Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊടുംകാട്ടിലൂടെ 60...

കൊടുംകാട്ടിലൂടെ 60 കി.മീ നടത്തം, താണ്ടാനെടുത്തത് 48 മണിക്കൂർ; 31 മാവോവാദികൾ കൊല്ലപ്പെട്ട ഓപറേഷൻ നടന്നതിങ്ങനെ

text_fields
bookmark_border
കൊടുംകാട്ടിലൂടെ 60 കി.മീ നടത്തം, താണ്ടാനെടുത്തത് 48 മണിക്കൂർ; 31 മാവോവാദികൾ കൊല്ലപ്പെട്ട ഓപറേഷൻ നടന്നതിങ്ങനെ
cancel

ബിജാപ്പൂർ: കൊടുംകാട്ടിലൂടെ 60 കി.മീ ദൂരം നടന്നാണ് ഛത്തീസ്ഗഢിലെ ഇന്ദ്രാവതി ദേശീയ പാർക്കിൽ ഞായറാഴ്ച നടന്ന മാവോവാദി വേട്ടക്ക് തങ്ങൾ എത്തിയതെന്ന് സൈന്യം. അബുജ്മദ്, ഇന്ദ്രാവതി ദേശീയോദ്യാനം എന്നിവിടങ്ങളിലെ കാടുകളിലൂടെ 48 മണിക്കൂർ സമയമെടുത്താണ് ഈ ദൂരം പിന്നിട്ടത്. സുരക്ഷാ സേനയുടെ അപ്രതീക്ഷിത ആക്രമണത്തിൽ 11 സ്ത്രീകളുൾപ്പെടെ 31 മാവോവാദികൾക്കും രണ്ട് സൈനികർക്കും ജീവൻ നഷ്ടമായി.

കൊല്ലപ്പെട്ട ജവാൻമാരായ ജില്ലാ റിസർവ് ഗാർഡിലെ ഹെഡ് കോൺസ്റ്റബിൾ നരേഷ് ദ്രുവ്, പ്രത്യേക ടാസ്‌ക് ഫോഴ്‌സിലെ കോൺസ്റ്റബിൾ ബാസിത് റാവ്‌തെ എന്നിവർ മുമ്പ് ഒരു ഡസനിലധികം മാവോവാദി ഏറ്റുമുട്ടലുകളുടെ ഭാഗമായിരുന്നവരാണെന്ന് ബിജാപൂർ ജില്ല പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ യാദവ് പറഞ്ഞു. മാവോവാദി വിരുദ്ധ പ്രവർത്തനങ്ങളിൽ വൈദഗ്ധ്യം നേടിയ സംസ്ഥാനതല സേനകളായ ഡിആർജി, എസ്ടിഎഫ്, ബസ്തർ ഫൈറ്റേഴ്‌സ് എന്നിവയിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംയുക്ത സംഘത്തിന്റെ ഭാഗമായിരുന്നു ഇരുവരും.

സംസ്ഥാനത്ത് മാവോവാദികൾക്കെതിരെ നടന്ന ഏറ്റവും കനത്ത ഏറ്റുമുട്ടലാണ് ഛത്തീസ്ഗഢിലെ ഇന്ദ്രാവതി ദേശീയ പാർക്കിൽ ഞായറാഴ്ച നടന്ന മാവോവാദി ഓപറേഷൻ. ദേശീയോദ്യാനത്തിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യം സംബന്ധിച്ച വിവരം ലഭിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ചയാണ് ഓപറേഷൻ ആരംഭിച്ചത്.

