കോടതി പറഞ്ഞതാണ്. കാരണം, ഇതിൽ സർക്കാറിന് ഒരു റോളുമില്ല. ഇതിൽ ഇനിയും ഏതെങ്കിലും തരത്തിൽ കാലതാമസമുണ്ടായാൽ സർക്കാറിന് ആസ്വാദ്യകരമല്ലാത്ത ഭരണപരമായ കോടതി നടപടികളിലാണ് അത് കലാശിക്കുക.
അഞ്ച് സുപ്രീംകോടതി ജഡ്ജിമാർ ഞായറാഴ്ചക്കകം -കേന്ദ്രം
ന്യൂഡൽഹി: അഞ്ച് സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തിന് കഴിഞ്ഞ വർഷം ഡിസംബർ 13ന് സുപ്രീംകോടതി കൊളീജിയം നൽകിയ ശിപാർശ ഈ ഞായറാഴ്ചക്കകം നടപ്പാക്കുമെന്ന് അറ്റോണി ജനറൽ വെങ്കിട്ട രമണി സുപ്രീംകോടതിയെ വെള്ളിയാഴ്ച അറിയിച്ചു. രാജസ്ഥാൻ ഹൈകോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പട്ന ഹൈകോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, മണിപ്പൂർ ഹൈകോടതി ചീഫ് ജസ്റ്റിസ് പി.വി സഞ്ജയ് കുമാർ, ഹൈകോടതി ജഡ്ജിമാരായ ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുല്ല (പട്ന), ജസ്റ്റിസ് മനോജ് മിശ്ര(അലഹബാദ്) എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള പഴയ ശിപാർശ രാഷ്ട്രപതിക്ക് മുന്നിലെത്തിയതായി എ.ജി വ്യക്തമാക്കി.
അഞ്ച് സുപ്രീംകോടതി ജഡ്ജിമാരെ നിയമിക്കാൻ ഡിസംബറിൽ നൽകിയ ശിപാർശ എന്തായെന്നും ഇതിപ്പോൾ ഫെബ്രുവരിയായല്ലോ എന്നും ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചപ്പോൾ ഉടൻ എന്നായിരുന്നു എ.ജിയുടെ മറുപടി. അതോടെ ‘സുപ്രീംകോടതിയിലെ അഞ്ച് ജഡ്ജിമാരുടെ നിയമന ഉത്തരവ് അഞ്ച് ദിവസത്തിനകം ഇറങ്ങുമെന്ന് എ.ജി അറിയിച്ചു’ എന്ന് രേഖപ്പെടുത്താൻ ബെഞ്ച് തുനിഞ്ഞപ്പോൾ ആ നീക്കം എ.ജി തടഞ്ഞു. സമയപരിധി രേഖപ്പെടുത്തരുതെന്നും നിയമനം നടക്കുകയാണ് എന്ന് രേഖപ്പെടുത്താമെന്നും എ.ജി ബോധിപ്പിച്ചു. നിയമനം നടക്കുകയാണ് എന്ന് പറയുകയല്ലാതെ എന്നാണിത് നടക്കുകയെന്ന് ജ. കൗൾ തിരിച്ചടിച്ചു. അടുത്ത വെള്ളിയാഴ്ചത്തോടെ എങ്കിലും എ.ജി സുവാർത്ത അറിയിക്കുമെന്ന് ബെഞ്ച് പ്രതീക്ഷ പ്രകടിപ്പിച്ചപ്പോൾ ഒരാഴ്ച പോരെന്നായി വെങ്കിട്ടരമണി. പത്തു ദിവസം തരാമെന്നായി സുപ്രീംകോടതി. അഞ്ച് സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തിനും ഹൈകോടതി ജഡ്ജിമാരുടെ സ്ഥലം മാറ്റത്തിനും ഹൈകോടതി ചീഫ് ജസ്റ്റിസ് നിയമനത്തിനും 10 ദിവസം കൂടി നൽകുകയാണെന്ന് ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

