ന്യൂഡൽഹി: രാജ്യത്തെ അഞ്ച് ദേശീയ പാർട്ടികൾക്കെല്ലാം കൂടി 299.54 കോടി രൂപയുെട വരുമാനം. ബി.എസ്.പി, സി.പി.എം, എൻ.സി.പി, തൃണമൂൽ കോൺഗ്രസ്, സി.പി.െഎ എന്നീ പാർട്ടികൾ തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച 2016-17 വർഷത്തെ വരവുചെലവ് കണക്ക് പ്രകാരമാണിത്. ഇതിൽ ഏറ്റവും കൂടുതൽ വരുമാനം ബി.എസ്.പിക്ക്- 173.58 കോടി. അഞ്ച് പാർട്ടികളുടെയും ആകെ വരുമാനത്തിെൻറ 57.95 ശതമാനം. രണ്ടാമത് സി.പി.എമ്മാണ്- 100.26 കോടി രൂപ. എല്ലാ പാർട്ടികളുടെയും വരുമാനത്തിെൻറ 33.46 ശതമാനം വരുമിത്. എൻ.സി.പി (17.235 കോടി), തൃണമൂൽ കോൺഗ്രസ് (6.39 കോടി). 2.079 കോടി രൂപ മാത്രം വരുമാനമുള്ള സി.പി.െഎയാണ് പിന്നിൽ. മൊത്തം വരുമാനത്തിെൻറ 0.69 ശതമാനം മാത്രം.
എന്നാൽ, മുഖ്യ ദേശീയ പാർട്ടികളായ ബി.ജെ.പിയും കോൺഗ്രസും ഇതുവരെ കണക്കുകൾ സമർപ്പിക്കാൻ തയാറായിട്ടിെല്ലന്ന് റിപ്പോർട്ട് പുറത്തുവിട്ട അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് വ്യക്തമാക്കി. 2017 ഒക്ടോബർ 30 ആയിരുന്നു ഒാഡിറ്റ് ചെയ്ത് വിവരങ്ങൾ സമർപ്പിക്കേണ്ട അവസാന ദിനം. സി.പി.എമ്മും ബി.എസ്.പിയും തൃണമൂലൂം കൃത്യം തീയതിയിൽതന്നെ കണക്കുകൾ സമർപ്പിച്ചപ്പോൾ സി.പി.െഎ 22 ദിവസം വൈകി. എൻ.സി.പി 2018 ജനുവരി 19നാണ് റിപ്പോർട്ട് സമർപ്പിച്ചത്. നിർദിഷ്ട തീയതിക്ക് മൂന്നു മാസത്തിനുശേഷവും ഫെബ്രുവരി ഏഴു വരെയും ബി.ജെ.പിയും കോൺഗ്രസും തങ്ങളുടെ കണക്കുകൾ വെളിപ്പെടുത്താൻ തയാറായിട്ടില്ല.
ഏറ്റവും കൂടുതൽ വരുമാനമുള്ള ബി.എസ്.പി പക്ഷേ, 30 ശതമാനം മാത്രം ചെലവഴിച്ചപ്പോൾ തൃണമൂൽ പ്രഖ്യാപിച്ച വരുമാനത്തിെൻറ 280 ശതമാനം (24.26 കോടി) അധികവും എൻ.സി.പി 45 ശതമാനവും (24.967 കോടി) അധികം ചെലവഴിച്ചു. സി.പി.എമ്മാവെട്ട വരുമാനത്തിെൻറ 94 ശതമാനവും ചെലവഴിച്ചു. 2015-16നും 2016-17നും ഇടയിൽ ബി.എസ്.പിയുടെ സമ്പാദ്യത്തിൽ 266.32 ശതമാനം (126.195 കോടി) കുതിപ്പാണുണ്ടായത്. 2015-16ൽ വരുമാനം 47.385 കോടിയായിരുന്നു. ഇൗ കാലയളവിൽ എൻ.സി.പിയുടെ വരുമാനം 88.63 ശതമാനവും (8.098 കോടി) വർധിച്ചു. എന്നാൽ, തൃണമൂൽ കോൺഗ്രസിെൻറ വരുമാനത്തിൽ 81.52 ശതമാനത്തിെൻറ (28.188 കോടി) കുറവുണ്ടായി. 2015-16ലെ വരുമാനം 34.578 കോടിയായിരുന്നു. സി.പി.എമ്മിെൻറ വരുമാനത്തിലും 6.72 ശതമാനത്തിെൻറ (7.224 കോടി) കുറവ് സംഭവിച്ചു.