വൈദ്യുതിതടസം: 49 പേർക്ക് ആയുഷ് പി.ജി പ്രവേശന പരീക്ഷ പൂർത്തിയാക്കാനായില്ല
text_fieldsജയ്പുർ: വൈദ്യുതി തടസ്സംമൂലം രാജസ്ഥാൻ ട്രാൻസ്പോർട്ട് നഗറിലെ സത്യസായി പി.ജി കോളജിൽ 49 വിദ്യാർഥികൾക്ക് ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രവേശനപരീക്ഷ പൂർത്തിയാക്കാനായില്ല. പരീക്ഷ നടക്കുമ്പോൾ 20 മിനിറ്റോളം വൈദ്യുതി മുടങ്ങിയതായി വിദ്യാർഥികൾ പറഞ്ഞു. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ രാവിലെ 10 മുതലാണ് നിശ്ചയിച്ചിരുന്നത്. മൊത്തം 192 പരീക്ഷാർഥികളാണ് ഉണ്ടായിരുന്നത്. പരമ്പരാഗത ഇന്ത്യൻ വൈദ്യശാസ്ത്ര, ഹോമിയോപ്പതി വിഭാഗങ്ങളിലെ എം.ഡി, എം.എസ്, പി.ജി ഡിപ്ലോമ കോഴ്സുകളിലേക്കാണ് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ നടത്തിയത്.
പരീക്ഷ പൂർത്തിയാക്കാൻ കഴിയാത്തവർക്കായി സെപ്റ്റംബർ ഒന്നിന് രാജസ്ഥാൻ കോളജ് ഓഫ് എൻജിനീയറിങ് ഫോർ വിമനിൽ പുനഃപരീക്ഷ നടത്തുമെന്ന് എൻ.ടി.എ അധികൃതർ അറിയിച്ചു. ഈ കേന്ദ്രത്തിൽ പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഏജൻസിയായ എജൂക്വിറ്റി കരിയർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വീഴ്ചയാണ് വൈദ്യുതി തടസ്സത്തിന് കാരണമെന്ന് എൻ.ടി.എ കുറ്റപ്പെടുത്തി.
വൈദ്യുതി തടസത്തെത്തുടർന്ന് നിരവധി കമ്പ്യൂട്ടറുകൾ പ്രവർത്തനരഹിതമായെന്ന് വിദ്യാർഥികൾ ആരോപിച്ചു. ഷോർട്ട് സർക്യൂട്ട് മൂലമാണ് വൈദ്യുതി തടസ്സമെന്നും ഉടൻ പുനഃസ്ഥാപിക്കുമെന്നും ഇൻവിജിലേറ്റർ വിശദീകരിച്ചത്രെ. എന്നാൽ, ഏറെനേരം കഴിഞ്ഞിട്ടും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചില്ല. തുടർന്ന് വിദ്യാർഥികൾ പുറത്തിറങ്ങുകയും പ്രതിഷേധിക്കുകയും ചെയ്തു.
വൈദ്യുതി തടസമുണ്ടായപ്പോൾ ചില വിദ്യാർഥികൾ പരസ്പരം സംസാരിക്കുകയും കോപ്പിയടിക്കുകയും ചെയ്തതായി ആരോപണമുണ്ട്. സെന്ററിലെ നിരീക്ഷകന്റെ സാന്നിധ്യത്തിലാണ് ക്രമക്കേട് നടന്നതെന്നും അദ്ദേഹം ഇടപെട്ടില്ലെന്നും വിദ്യാർഥികൾ പറയുന്നു. വൈദ്യുതി തടസ്സമുണ്ടായപ്പോൾ ബദൽ സൗകര്യമൊരുക്കാൻ കഴിഞ്ഞില്ലെന്നും ഇക്കാര്യം എൻ.ടി.എക്ക് റിപ്പോർട്ട് ചെയ്യുമെന്നും നിരീക്ഷകൻ അറിയിച്ചു. രാജ്യത്തുടനീളം 200 കേന്ദ്രങ്ങളിലായി ശനിയാഴ്ച നടന്ന പരീക്ഷയുടെ ആദ്യ ഷിഫ്റ്റിൽ രജിസ്റ്റർ ചെയ്ത 36,979 വിദ്യാർഥികളിൽ 35,837 പേർ പങ്കെടുത്തതായി എൻ.ടി.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

