487 ഇന്ത്യക്കാരെ കൂടി നാടു കടത്താൻ അമേരിക്ക
text_fieldsന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരായ 487 ഇന്ത്യക്കാരെ കൂടി നാടുകടത്താനുള്ള അന്തിമ ഉത്തരവ് ഇറങ്ങിയെന്ന് അമേരിക്ക ഇന്ത്യയെ അറിയിച്ചെന്ന് കേന്ദ്ര വിദേശ സെക്രട്ടറി. ഇതിൽ 298 ഇന്ത്യൻ പൗരന്മാരെ കുറിച്ചുള്ള വിവരങ്ങൾ അവർ കൈമാറിയിട്ടുണ്ട്. അത് പരിശോധിക്കുകയാണെന്നും വിക്രം മിസ്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
എണ്ണം സംബന്ധിച്ച മറ്റു വിവരങ്ങൾ തനിക്ക് സ്ഥിരീകരിക്കാനാവില്ലെന്നും അദ്ദേഹം തുടർന്നു. ഫ്രാൻസ് സന്ദർശനത്തിനു ശേഷം 12, 13 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിക്കും. പ്രസിഡൻറ് ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്തുമെന്നും വിദേശ സെക്രട്ടറി അറിയിച്ചു.അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ ചങ്ങലയിട്ട് കൊണ്ടുവന്നത് സാധാരണ നടപടി ക്രമത്തിന്റെ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനെ പോലെ വിദേശ സെക്രട്ടറിയും ന്യായീകരിച്ചു. അതേസമയം, ഇത്തവണത്തെ നാടുകടത്തലിന് നേരിയ വ്യത്യാസമുണ്ടെന്നും വിദേശ സെക്രട്ടറി കൂട്ടിച്ചേർത്തു. ദേശീയ സുരക്ഷാ ഓപറേഷൻ എന്ന് പേരിട്ട നാടുകടത്തലാണ് ഇത്തവണത്തേത്. അതുകൊണ്ടാണ് സൈനിക വിമാനത്തിൽ ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്നത്. കൊളംബിയയെപോലെ യാത്രാവിമാനം ഇന്ത്യ അയക്കുമോ എന്ന ചോദ്യത്തിന് ബദൽ മാർഗങ്ങൾ പരിഗണിക്കുമെന്ന് വിക്രം മിസ്രി മറുപടി നൽകി.
മാന്യമായ പെരുമാറ്റം ആവശ്യപ്പെടും
ബ്രസീൽ നടത്തിയതുപോലുള്ള പ്രതിഷേധം ഇന്ത്യ നടത്തിയോ എന്ന ചോദ്യത്തിന് ആശങ്ക അറിയിച്ചെന്ന് വിദേശ സെക്രട്ടറി മറുപടി നൽകി.
നാടുകടത്തുന്ന ഇന്ത്യക്കാരോട് മാന്യമായ പെരുമാറ്റം വേണമെന്ന് ആവശ്യപ്പെടും. അപമര്യാദയായി പെരുമാറിയത് ശ്രദ്ധയിൽപ്പെടുത്തും. 2012ൽ ഇതേരീതിയിൽ കൊണ്ടുവന്നിരുന്നെങ്കിലും അന്ന് പ്രതിഷേധമുണ്ടായിരുന്നില്ല. അടിസ്ഥാനപരമായി നിയമവിരുദ്ധ കുടിയേറ്റമാണ് പ്രശ്നം. നിയമവിരുദ്ധ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന ചില സംഘങ്ങളുണ്ട്. ആളുകളിൽനിന്ന് പണം വാങ്ങി കയറ്റിവിടുന്ന ഇവരെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രിതന്നെ പറഞ്ഞിട്ടുണ്ട്.
അമേരിക്കയുമായി സമ്പർക്കത്തിൽ
ഇക്കാര്യത്തിൽ ആശയവിനിമയം തുടരുന്നുണ്ട്. അമേരിക്കൻ അധികൃതരുമായി ഇന്ത്യ സമ്പർക്കത്തിലാണ്. ഒന്നോ രണ്ടോ സംഭാഷണങ്ങൾകൊണ്ട് അവസാനിക്കുന്നതല്ല ഇത്. അനധികൃത കുടിയേറ്റക്കാരെ തിരിച്ചുകൊണ്ടുപോകാൻ സഹകരിക്കാത്ത രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയെ ഉൾപ്പെടുത്തിയത് അംഗീകരിക്കില്ലെന്നും ഒരുരാജ്യവും തങ്ങളുടെ പൗരന്മാരെ തിരികെ കൊണ്ടുപോകാതിരിക്കില്ലെന്നും ഇതിൽ നിയമ, സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നും വിദേശ സെക്രട്ടറി പറഞ്ഞു.
104 പേരുമായി വന്ന യു.എസ് സൈനിക വിമാനംപോലെ എത്ര വിമാനങ്ങൾ ഇനിയും ഇന്ത്യക്കാരുമായി എത്തുമെന്ന ചോദ്യത്തിന് പറഞ്ഞ കണക്കു പ്രകാരം എത്ര പേർക്ക് എത്ര വിമാനങ്ങൾ വേണ്ടി വരുമെന്ന് കണക്കുകൂട്ടി നോക്കണമെന്ന് മിസ്രി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

