ജെ.എൻ.യു കാമ്പസിൽ വിദ്യാർഥിനികൾക്ക് നേരെ പീഡന ശ്രമം, മർദനം; അഞ്ച് പ്രതികളിലൊരാൾ പിടിയിൽ
text_fieldsന്യൂഡൽഹി: ജെ.എൻ.യു കാമ്പസിൽ വിദ്യാർഥിനികൾക്കു നേരെ പീഡന ശ്രമം. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കാമ്പസിലെത്തിയ അഞ്ചംഗ സംഘം രണ്ടു വിദ്യാർഥികളെ പീഡിപ്പിക്കാൻ ശ്രമിക്കുകയും മറ്റൊരു പി.എച്ച്.ഡി വിദ്യാർഥിയെ മർദിക്കുകയും ചെയ്തു.
കാറിലെത്തിയ അഞ്ചംഗ സംഘം കാമ്പസിൽ ചുറ്റിത്തിരിയുകയും കാറിലിരുന്ന് മദ്യപിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പ്രതികളിലൊരാളെന്ന് സംശയിക്കുന്ന അഭിഷേക് എന്ന ബി.ടെക് വിദ്യാർഥികയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവരെ പിടികൂടാനായിട്ടില്ല. അഭിഷേക് മറ്റൊരു കോളജിലെ വിദ്യാർഥിയാണ്.
രാത്രി ഭക്ഷണശേഷം രണ്ട് വിദ്യാർഥിനികൾ കാമ്പസിനുള്ളിൽ തന്നെയുള്ള ക്വാർട്ടേഴ്സിലേക്ക് നടന്ന് പോകുമ്പോഴാണ് പീഡനശ്രമമുണ്ടായത്. ഈ സമയം എതിരെ ഒരു കാർ വന്ന് നിർത്തുകയും മദ്യപിച്ച നിലയിൽ രണ്ടുമൂന്നുപേർ കാറിൽ നിന്നിറങ്ങി പെൺകുട്ടികളെ പിടിച്ച് കാറിലേക്ക് കയറ്റാൻ ശ്രമിക്കുകയുമായിരുന്നു. അവർ ഒാടി രക്ഷപ്പെടാൻ നോക്കിയപ്പോൾ അവരെ പിടിച്ചുവെക്കൂവെന്ന് മറ്റൊരാൾ ആക്രോശിച്ചു. ബഹളത്തിനിടെ പ്രതികളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടികൾ കാമ്പസിലൂടെ ഓടുകയായിരുന്നു.
ഈ സംഭവം കണ്ട മറ്റൊരു വിദ്യാർഥി ഇതു സംബന്ധിച്ച് പൊലീസിൽ വിളിച്ച് പരാതി പറഞ്ഞു. സ്വിഫ്റ്റ് ഡിസയറാണ് കാറെന്ന് ആ വിദ്യാർഥിയാണ് പൊലീസിനെ അറിയിച്ചത്. പെൺകുട്ടികൾ പിറ്റേ ദിവസം രാവിലെയാണ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. കാറിൽ അഞ്ചുപേരുണ്ടായിരുന്നെന്നും അവർ മദ്യപിച്ച നിലയിലായിരുന്നെന്നും പെൺകുട്ടികൾ ആരോപിച്ചു.
അതേ ദിവസം തന്നെ കാമ്പസിൽ ഇതേ ആളുകൾ മറ്റൊരു പി.എച്ച്.ഡി വിദ്യാർഥിയെ മർദിക്കുകയും ചെയ്തു. കാറിന്റെ ഡോറുകളെല്ലാം തുറന്നിട്ട് ഐസ്ക്രീം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു ഈ പ്രതികൾ. ഈ സമയം അതുവഴി പോയ വിദ്യാർഥി കാറിന്റെ ഡോർ അടക്കാൻ ആവശ്യപ്പെട്ടു. അതു സംബന്ധിച്ച തർക്കമാണ് മർദനത്തിൽ കലാശിച്ചത്. മർദനമേറ്റ വിദ്യാർഥിയെ പൊലീസ് വൈദ്യപരിശോധനക്ക് വിധേയനാക്കി.
കാമ്പസിനുള്ളിലേക്കുള്ള പ്രവേശന കവാടത്തിലെ രജിസ്റ്ററിൽ നിന്ന് കാറിന്റെ വിവരങ്ങൾ പെലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് പിടികൂടിയ പ്രതി അഭിഷേക് അന്നേ ദിവസം പലതവണ കാമ്പസിൽ വന്നിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. ജെ.എൻ.യു വിദ്യാർഥിയായ സുഹൃത്തിനെ സന്ദർശിക്കാനാണ് താൻ പലതവണ കാമ്പസ് സന്ദർശിച്ചതെന്നണ് പ്രതിയുടെ അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