‘പ്രദേശത്ത് ബേസ് ക്യാമ്പുകൾ ഇല്ല എന്നതാണ് സുരക്ഷാ സേന നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ഏറ്റവും അടുത്ത പൊലീസ് ക്യാമ്പ് ഏകദേശം 30-35 കിലോമീറ്റർ അകലെയാണ്. ഇന്ദ്രാവതി ദേശീയോദ്യാനം, അഭുജ്മദ് പ്രദേശങ്ങൾ പോലുള്ള ദുർഘടമായ ഭൂപ്രദേശങ്ങളിലെ നക്സൽ താവളങ്ങിലെത്തിച്ചേരാൻ സേനക്ക് 60 കിലോ മീറ്റർ നടക്കേണ്ടി വന്നു. നൂതന സാങ്കേതിക വിദ്യയും പരമ്പരാഗത മാർഗങ്ങളും കൂടിച്ചേർന്നതായിരുന്നു കരസേനയുടെ ഓപറേഷൻ’ -ബസ്തർ റേഞ്ച് പൊലീസ് ഇൻസ്പെക്ടർ ജനറൽ പി. സുന്ദർരാജ് പറഞ്ഞു.

2023 മുതൽ സുരക്ഷാ സേനയുടെ തുടർച്ചയായുള്ള പ്രവർത്തനങ്ങൾ മാവോവാദികൾക്കിടയിൽ വിള്ളൽ വീഴ്ത്തിയിട്ടുണ്ടെന്നും മുതിർന്ന മാവോയിസ്റ്റ് നേതാക്കളുടെ എണ്ണത്തിൽ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

‘മുതിർന്ന നക്സൽ നേതാക്കൾ സൈനിക നടപടികളെ പ്രതിരോധിക്കാൻ പ്രാദേശിക കേഡറുകളെ മനുഷ്യ കവചമായി ഉപയോഗിക്കുകയും ഇടതൂർന്ന വനത്തിലൂടെ ഓടി രക്ഷപ്പെടുകയും ചെയ്യുന്ന തന്ത്രമാണ് ഇത്രയും കാലം ഉപയോഗിച്ചിരുന്നത്. എന്നാൽ ഇത്തവണ അവർക്ക് ഓടി രക്ഷപ്പെടാൻ കഴിഞ്ഞില്ല’ -ഐ.ജി പറഞ്ഞു. ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന കേഡർമാരെ സംരക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്താൻ പ്രാദേശിക കേഡർമാർക്ക് ഇനി കഴിയില്ലെന്നതിൻറെ സൂചനയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ചത്തെ ഏറ്റുമുട്ടലിനെ തുടർന്ന് എകെ 47, എസ്എൽആർ, ഇൻസാസ്, 303, 315 ബോർ എന്നിവയടക്കം നിരവധി തോക്കുകൾ, ആറ് ബാരൽ ഗ്രനേഡ് ലോഞ്ചറുകൾ (ബിജിഎൽ), 14 ഷെല്ലുകൾ, ഒമ്പത് ഐഇഡികൾ, നിരവധി തിരകൾ എന്നിവ സൈന്യം പിടികൂടി.

‘മാവോവാദി വേട്ടയിൽ ഇതുവരെ ലഭിച്ചതിൽ ഏറ്റവും വലിയ ബാരൽ ഗ്രനേഡ് ലോഞ്ചറുകൾ ആണ് ഞായറാഴ്ച കണ്ടെത്തിയത്. ഇത്തരം ആയുധം ഉപയോഗിച്ചാണ് അടുത്ത കാലത്ത് പൊലീസ് ക്യാമ്പുകൾക്ക് നേരെ ആക്രമണം നടത്തിയത്’ -സുന്ദർ രാജ് പറഞ്ഞു.

കൊല്ലപ്പെട്ട 31 മാവോവാദികളിൽ ബസ്തർ ഡിവിഷൻ സെക്രട്ടറി ഹുങ്ക കർമ അടക്കം അഞ്ചുപേരെ ഇതുവരെ തിരിച്ചറിഞ്ഞു. സൈന്യത്തിനെതിരെ നിരവധി ആക്രമണങ്ങളിൽ ഹുങ്ക കർമ ഭാഗമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹുങ്കയെ കുറിച്ച് വിവരം നൽകുന്നവർക്ക് നേരത്തെ എട്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Moaist Encounter
News Summary - 48 hours walk thorugh the jungle; how 31 maoist killed operation done
Next Story