രാജ്യത്ത് 47,000 കുട്ടികൾ ഇപ്പോഴും കാണാമറയത്ത്; പൊലീസിനോട് അടിയന്തര മറുപടി തേടി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: രാജ്യത്ത് 47,000ത്തിലധികം കുട്ടികളെ ഇനിയും കണ്ടെത്താനാകാത്ത സാഹചര്യത്തിൽ, കേസുകളിൽ പൊലീസിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉറപ്പാക്കാൻ സുപ്രീംകോടതിയുടെ കർശന നിർദേശം. കുട്ടികളെ കാണാതായാൽ ഇനിമുതൽ യാതൊരുവിധ നിസ്സാരവൽക്കരണവും പാടില്ലെന്നും, ഭാരതീയ ന്യായ സംഹിതയിലെ തട്ടിക്കൊണ്ടുപോകൽ വകുപ്പ് ചുമത്തി ഉടനടി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്നും കോടതി ഉത്തരവിട്ടു.
സംഘടിത അന്തർസംസ്ഥാന മനുഷ്യക്കടത്ത് സംഘങ്ങൾ വർധിച്ചിരിക്കെ, കുട്ടികളെ കാണാതാകുന്ന കേസുകൾ അധികരിക്കുന്നതിൽ ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുല്ല അധ്യക്ഷനായ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഡി.ജി.പിമാർക്ക് കോടതി കർശന നിർദേശം നൽകി.
മനുഷ്യക്കടത്ത് തടയുന്നതിനുള്ള പ്രത്യേക വിങ്ങായ 'ആന്റി ഹ്യൂമൻ ട്രാഫിക്കിങ് യൂനിറ്റുകൾക്ക്' ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും അധികാരങ്ങളും നൽകി നാല് ആഴ്ചയ്ക്കകം പൂർണണ്ണ സജ്ജമാക്കണമെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ആർ. മഹാദേവൻ കൂടി ഉൾപ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.
മനുഷ്യക്കടത്ത്, സ്ത്രീകളെയും കുട്ടികളെയും കാണാതാകൽ എന്നിവ തടയുന്നതിനായി രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളെയും ബന്ധിപ്പിച്ചുകൊണ്ട് ഒരു 'അഖിലേന്ത്യാ ഗ്രിഡ്' രൂപവത്കരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് സുപ്രീംകോടതി നിർദേശിച്ചു. ഇതിനായി പ്രത്യേക പോർട്ടൽ തയാറാക്കണം. നിലവിൽ വിവിധ സംഘടനകളുടെ പക്കലുള്ള ഡേറ്റബേസുകൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ സംയോജിപ്പിക്കണം. പൊലീസ് അധികാരികൾ, ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ, ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റുകൾ, ചൈൽഡ് കെയർ സ്ഥാപനങ്ങൾ എന്നിവർക്കിടയിൽ തത്സമയം വിവരങ്ങൾ കൈമാറാൻ ഈ സംവിധാനം വഴി സാധിക്കണമെന്നും കോടതി ഉപദേശിച്ചു.
2011 സെപ്റ്റംബർ 19ന് ചെന്നൈയിൽനിന്ന് കാണാതായ ഒരു തമിഴ്‌നാട് സ്വദേശിയായ പെൺകുട്ടിയുടെ കേസ് പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ.
"ഇതൊരു ഭീമമായ പ്രശ്നമാണ്. ഇതിന്റെ ഗൗരവം ആരും മനസ്സിലാക്കുന്നില്ല. യാഥാർഥ്യങ്ങൾക്ക് നേരെ നമുക്ക് എങ്ങനെ കണ്ണടയ്ക്കാനാകും?" എന്ന് ബെഞ്ച് ചോദിച്ചു. കുട്ടിയെ കണ്ടെത്താനാകാത്തതിനെ തുടർന്ന് കേസ് 'കണ്ടെത്താനാകാത്തത്' എന്ന് കാണിച്ച് പൊലീസ് ക്ലോഷർ റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെതിരെയുള്ള ഹരജിയിൽ ഇടപെടാൻ 2025 മാർച്ചിൽ മദ്രാസ് ഹൈകോടതി വിസമ്മതിച്ചതോടെയാണ് കുട്ടിയുടെ പിതാവ് ജി. ഗണേഷ് സുപ്രീംകോടതിയെ സമീപിച്ചത്.
സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. കാണാതായ ഒരു കുട്ടിയെ അല്ലെങ്കിൽ വ്യക്തിയെ കണ്ടെത്തിയാൽ ഉടൻ തന്നെ തിരിച്ചറിയൽ രേഖകൾ മുഖേനയോ പുതിയ കാർഡ് എടുത്തോ കൃത്യമായ വെരിഫിക്കേഷൻ നടത്തണം. കുടുംബത്തിന് മനുഷ്യക്കടത്തിലോ ചൂഷണത്തിലോ പങ്കുണ്ടെന്ന് സംശയമില്ലാത്ത പക്ഷം, കുട്ടിയെ താമസംവിനാ കുടുംബത്തിന് കൈമാറണം. കുടുംബത്തിന് പങ്കുണ്ടെന്ന് കണ്ടാൽ കുട്ടിയുടെ സംരക്ഷണ ചുമതല സംസ്ഥാന സർക്കാറിനും ചൈൽഡ് വെൽഫെയർ കമ്മിറ്റികൾക്കുമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

