സംഭലിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം വീതം പ്രഖ്യാപിച്ച് ജംഇയ്യത്
text_fieldsന്യൂഡൽഹി: സംഭലിലെ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം വീതം സഹായധനം നൽകുമെന്ന് ജംഇയ്യത് ഉലമായെ ഹിന്ദ്. പ്രദേശവാസികൾക്കെതിരെയുണ്ടായ അതിക്രമങ്ങളിൽ ജംഇയ്യത് പ്രസിഡന്റ് മൗലാന മഹമൂദ് മദനി അപലപിച്ചു. പരിക്കേറ്റവർക്ക് ചികിത്സസഹായം നൽകും. ദുരിതബാധിതരായ കുടുംബങ്ങൾക്ക് ആവശ്യമായ ഇതര സഹായങ്ങൾ ഉറപ്പുവരുത്തുമെന്നും മൗലാന മഹമൂദ് മദനി പറഞ്ഞു. ഇരകൾക്കും തടവുകാർക്കും നിയമസഹായം നൽകുന്നതിന് നിയമസമിതി രൂപവത്കരിക്കുമെന്നും സംഘടന നേതൃത്വം അറിയിച്ചു.
സഹായപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ജംഇയ്യതുൽ ഉലമായെ സംഭൽ പ്രസിഡൻറ് ഹാഫിസ് മുഹമ്മദ് ഷാഹിദ് അധ്യക്ഷനായി സംഭൽ, അംറോഹ, മൊറാദാബാദ് ജില്ലകളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി ദുരിതാശ്വാസ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന മൊറാദാബാദിലെ ടി.എം.യു ആശുപത്രി വ്യാഴാഴ്ച ജംഇയ്യത് ഉലമായെ ഹിന്ദ് ജനറൽ സെക്രട്ടറി മൗലാന ഹക്കീമുദ്ദീൻ ഖാസ്മിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. കസ്റ്റഡിയിലുള്ളവരുടെ മൊഴികൾ മാറ്റാൻ പൊലീസ് നിർബന്ധിക്കുകയാണ്. ഇത് നിയമവിരുദ്ധവും അന്യായവുമാണെന്ന് ഖാസ്മി പറഞ്ഞു. മൗലാന ഹക്കീമുദ്ദീൻ ഖാസ്മി, മൗലാനാ ഖാരി ഷൗക്കത്ത് അലി, മുഫ്തി അഫാൻ മൻസൂർപുരി, ഹാഫിസ് മുഹമ്മദ് ശാഹിദ് (കൺവീനർ), മൗലാന അനസ്, ഖാരി യാമിൻ (അംറോഹ), മൗലാന അബ്ദുൾ ഗഫൂർ, ഹാഫിസ് ദിൽദാർ, മുഫ്തി അർബാബ്, മൗലാന ഗായൂർ അഹമ്മദ് ഖാസ്മി (ഡൽഹി), മൗലാന ഗയൂർ അഹമ്മദ് ഖാസ്മി, മൗലാന ഷഫീഖ് അഹമ്മദ് ഖാസ്മി, മൗലാന വഹീദുസ് സമാൻ ഖാസ്മി എന്നിവർ അടങ്ങുന്നതായിരുന്നു പ്രതിനിധി സംഘം.
സംഭൽ മസ്ജിദിൽ പോകരുതെന്ന് അഡ്വക്കറ്റ് കമീഷണറോട് കോടതി
ന്യൂഡൽഹി: സംഭൽ ശാഹി ജമാ മസ്ജിദ് പണിതത് ക്ഷേത്രാവശിഷ്ടങ്ങളിലാണോ എന്ന് പരിശോധിക്കാനായി വീണ്ടും പള്ളി സന്ദർശിക്കരുതെന്ന് അഡ്വക്കറ്റ് കമീഷണർ രാകേഷ് സിങ് രാഘവിനോട് സംഭൽ കോടതി ആവശ്യപ്പെട്ടു. സർവേ റിപ്പോർട്ടായില്ലെന്നും കൂടുതൽ സമയം വേണമെന്നും അഡ്വക്കറ്റ് കമീഷണർ ആവശ്യപ്പെട്ടപ്പോൾ സർവേ റിപ്പോർട്ട് 10 ദിവസത്തിനകം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. ജനുവരി എട്ടിന് കേസ് വീണ്ടും പരിഗണിക്കുമെന്നും ജഡ്ജി ആദിത്യ സിങ് വ്യക്തമാക്കി. കോടതി ഉത്തരവിട്ട 19ന് രാത്രി തന്നെ പള്ളിക്കുള്ളിൽ സർവേ നടത്തിയ അഡ്വക്കറ്റ് കമീഷണർ 24ന് ജില്ല കലക്ടർക്കും വൻ പൊലീസ് സന്നാഹത്തിനുമൊപ്പം വന്ന് രണ്ടാമതും നടത്തിയ സർവേയാണ് വർഗീയ സംഘർഷത്തിലും അഞ്ച് മുസ്ലിം യുവാക്കളുടെ മരണത്തിലും കലാശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.