സിലിണ്ടറൊന്നിന് 12,500 രൂപ; ഡൽഹിയിൽ കരിചന്തയിൽ വിൽക്കാൻ സൂക്ഷിച്ച ഓക്സിജൻ പിടിച്ചെടുത്തു
text_fieldsന്യൂഡൽഹി: രാജ്യത്ത് ഓക്സിജൻ ക്ഷാമം അതിരൂക്ഷമാകുന്നതിനിടെ ഡൽഹിയിലെ ഒരു വീട്ടിൽ നിന്ന് 48 ഓക്സിജൻ സിലിണ്ടറുകൾ പൊലീസ് പിടിച്ചെടുത്തു. 32 വലിയ സിലിണ്ടറുകളും 16 ചെറിയ സിലിണ്ടറുകളുമാണ് പിടിച്ചെടുത്തത്. സൗത്ത്-വെസ്റ്റ് ഏരിയയിലായിരുന്നു റെയ്ഡ്.
വ്യവസായങ്ങൾക്ക് ഉപയോഗിക്കുന്ന ഓക്സിജൻ വിതരണം ചെയ്യുന്ന അനിൽ കുമാർ എന്നയാളുടെ വീട്ടിൽ നിന്നാണ് സിലിണ്ടറുകൾ പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, ഇയാൾക്ക് വ്യവസായങ്ങൾക്ക് ഉപയോഗിക്കാനുള്ള ഓക്സിജൻ വിൽക്കാനുള്ള ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
വലിയ ഓക്സിജൻ സിലിണ്ടറുകളിൽ നിന്ന് ചെറിയതിലേക്ക് മാറ്റിയാണ് ഇയാൾ ഓക്സിജൻ വിൽപന നടത്തിയിരുന്നത്. സിലിണ്ടറൊന്നിന് 12,500 രൂപ വരെ ഈടാക്കിയിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആവശ്യക്കാർക്ക് പിടിച്ചെടുത്ത ഓക്സിജൻ വിതരണം ചെയ്യുമെന്ന് ഡൽഹി െപാലീസ് അറിയിച്ചു.

