മഹാരാഷ്ടയിലും എൻ.ഡി.എക്ക് തിരിച്ചടി; അജിത് പവാർ വിളിച്ച യോഗത്തിൽ അഞ്ച് എം.എൽ.എമാർ എത്തിയില്ല
text_fieldsമുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിളിച്ച യോഗത്തിൽ നിന്നും വിട്ടുനിന്ന് അഞ്ച് എം.എൽ.എമാർ. മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വിളിച്ചുചേർത്ത യോഗത്തിൽ നിന്നും അഞ്ച് പേർ വിട്ടുനിന്നുവെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് ചർച്ച ചെയ്യാനാണ് അജിത് പവാർ യോഗം വിളിച്ചത്.
എൻ.സി.പി അജിത് പവാർ വിഭാഗത്തിനുള്ളിൽ ആഭ്യന്തര കലഹമുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് അഞ്ച് എം.എൽ.എമാർ യോഗത്തിൽ നിന്നും വിട്ടുനിന്നത്. പാർട്ടിയിലെ നിരവധി എം.എൽ.എമാർ ശരത് പവാറിനൊപ്പം പോകാൻ ഒരുങ്ങുന്നുവെന്നും വാർത്തകളുണ്ടായിരുന്നു. ഇതിനിടെ എം.എൽ.എമാർ യോഗത്തിനെത്താത്തത് അജിത് പവാറിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ്.
ധർമ്മറാവു ബാബ അത്റാം, നർഹരി സിർവാൾ, സുനിൽ ടിംഗ്രെ, രാജേന്ദ്ര ഷിംഗനെ, അന്ന ബൻസോഡെ എന്നീ എം.എൽ.എമാരാണ് യോഗത്തിനെത്താത്തത്. ലോക്സഭ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ പേരിൽ എൻ.സി.പി അജിത് പവാർ വിഭാഗത്തിൽ കടുത്ത അതൃപ്തിയുണ്ട്. പാർട്ടി ശക്തികേന്ദ്രമായ ബാരാമതിയിൽ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ സുപ്രിയ സുലെയോട് തോറ്റത് കടുത്ത തിരിച്ചടിയായി.
നാല് ലോക്സഭ സീറ്റുകളിലാണ് മഹാരാഷ്ട്രയിൽ എൻ.സി.പി അജിത് പവാർ വിഭാഗം മത്സരിച്ചത്. ഇതിൽ ഒരെണ്ണത്തിൽ മാത്രമാണ് ജയിക്കാനായത്. റായ്ഗഢിൽ മാത്രമാണ് പാർട്ടിക്ക് നിലംതൊടാനായത്.നേരത്തെ 15ഓളം എം.എൽ.എമാർ അജിത് പവാർ വിഭാഗത്തിൽ നിന്നും കൂറുമാറി ശരത് പവാറിനൊപ്പമെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നിരവധി നേതാക്കൾ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് എൻ.സി.പി ശരത് പവാർ വിഭാഗം സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീൽ പറഞ്ഞിരുന്നു. എന്നാൽ, അവകാശവാദം തള്ളി അജിത് പവാർ രംഗത്തെത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

